ചാലക്കുടി : കേന്ദ്രമായി സ്ഥാപിച്ച എസ്.എൻ നിധിയുടെ ഔദ്യോഗിക ഉദ്ഘാടനം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ 9ന് ക്രസന്റ് പബ്ലിക് സ്‌കൂളിന് സമീപമുള്ള ഓഫീസ് അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ സ്വാമി സച്ചിദാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. എസ്.എൻ ചാരിറ്റിയുടെ സൗജന്യ ഭവന നിർമ്മാണ പദ്ധതി ബെന്നി ബഹ്നാൻ എം.പി ഉദ്ഘാടനം ചെയ്യും. സൗജന്യ വിദ്യാഭ്യാസ പദ്ധതിയുടെ ഉദ്ഘാടനം ബി.ഡി ദേവസി എം.എൽ.എയും ബ്രോഷർ പ്രകാശനം നഗരസഭ ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാറും നിർവഹിക്കും. മുൻ ഗവ. ചീഫ് വിപ്പ് തോമസ് ഉണ്ണിയാടനും ആദ്യ ഡെപ്പോസിറ്റ് സ്വീകരണം മുൻ എം.എൽ.എ ടി.യു രാധാകൃഷ്ണനും നിർവഹിക്കും. വിദ്യാഭ്യാസ രംഗത്തെ പുരോഗതിക്കായി 101 അംഗങ്ങൾ അടങ്ങിയ ഒരു എഡ്യൂക്കേഷണൽ ട്രസ്റ്റിന് രൂപം നൽകിയിട്ടുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു. ആരോഗ്യ മേഖയിലെ സേവനത്തിന് മാഞ്ഞാലി മെഡിക്കൽ കോളേജിന്റെ സഹകരണത്തോടെ കുറഞ്ഞ ചെലവിൽ ചികിത്സ ഉറപ്പാക്കൽ, എസ്.എൻ.ഡി.പി യോഗത്തിന്റെ കീഴിൽ വിദേശത്ത് പ്രവർത്തിക്കുന്ന സേവനം സംഘടനയുമായി സഹകരിച്ച് തൊഴിൽ മേഖലയിലെ പുരോഗതി ലക്ഷ്യമിടുന്ന പദ്ധതി എന്നിവയും ഒരുക്കുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി. കേന്ദ്ര സർക്കാരിന്റെ അംഗീകാരത്തോടെയാണ് ബാങ്ക് പ്രവർത്തിക്കുക. എം.ഡി ചന്ദ്രൻ കൊളത്താപ്പിള്ളി, ഡയറക്ടർമാരായ കെ.വി ദിനേശ് ബാബു, എം.കെ സുനിൽ, ടി.ഡി വേണു, പി.എസ് രാധാകൃഷ്ണൻ എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.