തൃശൂർ: തൃശൂർ കോർപറേഷൻ പരിധിയിൽ വരുന്ന അയ്യന്തോൾ പുഴയ്ക്കൽ, ഉദയനഗർ, പ്രിയദർശിനി നഗർ, മൈത്രി നഗർ, പുല്ലഴി, ചേറ്റുപുഴ, പൂങ്കുന്നം, പെരിങ്ങാവ് ഉൾപ്പെടെ നിരവധി സ്ഥലങ്ങളിലെ വെള്ളക്കെട്ട് സംബന്ധിച്ച്, എസ്.സി.എം.എസ് കോളേജ് ഒഫ് എൻജിനിയറിംഗ് വാട്ടർ ഡിപ്പാർട്ട്മെന്റ് വിശദമായ പഠനം നടത്തി റിപ്പോർട്ട് തയാറാക്കും. കൗൺസിലർ എ. പ്രസാദ് നൽകിയ കത്തിനെ തുടർന്നാണ്, ഈ രംഗത്ത് സംസ്ഥാനത്ത് നിരവധി പഠനങ്ങൾ നടത്തിയ സംഘം റിപ്പോർട്ട് തയ്യാറാക്കുന്നത്.

ഡയറക്ടർ ഡോ. സണ്ണി ജോർജിന്റേയും അസി. പ്രൊഫസർ ഡോ. രതീഷ് മേനോന്റെയും നേതൃത്വത്തിലുള്ള സംഘം അയ്യന്തോൾ പഞ്ചിക്കൽ പാടത്ത് സന്ദർശനം നടത്തിയിരുന്നു. റസിഡന്റ്സ് അസോസിയേഷനുകൾ, ജനപ്രതിനിധികൾ, നാട്ടുകാർ, കോൾ പടവ് ഭാരവാഹികൾ, കെ.എൽ.ഡി.സി, ഇറിഗേഷൻ ഉദ്യോഗസ്ഥർ തുടങ്ങിയവരുമായി സംസാരിച്ച് തോടുകൾ സംബന്ധിച്ച് നൂതനമായ സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തിൽ വിശദമായ പഠന റിപ്പോർട്ട് തയാറാക്കി ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ച് അധികൃതർക്ക് കൈമാറാനാണ് ലക്ഷ്യം.

കൗൺസിലർമാരായ എ. പ്രസാദ്, വത്സല ബാബുരാജ്, റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ, മുൻ കൗൺസിലർ കെ. രാമനാഥൻ, ഷാജു ചേലാട്ട് എന്നിവരും ഉദ്യോഗസ്ഥർക്കൊപ്പം ഉണ്ടായിരുന്നു.