ചാവക്കാട്: കടപ്പുറം പഞ്ചായത്തിലുള്ള മുനയ്ക്കക്കടവിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ എട്ടോളം പേർക്ക് പരിക്ക്. വെളിച്ചെണ്ണപ്പടിക്ക് തെക്കു പണ്ടാറത്തിൽ കറുത്ത കാദർബാവു(55), മുനയ്ക്കക്കടവ് ഫിഷ് ലാൻഡിംഗ് സെന്ററിനടുത്ത് താമസിക്കുന്ന അബ്ദു(65 ), പണ്ടാരി മാമി(75 ) എന്നിവരടക്കം എട്ടോളം പേർക്കാണ് പരിക്കേറ്റത്.

കാലിന് കടിയേറ്റ കാദർ ബാവയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും മറ്റുള്ളവരെ ചാവക്കാട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മേഖലയിൽ തെരുവ് നായ്ക്കൾ പെരുകി ആക്രമണം രൂക്ഷമാകുമ്പോഴും കടപ്പുറം പഞ്ചായത്ത് ഭരണസമിതി നിസംഗത തുടരുകയാന്നെന്ന് നാട്ടുകാർ ആരോപിച്ചു. തെരുവ് നായ്ക്കളുടെ വന്ധ്യംകരണ പദ്ധതിയായ എ.ബി.സി പദ്ധതി നടപ്പിലാക്കാൻ കടപ്പുറം പഞ്ചായത്ത് ഭരണസമിതിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.

ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന അറവു ശാലകളും കോഴിക്കടകളും പഞ്ചായത്തിൽ നിരവധി പ്രവർത്തിക്കുന്നുണ്ടെന്നും പൊതുസ്ഥലങ്ങളിൽ അറവു മാലിന്യം തള്ളുന്നതിനെതിരെ ഒരു നടപടിയും ഭരണ സമിതി സ്വീകരിക്കുന്നില്ലെന്ന ആരോപണം ശക്തമാണ്. അറവു മാലിന്യം തള്ളുന്നത് മൂലമാണ് പ്രദേശങ്ങൾ തെരുവ് നായ്ക്കളുടെ വിഹാര കേന്ദ്രങ്ങളാകാൻ പ്രധാന കാരണമെന്ന് നാട്ടുകാർ പറഞ്ഞു.