തൃശൂർ: വൃദ്ധമാതാപിതാക്കളെ തെറ്റിദ്ധരിപ്പിച്ച് രേഖകൾ ഒപ്പിടുവിച്ച് മകനും മരുമകളും ചേർന്ന് വീട് പണയപ്പെടുത്തി ലക്ഷങ്ങൾ ബാങ്കിൽ നിന്നും വായ്പയെടുത്തതായി പരാതി. മുല്ലക്കര കൊളങ്ങര തെങ്ങോലപ്പറമ്പിൽ ഫ്രാൻസിസും ഭാര്യ റോസിലിയുമാണ് മകൻ റിൻസനും ഭാര്യ റൂബിക്കുമെതിരെ പത്രസമ്മേളനത്തിൽ ആരോപണം ഉന്നയിച്ചത്. മാതാപിതാക്കളെ സംരക്ഷിക്കാമെന്ന ഉറപ്പിൽ സെറ്റിൽമെന്റ് ആധാരം ഇരുവരുടെയും മകന്റെയും പേരിൽ രജിസ്റ്റർ ചെയ്തിരുന്നു.
വീട് പൊളിച്ചുപണിയാനെന്ന പേരിലാണ് എച്ച്.ഡി.എഫ്.സി ബാങ്കിൽ നിന്നും വീടും പുരയിടവും പണയപ്പെടുത്തി വായ്പയെടുത്തത്. വായ്പ പുതുക്കാനെന്ന പേരിൽ ചില രേഖകളിൽ ഒപ്പിട്ടുവാങ്ങിയാണ് മകൻ തങ്ങളെ ചതിച്ചതെന്നാണ് ഇവരുടെ ആരോപണം. സംശയം തോന്നി ബാങ്കിൽ അന്വേഷിച്ചപ്പോൾ വായ്പ റിൻസന്റെ ആവശ്യപ്രകാരം സൗത്ത് ഇന്ത്യൻ ബാങ്ക് കുരിയച്ചിറ ബ്രാഞ്ചിലേയ്ക്ക് മാറ്റി. തുടർന്ന് സൗത്ത് ഇന്ത്യൻ ബാങ്കിൽ നടത്തിയ അന്വേഷണത്തിലാണ് വീട് പണയം വെച്ച് അവിടെ നിന്നും 90 ലക്ഷം രൂപയുടെ ഓവർ ഡ്രാഫ്റ്റ് എടുത്തതായി അറിയുന്നത്. ഇരുവരും വീട്ടിൽ വരാറില്ലെന്നും തങ്ങളെ സംരക്ഷിക്കാറില്ലെന്നും മാതാപിതാക്കൾ പറഞ്ഞു. മകന്റെ ചതിയെക്കുറിച്ച് മണ്ണുത്തി പൊലീസിൽ ഒരു വർഷം മുമ്പ് പരാതി നൽകിയിരുന്നു. കഴിഞ്ഞദിവസം സിറ്റി പൊലീസ് കമ്മിഷണർക്കും കേരള ലീഗൽ സർവീസ് അതോറിറ്റി മുഖേനയും പരാതി നൽകിയിട്ടുണ്ട്.