ചാലക്കുടി: അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതി നടപ്പാക്കണമെന്ന് ഗോപാലകൃഷ്ണ ആഡിറ്റോറിയത്തിൽ സമാപിച്ച സി.ഐ.ടി.യു ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. കുത്തക മുതലാളിമാർക്ക് മാത്രം ഗുണകരമാകുന്ന മോട്ടോർ വാഹന നിയമം പരിഷ്‌കരിക്കണമെന്ന് മറ്റൊരു പ്രമേയത്തിലൂടെ കേന്ദ്ര സർക്കാരിനോടും ആവശ്യപ്പെട്ടു.
അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത നിലച്ചതിനാൽ നിർമ്മാണ മേഖല പ്രതിസന്ധിയിലാണെന്നും പ്രശ്‌നം പരിഹരിക്കാൻ സർക്കാർ ഇടപെണമെന്ന ആവശ്യം അടങ്ങിയ പ്രമേയയും പാസാക്കി. സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം, സെക്രട്ടറി കെ.എൻ. ഗോപിനാഥ്, പ്രസിഡന്റ് കെ.കെ. രാമചന്ദ്രൻ, സെക്രട്ടറി യു.പി. ജോസഫ് എന്നിവർ പ്രസംഗിച്ചു.
കെ.കെ. രാമചന്ദ്രനെ പ്രസിഡന്റായും യു.പി. ജോസഫിനെ സെക്രട്ടറിയായും വീണ്ടും തെരഞ്ഞെടുത്തു. എ. സിയാവുദ്ദീനാണ് ട്രഷറർ. നൂറംഗ കമ്മിറ്റിയും 308 അംഗ ജനറൽ കൗൺസിലും ഗോപാലകൃഷ്ണ ആഡിറ്റോറിയത്തിൽ നടന്ന യോഗം തിരഞ്ഞെടുത്തു. പതാക താഴ്ത്തൽ, ദീപശിഖ അണയ്ക്കൽ എന്നിവയോടെയാണ് മൂന്നു ദിവസത്തെ സമ്മേളനത്തിന് സമാപനമായത്.