കൊടകര: വിദ്യാഭ്യാസം, രാഷ്ട്രീയം, സാമ്പത്തികം തുടങ്ങിയ മേഖലകളിൽ തുല്യനീതിയുണ്ടെങ്കിൽ ജാതി ചിന്തയുണ്ടാകില്ലെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. യോഗം കൊടകര യൂണിയൻ ചെട്ടിച്ചാൽ ശാഖ ശ്രീനാരായണ പ്രാർത്ഥനാ മന്ദിരവും ശാഖാ ഓഫീസും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജാതി വിവേചനമാണ് എസ്.എൻ.ഡി.പി യോഗം ഉണ്ടാകാൻ കാരണം. യോഗം സമര സംഘടനയായാണ് രൂപപ്പെട്ടത്. അതിന്നും തുടർന്നു പോരുന്നു. സാമൂഹിക നീതി നിഷേധം വരുന്നിടത്ത് യോഗം ശക്തമായി പറയുകയും പ്രവർത്തിക്കുകയും ചെയ്യും. ഗുരു ദർശനത്തിലൂടെയാണ് ലോകത്ത് ശാന്തിയും സമാധാനവും ഐശ്വര്യവും ഉണ്ടാകേണ്ടത്. ഗുരുവിന്റെ അരുവിപ്പുറം പ്രതിഷ്ഠ അറിയാനും അറിയിക്കാനും സാധിക്കണമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ശാഖാ പ്രസിഡന്റ് കെ.ആർ ദിവാകരൻ അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി കെ.ആർ. ദിനേശൻ ആമുഖപ്രസംഗം നടത്തി. ശാഖാ സെക്രട്ടറി കെ.കെ ഗംഗാധരൻ സ്വാഗതം പറഞ്ഞു. യോഗം കൗൺസിലർമാരായ ബേബി റാം, പി.കെ പ്രസന്നൻ, യൂണിയൻ പ്രസിഡന്റ് സുന്ദരൻ മൂത്തമ്പാടൻ, യൂണിയൻ വൈസ് പ്രസിഡന്റ് പി.കെ സുഗതൻ എന്നിവർ മുഖ്യാതിഥികളായി. പ്രശാന്ത് പുല്ലരിക്കൽ, ശ്രീധരൻ കളരിക്കൽ, സുരേന്ദ്രൻ ഞാറ്റുവെട്ടി, ഇ.കെ ശശി, കെ.എസ് സൂരജ്, നന്ദകുമാർ മലപ്പുറം, ചന്ദ്രശേഖരൻ മൂത്തമ്പാടൻ, മിനി പരമേശ്വരൻ, ലൗലി സുധീർ ബേബി, അനിൽ ഞാറ്റുവെട്ടി, ഓമന കൊല്ലാറ, ലെനിൻ കണ്ണങ്ങനാട്ട്, പ്രഭാകരൻ മുണ്ടക്കൽ തുടങ്ങിയവർ സംസാരിച്ചു.