തൃശൂർ: നിർമ്മാണ പ്രവൃത്തികൾ മന്ദഗതിയിലായ അഞ്ച് സ്‌കൂളുകളിലെ നിർമ്മാണം പുതിയ ഏജൻസിയെ ഏൽപ്പിക്കും. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ജില്ലാ വികസന സമിതി യോഗത്തിൽ അറിയിച്ചതാണ് ഇക്കാര്യം. വാച്ച്മരം കോളനിയുമായി ബന്ധപ്പെട്ട ഭൂമി പ്രശ്‌നം പരിഹരിക്കാനായി നാളെ കോളനി സന്ദർശിച്ച് തുടർനടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. മണലൂർ നിയോജമണ്ഡലത്തിലെ 17 ഇടത്തെ ബസ് ഷെൽട്ടർ നിർമ്മാണ പ്രവൃത്തികൾ ഒക്ടോബർ ആദ്യം തുടങ്ങും . ചാലക്കുടി ബ്ലോക്കിന് കീഴിലെ സെന്റ് സെബാസ്റ്റിൻസ് സ്‌കൂളിന് സമീപത്തെ കെ.എസ്.ഇ.ബി ട്രാൻസ്‌ഫോർമർ വിദ്യാർത്ഥികൾക്ക് അപകടകരമായ നിലയിലായതിനാൽ മാറ്റി സ്ഥാപിക്കണമെന്ന് യോഗം കെ.എസ്.ഇ.ബിയോട് ആവശ്യപ്പെട്ടു. എ.ഡി.എം പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് കളക്ടർ അറിയിച്ചു.

പ്രളയ സാഹചര്യത്തെ നേരിടുന്നതിന് തൃശൂർ പൊന്നാനി കോർ മേഖലയിൽ സ്ലൂയിസുകളുടെ നിർമ്മാണത്തിനായി പ്രൊജക്ട് തയ്യാറാക്കി വരുന്നതായി കെ.എൽ.ഡി.സി കൺസ്ട്രക്ഷൻ എൻജിനിയർ അറിയിച്ചു. റിവർ മാനേജ്‌മെന്റ് ഫണ്ടിൽ 4.91 കോടി നീക്കിയിരിപ്പുണ്ടെന്ന് വിശദമായ കണക്ക് സഹിതം ദുരന്ത നിവാരണ ഡെപ്യൂട്ടി കളക്ടർ അറിയിച്ചു. യോഗത്തിൽ ജില്ലാ കളക്ടർ എസ്. ഷാനവാസ് അദ്ധ്യക്ഷത വഹിച്ചു. ചീഫ് വിപ്പ് അഡ്വ. കെ. രാജൻ, എം.എൽ.എമാരായ ഇ.ടി. ടൈസൺ മാസ്റ്റർ, മുരളി പെരുനെല്ലി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ചാലക്കുടി എം.പി ബെന്നി ബെഹനാന്റെ പ്രതിനിധി ടി.യു. രാധാകൃഷ്ണൻ, ജില്ലാ പ്ലാനിംഗ് ഓഫീസർ ടി.ആർ. മായ തുടങ്ങിയവർ പങ്കെടുത്തു.

പ്രമേയങ്ങൾ


ചൂണ്ടൽ എരനെല്ലൂർ വില്ലേജ് പെരുവൻമലയിൽ അരനൂറ്റാണ്ടിലേറെ കാലമായി താമസിച്ചുവരുന്ന 83 കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള കൊച്ചിൻ ദേവസ്വം ബോർഡിന്റെ നടപടി നിറുത്തിവയ്ക്കണം. ഏനാമാക്കൽ റെഗുലേറ്റർ അടിയന്തരമായി പുനർനിർമ്മിക്കണം
ഒമ്പത് വർഷമായി നിർമ്മാണം ആരംഭിച്ച ദേശീയപാത 544ലെ മണ്ണുത്തി-വടക്കഞ്ചേരി റോഡ് നിർമ്മാണം പൂർത്തിയാക്കണമെന്നും കുതിരാൻ തുരങ്കത്തിലെ ഒരു തുരങ്കമെങ്കിലും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് തുറക്കണം