ഗുരുവായൂർ: ഗുരുവായൂർ അഴുക്കുചാൽ പദ്ധതിയുടെ രണ്ടു സോണുകൾ ഡിസംബർ 31നകം കമ്മീഷൻ ചെയ്യാൻ വകുപ്പുമന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. നേരത്തെ ഉദ്ഘാടനത്തിനായി നിരവധി തീയ്യതികൾ പ്രഖ്യാപിക്കുന്ന മന്ത്രിതല യോഗങ്ങൾ നടന്നിട്ടുണ്ടെങ്കിലും ഡിസംബർ മാസത്തിനപ്പുറം പദ്ധതി നീണ്ടുപോകരുതെന്ന് മന്ത്രി കർശന നിർദ്ദേശം നൽകുകയായിരുന്നു.
ചക്കംകണ്ടത്തുള്ള ട്രീറ്റ്മെന്റ് പ്ലാന്റിലേക്ക് മൂന്നു സോണുകളായാണ് പൈപ്പ് ലൈനുകളും ചേമ്പറുകളും ബന്ധിപ്പിച്ചിട്ടുള്ളത്. അതിൽ ഒന്നും മൂന്നും സോണുകളാണ് കമ്മീഷൻ ചെയ്യുന്നത്. പടിഞ്ഞാറെ നട മുതൽ മുതുവട്ടൂർ വരെയുള്ള രണ്ടാം സോണിൽ നിർമാണം പൂർണ്ണമായിട്ടില്ല. അതുംകൂടി പൂർത്തിയാക്കാൻ കാത്തു നിന്നാൽ പദ്ധതി ഇനിയും വൈകുമെന്നുള്ളതിനാലാണ് രണ്ടു സോണുകൾ വച്ച് അഴുക്കുചാൽ പദ്ധതി ആരംഭിക്കാൻ മന്ത്രി നിർദ്ദേശിച്ചത്.
ശ്രീവത്സം ഗസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ കെ.വി. അബ്ദുൾ ഖാദർ എം.എൽ.എ, ഗുരുവായൂർ ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ്, നഗരസഭാ ചെയർപേഴ്സൺ വി.എസ്. രേവതി, വൈസ് ചെയർമാൻ കെ.പി. വിനോദ്, ജലഅതോറിറ്റി ചീഫ് എൻജിനിയർ സുധീർ, സൂപ്രണ്ടിംഗ് എൻജിനിയർ പോളി പീറ്റർ, എക്സിക്യൂട്ടീവ് എൻജിനിയർ സജീവ്, അസി.എക്സിക്യൂട്ടീവ് എൻജിനീയർ ജീസ, അസിസ്റ്റന്റ് എൻജിനീയർ സി.എം. മനസ്വി തുടങ്ങിയവർ പങ്കെടുത്തു. യോഗത്തിനുശേഷം ചക്കംകണ്ടത്തെ ട്രീറ്റ്മെന്റ് പ്ലാന്റ് സന്ദർശിച്ച ശേഷമാണ് മന്ത്രി മടങ്ങിയത്. അഴുക്കുചാൽ പദ്ധതി കമ്മീഷൻ ചെയ്യുന്നതോടെ നാലു പതീറ്റാണ്ടോളമായുള്ള ഗുരുവായൂരിന്റെ കാത്തിരിപ്പിനാണ് സാക്ഷാൽക്കാരമാകുന്നത്.