തൃശൂർ: പുഴയ്ക്കലിൽ വർഷങ്ങളായി തുടരുന്ന ഗതാഗതക്കുരുക്ക് പാലം തുറന്നതോടെ ഒഴിവായെങ്കിലും മലബാറിലേക്കുള്ള പ്രധാനവഴിയായ തൃശൂർ - കുറ്റിപ്പുറം സംസ്ഥാനപാതയിൽ യാത്രാക്ളേശം ഇനിയും ബാക്കി. പൂങ്കുന്നം ജംഗ്ഷനിൽ നിന്ന് ഏതാണ്ട് ഒരു കിലോമീറ്റർ ഇപ്പോഴും രണ്ടുവരിയാണ്. നഗരത്തിലെ കുരുക്കിൽ നിന്ന് രക്ഷപ്പെട്ടാലും ഇവിടെ വീണ്ടും വാഹനം കുരുങ്ങുന്നത് പതിവാണ്. നിരവധി വാണിജ്യ സ്ഥാപനങ്ങളും മറ്റുമുള്ള പൂങ്കുന്നം - പുഴയ്ക്കൽ വഴിയിൽ തിരക്കേറെയുള്ളതിനാൽ അപകടങ്ങളും തുടരുകയാണ്. ഉയരമില്ലാത്തതിനാൽ മീഡിയനുകൾ രാത്രികാലങ്ങളിൽ വ്യക്തമായി കാണാനുമാകില്ല. മഴയിൽ വെള്ളക്കെട്ട് രൂപം കൊണ്ടതിനാൽ പെട്ടെന്ന് കുഴികളുമുണ്ടായി. പുഴയ്ക്കലിൽ നിലവിലുള്ള പാലവും തകർന്ന് ശോചനീയാവസ്ഥയിലാണ്. മഴ ഒഴിഞ്ഞിട്ടും കഴിഞ്ഞ ദിവസങ്ങളിൽ അറ്റകുറ്റപ്പണി നടത്തിയിരുന്നില്ല. പാലം റീടാർ ചെയ്യണമെന്ന ആവശ്യവും പരിഗണിച്ചില്ല. പാലത്തിലെ വൻ കുഴികളിലൂടെയാണ് വാഹനം പോകുന്നത്. കഴിഞ്ഞ ദിവസം ആനയുമായെത്തിയ ലോറി കുഴിയിൽ വീണിരുന്നു. രണ്ട് മണിക്കൂറോളം കഴിഞ്ഞാണ് ലോറി കടന്നുപോയത്.

'ഉദ്ഘാടനക്കുരുക്ക്'

പുതിയ പാലത്തിലായിരുന്നു ഉദ്ഘാടന ചടങ്ങിനുള്ള വേദിയൊരുക്കിയത്. തിരക്ക് ഒഴിവാക്കാൻ കുന്നംകുളം, ഗുരുവായൂർ മേഖലകളിൽ നിന്നുമുള്ള വാഹനങ്ങളെ മുണ്ടൂരിൽ നിന്ന് വിയ്യൂർ വഴി തിരിച്ചുവിടുകയും ചെയ്തു. തൃശൂരിൽ നിന്നും കുന്നംകുളം, ഗുരുവായൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ഉദ്ഘാടന പരിപാടി കാരണം മണിക്കൂറുകളോളം നീണ്ട നിരയിൽ കിടക്കേണ്ടി വന്നു. പതിനൊന്ന് മണിയോടെ ഗതാഗതത്തിന് തുറന്നു കൊടുക്കുമെന്നായിരുന്നു പറഞ്ഞതെങ്കിലും ചടങ്ങ് നീണ്ടു. എല്ലാം കഴിഞ്ഞ് വേദി അഴിച്ചു മാറ്റിയശേഷമാണ് വാഹനം കടത്തി വിട്ടത്.

# വടക്കാഞ്ചേരി മണ്ഡലത്തിലെ റോഡ് വികസനത്തിന് 20.38 കോടി

#പൂങ്കുന്നം - ചൂണ്ടൽ പാതയിൽ വികസിപ്പിക്കേണ്ടത് 22 മീറ്റർ വീതിയിൽ

#നാലുവരി പൂർത്തിയാക്കാത്തത് പൂങ്കുന്നത്തും മുണ്ടൂരും കേച്ചേരിയിലും

#ഉദ്ഘാടനം കഴിഞ്ഞിട്ടും ഒരും ബസും കയറാതെ കേച്ചേരി ബസ് സ്റ്റാൻഡ്

#മഴയിൽ നിരവധി കുഴികൾ രൂപം കൊണ്ടിട്ടും അറ്റകുറ്റപ്പണി നടന്നില്ല

''റോഡ് വികസിപ്പിച്ച് നിർമ്മാണം പൂർത്തീകരിക്കാത്ത മുണ്ടൂർ മുതൽ പുറ്റേക്കര വരെയുള്ള 1,800 മീറ്റർ ദൂരം ജില്ലാ കളക്ടർ നെഗോഷ്യബിൾ പർച്ചേയ്‌സ് ചെയ്ത് ഏറ്റെടുക്കണം. ജനങ്ങളുടെ നികുതി പണം സുതാര്യമായി ചെലവഴിക്കണം. സമയബന്ധിതമായി നിർമ്മാണ പ്രവർത്തനം പൂർത്തീകരിക്കുന്നതിന് ജനപ്രതിനിധികളുടെ ഇടപെടലുകൾ അനിവാര്യം.''

- മന്ത്രി ജി. സുധാകരൻ (പുഴയ്ക്കൽ പാലം ഉദ്ഘാടനച്ചടങ്ങിൽ )