ഒല്ലൂർ: 83-ാം വയസിലും വേദികൾ കീഴടക്കുകയാണ് പാഠകത്തെ ഉപാസനയായി കണ്ട ആരുക്കുളങ്ങര വടക്കെ പുഷ്പകത്ത് എ.പി. ദാമോദരൻ നമ്പീശൻ. ഇടക്കുന്നി ഭഗവതി ക്ഷേത്രത്തിൽ നവരാത്രിക്ക് പാഠകാവതരണം നടത്താൻ തുടങ്ങിയിട്ട് അരവർഷത്തിലേറെയായി.
തൃശൂർ, കോഴിക്കോട് ആകാശവാണി നിലയങ്ങൾ തിരുവനന്തപുരം ദൂരദർശൻ എന്നിവിടങ്ങളിൽ പാഠകാവാതരണം നടത്തിയിട്ടുണ്ട്. പതിമൂന്നാം വയസിൽ സംസ്‌കൃതം പഠിക്കുന്നതിനായി തൈക്കാട്ട് മനയിലെത്തി, അപ്രതീക്ഷിതമായി പഠിച്ചത് പാഠകമായിരുന്നു. പത്തൊൻപതാം വയസിൽ അദ്യ അവതരണം. പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല, ദാമോദരന്.
ഗുരുവായൂർ ക്ഷേത്രം, വൈക്കം മഹാദേവ ക്ഷേത്രം, തൃപ്രയാർ ക്ഷേത്രം, ആറാട്ടുപുഴ, പെരുവനം തുടങ്ങീയ പ്രമുഖ വേദികളിലെല്ലാം പാഠകാവതരണം നടത്തിയിട്ടുണ്ട്. കലയോടൊപ്പം ആയുർവേദത്തിലും നിപുണനാണ്. വൈദ്യരത്‌നം ആയുവേദ മരുന്ന് നിർമ്മാണകേന്ദ്രത്തിലെ ഗുണനിയന്ത്രണ ഉദ്യോഗസ്ഥനാണിദ്ദേഹം. ഭാര്യയുടെ മരണശേഷം മക്കളോടൊപ്പമാണ് താമസം.