പാവറട്ടി : വെങ്കിടങ്ങ് പഞ്ചായത്ത് ജൈവവളത്തിന്റേയും, മെറ്റീരിയൽ കളക്‌ഷൻ ഫെസിലിറ്റി സെന്ററിന്റെയും പ്രവർത്തനം ഒക്ടോബർ രണ്ടിന് തുടങ്ങും. ജൂൺ ആറിന് മുരളി പെരുനെല്ലി എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം നടത്തിയിരുന്നു. എന്നാൽ കാലവർഷത്തിൽ വെള്ളം ഉയർന്നതിനാൽ പ്രവർത്തനം തുടങ്ങാനായില്ല.

വെങ്കിടങ്ങ് പഞ്ചായത്തിൽ ഉണ്ടാകുന്ന മാലിന്യം ഇവിടെ ശേഖരിക്കും. കല്യാണമണ്ഡപം, കോഴിക്കട, ഹോട്ടൽ, പച്ചക്കറിക്കട, ഫ്രൂട്ട്‌സ് കട, കേറ്ററിംഗ് സെന്റർ എന്നിവിടങ്ങളിലെ മാലിന്യമാണ് പ്രധാനമായും ഉണ്ടാകുന്നത്. ഇതിൽ പലതും സംസ്‌കരിക്കാൻ നിലവിൽ മാർഗമില്ല. ഇവയെല്ലാം ശേഖരിക്കാൻ പഞ്ചായത്ത് വാഹനം ഉപയോഗിക്കും.

പരിശീലനം നേടിയ മൂന്ന് പേരെ ഇതിനായി നിയമിച്ചിട്ടുണ്ട്. ശേഖരിക്കുമ്പോൾ നിശ്ചിത യൂസർ ഫീസ് വാങ്ങും. പ്ലാന്റിൽ ഇവ ഗുണമേന്മയുള്ള ജൈവ വളമാക്കി മാറ്റാൻ യന്ത്രം സജ്ജമാക്കിയിട്ടുണ്ട്. ഹരിതാമൃതം വെങ്കിടങ്ങ് എന്ന പേരിൽ കർഷകർക്ക് വളം ലഭിക്കും. ഗ്രീൻ പ്രോട്ടോകോൾ പാലിക്കാൻ എല്ലാ സ്ഥാപനങ്ങൾക്കും നോട്ടീസ് നൽകിയിരുന്നു.

പഞ്ചായത്തിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് പി.കെ. പത്മിനി അദ്ധ്യക്ഷയായി. ഐ.ആർ.ടി.സി പ്രതിനിധി വി. മനോജ് കുമാർ പദ്ധതി വിശദീകരിച്ചു. വൈസ് പ്രസിഡന്റ് കെ.വി. മനോഹരൻ, ആരോഗ്യ വിദ്യാഭ്യാസ ചെയർമാൻ ശോഭന മുരളി, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ പി. മഹേഷ്, അസി. എൻജിനിയർ വി.കെ. പ്രദീഷ് കുമാർ, അപ്പു ചീരോത്ത്, പഞ്ചായത്ത് സെക്രട്ടറി സി.എസ്. മിനി, അസി. സെക്രട്ടറി വാസുദേവൻ, മുഹമ്മദ് റാഫി, വ്യാപാരി പ്രതിനിധി ജെയ്ക്ക്, ഓഡറ്റോറിയം പ്രതിനിധി ഖാലിദ് വെങ്കിടങ്ങ്, കാറ്ററിംഗ് പ്രതിനിധി എന്നിവർ പങ്കെടുത്തു.

തിങ്കളാഴ്ച രാവിലെ പത്തരയ്ക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കുന്ന യോഗത്തിൽ ബന്ധപ്പെട്ടവർ പങ്കെടുക്കകണമെന്ന് സെക്രട്ടറി സി.എസ്. മിനി അറിയിച്ചു