തൃശൂർ: തൃശൂരിൽ പത്തു ലക്ഷം രൂപ കോഴ വാങ്ങി പിടിയിലായ ആദായ നികുതി അസിസ്റ്റന്റ് കമ്മിഷണർമാർ അടക്കം അഴിമതിക്കേസിൽ കുടുങ്ങിയ 15 ഉന്നത ഉദ്യോഗസ്ഥരെ കേന്ദ്ര സർക്കാർ പിരിച്ചുവിട്ടു. കഴിഞ്ഞ ജൂണിൽ ഇത്തരത്തിലുള്ള 12 ഉന്നത ഉദ്യോഗസ്ഥരെ ആദായ നികുതി വകുപ്പിൽ നിന്നും പിരിച്ചുവിട്ടിരുന്നു.


തൃശൂർ ആദായനികുതി ഓഫീസിലെ അസിസ്റ്റന്റ് കമ്മിഷണർമാരായ ജോസ് കുഞ്ഞിപ്പാലു, വിൻസെന്റ് ജോസഫ് എന്നിവർ അടക്കമുള്ളവരെയാണ് പിരിച്ചുവിട്ടത്. പത്തു ലക്ഷം രൂപ കോഴ വാങ്ങുന്നതിനിടെ, 2014 ൽ ഇവരെ താമസിച്ചിരുന്ന ഫ്‌ളാറ്റിൽ നിന്നും സി.ബി.ഐ പിടികൂടിയിരുന്നു. സസ്‌പെൻഷനിലായെങ്കിലും സ്വാധീനം ചെലുത്തി സർവീസിൽ തിരിച്ചെത്തി. കോഴ വാങ്ങിയ രണ്ട് ഉദ്യോഗസ്ഥർക്കുമെതിരെ കേസുകൾ കോടതിയിൽ തുടരുകയാണ്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കാനൻ ഗ്രാനൈറ്റ്‌സ് ഉടമ സൈമൺ കെ. ഫ്രാൻസിസ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ധനമന്ത്രി നിർമല സീതാരാമനും പരാതി നൽകിയിരുന്നു.

ഈ പരാതി കൂടി പരിഗണിച്ചാണ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടത്. പത്തു ലക്ഷം രൂപ കോഴ വാങ്ങാൻ 2014 ൽ അമ്പതു ലക്ഷം രൂപ കൂടി ആദായനികുതിയായി അടയ്ക്കണമെന്ന് ഈ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിരുന്നു. മുപ്പതു ലക്ഷത്തോളം രൂപ ആദായനികുതി അടച്ചിട്ടുണ്ടെന്നും കണക്കു കൃത്യമാണെന്നും കാനൻ ഗ്രാനൈറ്റ്‌സ് മറുപടി നൽകി. ഉദ്യോഗസ്ഥർ സമ്മതിച്ചില്ല. പത്തു ലക്ഷം രൂപ കോഴ തന്നാൽ 50 ലക്ഷം രൂപ ചുമത്തുന്നത് ഒഴിവാക്കാമെന്നു പറഞ്ഞു. ഇതനുസരിച്ച് പണം കൈമാറുന്നതിനിടയിലാണ് രണ്ട് ഉദ്യോഗസ്ഥരും സി.ബി.ഐ ഉദ്യോഗസ്ഥരുടെ പിടിയിലായത്.