vanitha-police
വനിതാ സിവിൽ പൊലീസ് ഓഫീസർ റാങ്ക് ലിസ്റ്റിൽ തുടർ നടപടികളില്ലാത്തതിൽ പ്രതിഷേധിച്ച് ഉദ്യോഗാർത്ഥികൾ ഇന്നലെ തേക്കിൻക്കാട് മൈതാനിയിൽ ഒത്തുചേർന്നപ്പോൾ

തൃശൂർ : വനിത സിവിൽ പൊലീസ് ഓഫീസർ റാങ്ക് ലിസ്റ്റിൽ തുടർനടപടികളില്ല, ഉദ്യോഗാർത്ഥികൾ പ്രതിഷേധവുമായി രംഗത്ത്. തൃശൂർ ജില്ലയിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട നൂറോളം പേരാണ് ഇന്നലെ തേക്കിൻകാട് മൈതാനിയിൽ ഒത്തു ചേർന്നത്. സംസ്ഥാന തലത്തിലുള്ള റാങ്ക് ലിസ്റ്റിൽ ജില്ലയിൽ നിന്ന് അറുന്നൂറോളം പേരാണ് ഉൾപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ എപ്രിലിലാണ് പി.എസ്.സി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. റാങ്ക് ലിസ്റ്റ് പുറത്ത് വന്ന് ഏഴ് മാസം പിന്നിട്ടിട്ടും ആകെ നടന്നിട്ടുള്ളത് ഉദ്യോഗാർത്ഥികളുടെ ഉയരം സംബന്ധിച്ച അളവെടുപ്പ് മാത്രമാണ്. ശാരീരിക ക്ഷമത പരിശോധന നടത്താൻ ഇതുവരെയും തയ്യാറായിട്ടില്ല. സംസ്ഥാന തലത്തിൽ പതിനായിരത്തോളം പേരാണ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളത്. ശാരീരിക ക്ഷമത പരിശോധന കഴിഞ്ഞാൽ മാത്രമേ പ്രധാന റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ സാധിക്കൂ. 2018 മേയ് 26 നാണ് പരീക്ഷ നടന്നത്. അതേ സമയം ഇതേ സമയത്ത് പുറത്തിറക്കിയ പുരുഷന്മാരുടെ റാങ്ക് ലിസ്റ്റിൽ ശാരീരികക്ഷമത പരിശോധന കഴിഞ്ഞു. ഇന്നലെ തേക്കിൻക്കാട് ഒത്തുചേർന്ന ഇവർ ഗവർണർ, മുഖ്യമന്ത്രി, മനുഷ്യാവാകാശ കമ്മിഷൻ, മന്ത്രിമാർ തുടങ്ങിയവർക്ക് നിവേദനം നൽകാനുള്ള തയ്യാറെടുപ്പിലാണ്.