തൃശൂർ: വ്യാജ ചെക്കുകൾ ഹാജരാക്കി ദേശസാത്കൃത ബാങ്കിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച മലയാളികളും അന്തർസംസ്ഥാന സംഘാംഗങ്ങളും പിടിയിൽ. അയ്യന്തോൾ സ്വദേശികളായ കുറിഞ്ഞാക്കൽ സുനിൽ (48), ഉദയനഗർ ശ്രീശങ്കരം വീട്ടിൽ മഹേഷ് (24), ഉദയനഗർ പെരയ്ക്കൽ സെബാസ്റ്റ്യൻ (42) എന്നിവരും സംഘത്തിലെ പ്രധാനികളായ കർണ്ണാടക ബഡുഹ് സ്വദേശി ആദർശ് (28), പൂനെ താൽഹാവലി സ്വദേശി ദിലീപ് ബോട്ടി (36) എന്നിവരാണ് പിടിയിലായത്.

പ്രമുഖ കമ്പനികളുടെ 47.2 ലക്ഷം രൂപയുടെയും, ഏഴ് ലക്ഷത്തിന്റെയും രണ്ട് വ്യാജ ചെക്കുകൾ ഹാജരാക്കി അയ്യന്തോൾ എസ്.ബി.ഐയിൽ നിന്നും പണം തട്ടിയെടുക്കുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം. വലിയ തുകയുടെ ചെക്ക് ഹാജരാക്കിയതിനാൽ ബാങ്ക് മാനേജർക്ക് സംശയം തോന്നി. കൂടുതൽ വിവരങ്ങൾ തിരക്കിയപ്പോൾ ചെക്കുമായി എത്തിയയാൾ ഓടി രക്ഷപ്പെട്ടു. വിവരം മാനേജർ പൊലീസിന് കൈമാറിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ലോഡ്ജിൽ തമ്പടിച്ച പ്രതികളെ കുറിച്ച് വിവരം ലഭിച്ചത്. ലോഡ്ജ് റെയ്ഡ് ചെയ്താണ് പ്രതികളെ പിടികൂടിയത്. ഇവിടെ നിന്നും വ്യാജ സീലുകൾ, വ്യാജ ചെക്ക് ലീഫുകൾ പൊലീസ് പിടിച്ചെടുത്തു. വ്യാജനിർമ്മിതി, ഗൂഢാലോചന എന്നിവ സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വെസ്റ്റ് എസ്.എച്ച്.ഒ എൻ.എസ് സലീഷിന്റെ നേതൃത്വത്തിൽ എസ്.ഐ കെ.ജെ ജേക്കബ്, എ.എസ്.ഐമാരായ വി.എ ജോയ്, വി.എ രമേഷ്, പൊലീസുകാരായ സുദർശനൻ, ഷെല്ലാർ, പ്രശാന്ത്, ബിനീഷ് ജോർജ്ജ്, മനോജ് കുമാർ എന്നിവരാണ് പ്രതികളെ പിടികൂടിയത്.