ചെറുതുരുത്തി: പാഞ്ഞാൾ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ടൈൽസ് ഇട്ട നിലത്തിരുന്ന് വിദ്യാർത്ഥികൾ ഭക്ഷണം കഴിക്കുന്ന രീതിക്ക് സമഗ്രമായ മാറ്റം. കുട്ടികൾക്കു ഭക്ഷണം കഴിക്കാനും അദ്ധ്യാപകർ വിളമ്പി കൊടുക്കാനും അനുഭവപ്പെട്ടിരുന്ന പ്രയാസത്തിനും പരിഹാരം. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട പി.ടി.എ കമ്മിറ്റി യോഗം ചേർന്ന് ഇതിനാവശ്യമായ 400 കസേര 80 മേശ എന്നിവയ്ക്കായി ബഡ്ജറ്റ് തയാറാക്കി. രണ്ട് ലക്ഷം രൂപയുടെ ബഡ്ജറ്റ് ആണ് തയാറാക്കിയത്.

കഴിഞ്ഞ വർഷം സംസ്ഥാനത്തെ മികച്ച പി.ടി.എയ്ക്കുള്ള അവാർഡ് തുകയായ ഒരു ലക്ഷം രൂപ ഇതിനായി ഉപയോഗിച്ചപ്പോൾ തികയാതെ വന്ന തുക വഹിക്കാൻ ഹൈസ്‌കൂളിലെയും പ്രൈമറിയിലെയും അദ്ധ്യാപകർ ഒറ്റക്കെട്ടായി തീരുമാനിക്കുകയായിരുന്നു. 1997 ബാച്ചിലെ എസ്.എസ്.എൽ.സി വിദ്യാർത്ഥികൾ പതിനായിരം രൂപ നൽകിയതോടെ അദ്ധ്യാപകർ 90,000 രൂപ സംഭാവന ചെയ്തു. 2017ൽ രണ്ട് ലക്ഷം രൂപ നൽകി ഒന്നാം ക്ലാസ് എയർ കണ്ടിഷൻ ചെയ്യുകയും 2018ൽ ഒന്നര ലക്ഷം ചെലവാക്കി സ്‌കൂളിൽ റോബോട്ട് ബെല്ലിംഗ് സിസ്റ്റം നടപ്പാക്കിയതിനും പുറമെയാണ് ഈ വർഷം ഇത്തരം ഒരു പരിപാടിക്ക് അദ്ധ്യാപകർ നേതൃത്വം നൽകിയത്.

മികവാർന്ന ഈ പരിപാടിയുടെ ഉദ്ഘാടനം യു.ആർ. പ്രദീപ് എം.എൽ.എ നിർവഹിച്ചു. പാഞ്ഞാൾ പഞ്ചായത്ത് പ്രസിഡന്റ് വെട്ടത്തു രാജൻ അദ്ധ്യക്ഷനായി. ജില്ലാ കോ- ഓർഡിനേറ്റർ അഷറഫ്, എൻ.എസ്. ജയിംസ്, ഗീത രാമചന്ദ്രൻ, ബുഷ്‌റ വി.എം, എം.വി. രത്‌നകുമാർ, ഉമ്മുസൽമ, പി. പ്രിയ, സുന്ദരൻ, കൃഷ്ണ പ്രസാദ്, സബിത കെ.എ എന്നിവർ സംസാരിച്ചു. ഹെഡ് മിസ്ട്രസ് സുനി സ്വാഗതവും പി.ഐ. യൂസഫ് നന്ദിയും പറഞ്ഞു.