തൃപ്രയാർ: മകൻ പലിശയ്ക്ക് പണം വാങ്ങി തിരികെ നൽകാത്തതിന്റെ പേരിൽ ഗുണ്ടാ സംഘം അമ്മയ്ക്ക് നേരെ ആക്രമണം നടത്തി. വലപ്പാട് എടമുട്ടം വാഴപ്പുള്ളി സുനിൽ കുമാർ ഭാര്യ റാണിയെ (52) കൈയിലും കഴുത്തിലും പരിക്കുകളോടെ വലപ്പാട് ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. കാറിലെത്തിയ 12 അംഗ സംഘം വാതിൽ തുറന്ന വീട്ടമ്മയെ മുടിയിൽ പിടിച്ച് വലിച്ച് 300 മീറ്റർ അകലെ എടമുട്ടം - കഴിമ്പ്രം റോഡിൽ എത്തിച്ച് കാറിൽ കയറ്റാൻ ശ്രമിക്കുകയായിരുന്നു. അതിനിടയിൽ സംഘം വീട്ടമ്മയെ മർദ്ദിക്കുകയും ചെയ്തു. സമീപത്തെ കടയിലെ ആളുകൾ എത്തി തടഞ്ഞ് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസിനെ കണ്ട് സംഘം കാറിൽ രക്ഷപ്പെടുകയായിരുന്നു. സംഘത്തിലെ 2 പേരെ രാത്രി തന്നെ വലപ്പാട് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.