കൊടുങ്ങല്ലൂർ: നഗരത്തിലെ പാർക്കിംഗ് നിരോധന വിഷയത്തിൽ ഇടതു മുന്നണിയിൽ ഭിന്നത മറ നീക്കി പുറത്തുവന്നു. വടക്കെ നടയിലെ വാഹന പാർക്കിംഗും, വഴിയോര കച്ചവടവും നിരോധിച്ച നഗരസഭയുടെ നടപടിക്കെതിരെ ഭരണപക്ഷത്തെ സി.പി.ഐ പരസ്യമായി രംഗത്തെത്തി. പാർക്കിംഗ് നിരോധനം പ്രായോഗികമല്ലെന്ന് ബോദ്ധ്യപ്പെട്ട സ്ഥിതിക്ക് തീരുമാനം പുനഃപരിശോധിക്കണമെന്നും, വഴിയോര കച്ചവടക്കാരെ കുടിയൊഴിപ്പിക്കാനുള്ള നീക്കം നിറുത്തി വയ്ക്കണമെന്നും സി.പി.ഐ മണ്ഡലം സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു. നഗരസഭാ കൗൺസിൽ തീരുമാനമെടുക്കാതെയാണ് വഴിയോര കച്ചവടക്കാരെ ഒഴിവാക്കുന്നതെന്ന് ആരോപിച്ച സി.പി.ഐ, നഗരസഭയുടെ തീരുമാനത്തിനെതിരെ സമരം സംഘടിപ്പിക്കുമെന്നും മുന്നറിയിപ്പ് നൽകി.

വടക്കെനടയിലെ ഒരു വിഭാഗം വ്യാപാരികളുടെ പിന്തുണ ഉറപ്പാക്കി നഗരസഭ നടപ്പിലാക്കിയ പാർക്കിംഗ് നിരോധനം വ്യാപാര സ്ഥാപനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന സ്ഥിതിയായതോടെ കൊടുങ്ങല്ലൂർ മർച്ചന്റ്സ് അസോസിയേഷനും പാർക്കിംഗ് നിരോധനത്തിനെതിരെ പ്രത്യക്ഷ സമരത്തിലായി. ഇതിന് പിറകെയാണ് സി.പി.ഐയും എതിർപ്പിന്റെ സ്വരമുയർത്തിയത്. ഇതേ സമയം നഗരസഭാ കൗൺസിലും, ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയും കൈക്കൊണ്ട തീരുമാനം പിൻവലിക്കാനാകില്ലെന്ന നിലപാടിലാണ് നഗരസഭാ ചെയർമാനും സി.പി.എമ്മുമെന്നത് പ്രശ്നം കൂടുതൽ സങ്കീർണ്ണമാക്കുന്നുണ്ട്.