പുതുക്കാട്: സർവീസ് സഹകരണ ബാങ്കിനെ ജില്ലയിലെ മികച്ച ബാങ്കാക്കി മാറ്റുന്നതിൽ മികച്ച സേവനം കാഴ്ച വച്ച സെക്രട്ടറി എം.കെ. നാരായണൻ ഔദ്യോഗിക ജീവിതത്തിൽ നിന്നും ഇന്ന് വിരമിക്കുന്നു. പറപ്പൂക്കരയിലെ പ്രശസ്തമായ മുണ്ടയ്ക്കൽ കുടുംബാംഗമായ എം.കെ. നാരായണൻ 32 വർഷത്തെ സേവനത്തിനു ശേഷമാണ് വിരമിക്കുന്നത്. സേവന കാലത്ത് അവസാനത്തെ 23 വർഷം ബാങ്കിന്റെ സെക്രട്ടറിയായിരുന്നു.
പ്രസിഡന്റായിരുന്ന കെ.കെ. നാരായണന്റെയും കാലാകാലങ്ങളിലെ ഭരണ സമിതികളുമായുള്ള പ്രവർത്തന മികവാണ് പുതുക്കാട് സർവീസ് സഹകരണ ബാങ്ക് ജില്ലയിലെ ആദ്യത്തെ സൂപ്പർ ഗ്രേഡ് ബാങ്കായി വളർന്നത്. ദേശീയ പാതയോരത്ത് ബാങ്കിന്റെ യശസ് ഉയർത്തി നിർമ്മിച്ച ഹെഡ് ഓഫീസ്, കാഞ്ഞൂപ്പാടം, എടത്തൂട്ടപ്പാടം, തൊറവ് എന്നിവിടങ്ങളിൽ സ്വന്തം സ്ഥലവും കെട്ടിടവും ഉയർന്നതും, കേരകർഷകർക്കായി ചെങ്ങാലൂരിൽ സ്ഥാപിച്ച നാളികേര സംഭരണ കേന്ദ്രം എന്നിവ നാരായണൻ സെക്രട്ടറിയായിരുന്ന കാലത്താണ് സ്ഥാപിതമായത്.
പ്രളയബാധിതർക്ക് സംസ്ഥാന സഹകരണ വകുപ്പ് നിർമ്മിച്ചു നൽകുന്ന കെയർ ഹോം പദ്ധതി പ്രകാരം പുതുക്കാട് സർവ്വീസ് സഹകരണ ബാങ്ക് ഇതിനോടകം നിർമ്മാണം പൂർത്തീകരിച്ച് താക്കോൽ കൈമാറിയത് അരഡസൻ വീടുകളാണ്. ഇതിനെല്ലാം ഭരണസമിതിക്കൊപ്പം നേതൃത്വപരമായ പങ്ക് വഹിക്കാനായത് ശ്രദ്ധേയമായ നേട്ടമാണ്.
കാർക്കശ്യ കാരനാണെങ്കിലും സഹപ്രവർത്തകരോടും സൗമ്യമായ ഇടപെടൽ നടത്തുന്ന നാരായണന് ബാങ്ക് ഭരണസമിതിയും ജീവനക്കാരും ചേർന്ന് ഇന്ന് യാത്രഅയപ്പ് നൽകുന്നു. ചെങ്ങാല്ലൂർ ബാബുരാജ് ഓഡിറ്റോറിയത്തിൽ വൈകിട്ട് മൂന്നിന് നടക്കുന്ന യാത്രഅയപ്പ് യോഗം ടി.എൻ. പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്യും. മുൻ മന്ത്രി കെ.പി. വിശ്വനാഥൻ, പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ശിവരാജൻ, കൊടകര ബ്ലോക്ക് മൾട്ടി പർപ്പസ് സഹകരണ സംഘം പ്രസിഡന്റ് കെ.എം. ബാബുരാജ്, ബാങ്ക് പ്രസിഡന്റ് ടി.വി. പ്രഭാകരൻ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ എന്നിവർ പങ്കെടുക്കും.