വടക്കേകാട്: മുക്കിലപ്പീടികയിലെ 60 ഓട്ടോറിക്ഷാ തൊഴിലാളികളുടെ ജീവിതം തുലാസിലായിട്ട് ദിവസങ്ങൾ പിന്നിടുന്നു. ഇതിനിടെ രാഷ്ട്രീയ മുതലെടുപ്പും അവകാശവാദങ്ങളും പ്രതിഷേധങ്ങളും കണക്കിന് നടക്കുന്നുണ്ടെങ്കിലും തൊഴിലാളികളുടെ ജീവിതസുരക്ഷയും തൊഴിൽസുരക്ഷിതത്വവും ആരും കണക്കിലെടുക്കുന്നില്ലെന്ന് മാത്രം.
മുക്കിലപ്പീടിക നാൽക്കവലയിലെ തിരക്ക് കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു പൊലീസ് പ്രധാന സ്റ്റാൻഡ് വിഭജിച്ചത്. എന്നാൽ ഇതോടെ വരുമാനം തുലോം കുറഞ്ഞെന്നാണ് ഡ്രൈവർമാർ പറയുന്നത്. നിത്യേന 600 രൂപയോളം കിട്ടിയിരുന്നത് ഇപ്പോൾ നൂറുരൂപ തികയ്ക്കാൻ പാടുപെടുന്നുവെന്നാണ് സ്ഥിതി.
കൊടി കാട്ടിയാൽ ഓട്ടം
മുക്കിലപ്പീടികയിലെ പഴയ സ്റ്റാൻഡ് നാലായി വിഭജിച്ചിരുന്നു. ഇതേത്തുടർന്ന് മുക്കിലപ്പീടിക പഴയ സ്റ്റാൻഡ്, ആറ്റുപുറം റോഡ്, കല്ലിങ്കൽ റോഡ്, ആശുപത്രിപ്പടി എന്നിവിടങ്ങളിലാണ് ഇപ്പോൾ ഓട്ടോറിക്ഷകൾ നിറുത്തിയിടുന്നത്. മുക്കിലപ്പീടിക പഴയ സ്റ്റാൻഡിന് നൂറുമീറ്റർ അകലെ അഞ്ച് ഓട്ടോറിക്ഷകൾ നിറുത്തിയിടുന്ന ഓട്ടോറിക്ഷകൾ ഓട്ടം എടുക്കേണ്ടത് കല്ലിങ്കൽ റോഡിൽ എത്തിയാണ്. ഓട്ടം കിട്ടുന്ന സമയം കല്ലിങ്കൽ റോഡിൽ നിറുത്തിയിടുന്ന അഞ്ച് ഓട്ടോറിക്ഷകളിൽ അവസാനത്തെയാൾ ആറ്റുപുറം റോഡിലെ ഡ്രൈവർമാരോട് ഓട്ടം കിട്ടിയ വിവരം കൊടി ഉയർത്തിക്കാട്ടി അറിയിക്കും. ഈ സമയം ഒരു ഓട്ടോറിക്ഷ ആറ്റുപുറത്ത് നിന്നും മുക്കിലപ്പീടികയിലേക്കെത്തും.
രാഷ്ട്രീയക്കളി
തൊഴിലാളി സംഘടനകളോട് പോലും ആലോചിക്കാതെ പൊലീസ് ഏകപക്ഷീയമായി ഓട്ടോ സ്റ്റാൻഡ് മാറ്റിയതിനെതിരെ പ്രതിഷേധിച്ചെങ്കിലും ഫലം കണ്ടിരുന്നില്ല. തുടർന്ന് പഞ്ചായത്ത് സെക്രട്ടറിക്കും പ്രസിഡന്റിനും തൊഴിലാളികൾ ഒപ്പിട്ട് നിവേദനം നൽകി. ഇതിനിടെ രാഷ്ട്രീയ മുതലെടുപ്പ് നടന്നതായാണ് ആക്ഷേപം.
ഐ.എൻ.ടി.യു.സി നേതൃത്വത്തിൽ തൊഴിലാളി യൂണിയൻ രൂപീകരിച്ചാൽ സ്റ്റാൻഡ് നിലനിറുത്തുന്നതിന് സഹായിക്കാമെന്നാണ് മുൻ പഞ്ചായത്ത് പ്രസിഡന്റായ കോൺഗ്രസ് നേതാവ് വാഗ്ദാനം ചെയ്തതത്രെ. ഇതുപ്രകാരം സ്റ്റാൻഡ് രൂപീകരിച്ചെങ്കിലും വാഗ്ദാനം ചെയ്ത നേതാവ് തന്നെയാണ് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയിൽ പഴയ സ്റ്റാൻഡ് മാറ്റാൻ നീക്കം നടത്തിയതെന്ന ആരോപണവും ശക്തമാണ്.
പരിഹാരം വേണം
ഭീമമായ തുക മക്കളുടെ വിവാഹത്തിനും മറ്റുമായി വായ്പയെടുത്തവരും കിടപ്പാടം ജപ്തി ഭീഷണി നേരിടുന്നവരും വാഹനം വാങ്ങാൻ സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും കടമെടുത്തു തിരിച്ചടവ് മുടങ്ങിയവരും അടക്കം തീർത്തും ദരിദ്രരായ വിഭാഗമാണ് ഞങ്ങളുടേത്. കെ.വി. അബ്ദുൾ ഖാദർ എം.എൽ.എയ്ക്ക് നിവേദനം നൽകിയതിലാണ് പ്രതീക്ഷ. ഞങ്ങളിൽ ഒരാൾ ആത്മഹത്യ ചെയ്താലെങ്കിലും പരിഹാരമുണ്ടാകുമോ?
- ഓട്ടോ തൊഴിലാളികൾ