ചാലക്കുടി: അംബാനി കുടുംബത്തിന്റെ ആസ്തി ഇരട്ടിയായി ഉയരുകയും രാജ്യത്തിന്റെ അടിത്തറ തകരുകയും ചെയ്താണ് മോദി സർക്കാരിന്റെ അഞ്ചുവർഷത്തെ ഭരണത്തിൽ ഇന്ത്യയിൽ സംഭവിച്ചതെന്ന് സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി ഇളമരം കരീം. ചാലക്കുടി ഗോപാലകൃഷ്ണ ഓഡിറ്റോറിയത്തിൽ സി.ഐ.ടി.യു ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോർപറേറ്റുകൾ മാത്രം തഴച്ചുവളരുന്ന രാജ്യത്ത് മറ്റെല്ലാ വിഭാഗങ്ങളും വേരറ്റു പോകുന്നു. നോട്ടു നിരോധനത്തെ തുടർന്ന് ഇന്ത്യയിൽ തൊഴിൽ നഷ്ടപ്പെട്ടവരുടെ എണ്ണം ഒരു കോടിയാണ്. ഭൂരിപക്ഷക്കാരായ ഹിന്ദുക്കളെ കബളിപ്പിച്ച് വർഗീയ വികാരം ഇളക്കി വിടുന്ന നീചമായ പ്രവൃത്തികളാണ് അവർ ചെയ്യുന്നതെന്നും ഇളമരം കരീം തുടർന്നു പറഞ്ഞു. ഇന്ത്യയെ അപകടത്തിലാക്കുന്ന ബി.ജെ.പി ഭരണത്തിനെതിരെ ചെറുവിരൽപ്പോലും അനക്കാൻ കഴിയാത്ത അവസ്ഥയിലാണ് കോൺഗ്രസ്. മോട്ടോർ നിയമങ്ങൾപോലുള്ള കരിനിയമങ്ങൾ പാർലിമെന്റിൽ പടച്ചുവിടുമ്പോൾ കോൺഗ്രസും അതിനെ അനുകൂലിക്കേണ്ട ഗതികേടിലായി. ഇതിനെ എതിർക്കുന്ന പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്ന എൽ.ഡി.എഫാണ് ഇപ്പോൾ കോൺഗ്രസിന്റെ പ്രധാന ശത്രു. കിഫ്ബിയുടെ പേരിലാണ് ഇപ്പോൾ ചെന്നിത്തല്ലയും സംഘവും പടവാളെടുക്കുന്നത്. കേന്ദ്രസർക്കാരിന്റെ സംസ്ഥാന വിരുദ്ധ നിലപാടുകളെ മറികടക്കാൻ എൽ.ഡി.എഫ് സർക്കാരിന് കിഫ്ബി സംവിധാനം കൊണ്ടുവരേണ്ടിവന്നുവെന്നും ഇളമരം കൂട്ടിച്ചേർത്തു. ജില്ലാ പ്രസിഡന്റ് യു.പി. ജോസഫ്, സെക്രട്ടറി കെ.കെ. രാമചന്ദ്രൻ, കെ.എൻ. ഗോപിനാഥ്, പി.കെ. ഷാജൻ, എം.കെ. കണ്ണൻ, സി.കെ. ചന്ദ്രൻ, കെ.വി. ഹരിദാസ് എന്നിവർ സംസാരിച്ചു. സമ്മേളനം ഞായറാഴ്ചയും തുടരും.