തൃശൂർ: അയ്യന്തോൾ പുതൂർക്കരയിൽ അപ്പൻ തമ്പുരാന്റെ സ്മാരകമായി വായനശാല പണിയുന്നതിന് കിഴക്കുംപാട്ടുകര വടക്കൂട്ട് നാരായണൻ നായർക്ക് 1948ൽ പാട്ടത്തിന് നൽകിയിരുന്ന സർക്കാർ ഭൂമിയിൽ നിന്നും ഒഴിപ്പിക്കുന്നതിനെതിരെ ഇപ്പോഴത്തെ അവകാശികൾ നൽകിയ അപ്പീൽ തൃശൂർ രണ്ടാം അഡീഷണൽ സബ് ജഡ്ജ് പി.എസ്. ജോസഫ് തള്ളി. 12 സെന്റ് സർക്കാർ ഭൂമിയാണ് വായനശാലയ്ക്കായി പാട്ടത്തിന് നൽകിയത്. എന്നാൽ അഞ്ച് വർഷത്തിന് ശേഷം വായനശാലയുടെ പ്രവർത്തനം നിലയ്ക്കുകയായിരുന്നു. തുടർന്ന് നാരായണൻ നായർ പാട്ടഭൂമിയിൽ അനധികൃതമായി കെട്ടിടം പണിത് വാടകയ്ക്ക് കൊടുക്കുകയായിരുന്നു. ഇത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പാട്ടഭൂമിയിൽ നിന്നും ഒഴിപ്പിക്കുന്നതിനായി, നാരായണൻനായരുടെ പിൻഗാമിക്ക് സർക്കാർ നോട്ടീസ് നൽകി. നോട്ടീസിനെതിരെ അവകാശികളായ ഭാര്യ കാർത്ത്യായിനി അമ്മയും, മകൻ രത്‌നകുമാറും തൃശൂർ മുൻസിഫ് കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു. സർക്കാരിന്റെ വിശദമായ വാദം കേട്ട ശേഷം ഇത് തള്ളി. വിധിക്കെതിരെ മേൽക്കോടതിയിൽ സർക്കാരിനെതിരെ അപ്പീൽ ഫയൽ ചെയ്തിരുന്നു. 1948 മുതൽ ഭൂമി നിരാക്ഷേപമായി നാരായണൻനായരുടെ കൈവശത്തിലാണെന്നും, നികുതി കൊടുത്തുവരുന്നതാണെന്നും ഭൂമിയിൽ എതിർകൈവശാവകാശം ഉണ്ടെന്നുമായിരുന്നു അപ്പീലിലെ പ്രധാനവാദം. സർക്കാർ ഭൂമി അപ്പൻ തമ്പുരാൻ വായനശാലയ്ക്കായാണ് നാരായണൻനായർക്ക് പാട്ടത്തിന് കൊടുത്തതെന്നും, പാട്ടഭൂമിയിൽ കൈവശക്കാർക്ക് എതിർ കൈവശാവകാശമില്ലെന്നും സർക്കാർ ഭൂമിക്ക് നികുതി കൊടുക്കുന്നുണ്ടെന്ന വാദം തെറ്റാണെന്നും മറ്റുമുള്ള സർക്കാരിന്റെ വാദം അംഗീകരിച്ചാണ് കോടതി അപ്പീൽ തള്ളിയത്. അപ്പീൽ തള്ളിയതിനെ തുടർന്ന് സർക്കാരിന് ഭൂമി ഒഴിപ്പിക്കാനുള്ള തടസം നീങ്ങി. പ്രോസിക്യൂഷനായി അഡീഷണൽ ഗവൺമെന്റ് പ്ലീഡർ കെ.എൻ. വിവേകാനന്ദൻ,​ അഭിഭാഷകരായ പൂജ വാസുദേവൻ, അമൃത കെ, ചിന്തു പി.എസ്. എന്നിവർ ഹാജരായി.