ചാലക്കുടി: ആയിരങ്ങൾ പങ്കെടുത്ത പ്രകടനത്തോടെ സി.ഐ.ടി.യു ജില്ലാ സമ്മേളനത്തിന് ചാലക്കുടിയിൽ തുടക്കം. നോർത്ത് ബസ് സ്റ്റാൻഡ് പരിസരത്തു നിന്നാരംഭിച്ച പ്രകടനം നിമിഷങ്ങൾക്കം നഗരത്തെ ചുവപ്പണിയിച്ചു. പാലാ ഉപതിരഞ്ഞെടുപ്പ് വിജയത്തിന്റെ ആവേശവും പ്രകടത്തിന് ആവേശം കൂട്ടി. മാർക്കറ്റ് റോഡ് കൂടി കടന്ന പ്രകടനം സൗത്ത് ജംഗ്ഷൻ കൂടി സമ്മേളന നഗറായ ടൗൺഹാൾ മൈതാനിയിൽ അവസാനിച്ചു.

ചാലക്കുടിയിലെ ബസ് തൊഴിലാളികൾ അലങ്കരിച്ച ബസുമായി നീങ്ങിയത് പ്രകടനത്തിന് മാറ്റേകി. ഒപ്പം അലങ്കരിച്ച ആട്ടോകളും അണിനിരന്നു. യു.പി. ജോസഫ്, കെ.കെ. രാമചന്ദ്രൻ, കെ.എൻ. ഗോപിനാഥ്, ബി.ഡി. ദേവസി എം.എൽ.എ, ലത ചന്ദ്രൻ, പി.കെ. ശിവരാമൻ, ബാബു എം. പാലിശേരി, പി.എം. ശ്രീധരൻ തുടങ്ങിയവർ നേതൃത്വം നൽകി.

പാലാ വിജയം ഭാവി രാഷ്ട്രീയത്തിന്റെ ചൂണ്ടുപലക: ചന്ദ്രൻ പിള്ള

പാലായിലെ ഉപതിരഞ്ഞെടുപ്പ് വിജയം ഭാവി രാഷ്ട്രീയത്തിന്റെ ചൂണ്ടുപലകയാണെന്ന് സി.ഐ.ടി.യു അഖിലേന്ത്യാ സെക്രട്ടറി, കെ.എം. ചന്ദ്രൻ പിള്ള. സി.ഐ.ടി.യു.ജില്ലാ സമ്മേളനത്തിന്റെ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുമ്പെങ്ങുമില്ലാത്ത വിധം എൽ.ഡി.എഫ് സർക്കാരിനെതിരെ പ്രതിപക്ഷം ആക്രമിച്ചിരുന്നു. ഇതിനെതിരെയുള്ള പ്രത്യാക്രമണമാണ് പാലായിലെ വിജയമെന്നും അദേഹം പറഞ്ഞു.

തൊഴിൽ രംഗത്ത് സ്ഥിര സ്വഭാവം മോദി സർക്കാർ നഷ്ടപ്പെടുത്തി. വ്യാപകമായി കരാർ വ്യവസ്ഥ നടപ്പിലാക്കുന്നത് തൊഴിൽ മേഖലയിൽ അരാജകത്വം സ്വഷ്ടിക്കുമെന്നും ചന്ദ്രൻ പിള്ള തുടർന്നുപറഞ്ഞു. സാമ്പത്തിക മാന്ദ്യം രാജ്യത്ത് ഉത്പാദനമേഖലയെ തകർത്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ലാ സെക്രട്ടറി കെ.കെ. രാമചന്ദ്രൻ അദ്ധ്യക്ഷനായി.

ബി.ഡി. ദേവസി എം.എൽ.എ, പ്രസിഡന്റ് യു.പി. ജോസഫ്, കൺവീനർ പി.എം. ശ്രീധരൻ, സംസ്ഥാന സെക്രട്ടറിമാരായ എം.എം. വർഗീസ്, എം.കെ. കണ്ണൻ, നേതാക്കളായ കെ.എൻ. ഗോപിനാഥ്, പി.ജി. വാസുദേവൻ നായർ, ബാബു എം. ബാലുശേരി, പി.കെ. ശിവരാമൻ, കെ.എഫ്. ഡേവിസ്, ലത ചന്ദ്രൻ, കെ.വി. ജോസ്, കെ.വി. ഹരിദാസ്, കെ.വി. പീതാംബരൻ, കെ.പി. പോൾ, എ. സിയാവുദ്ദീൻ, കെ.എസ്. അശോകൻ തുടങ്ങിയവർ പ്രസംഗിച്ചു.