കൊടുങ്ങല്ലൂർ: യുവാവിനെ കൊലപ്പെടുത്തി മൃതദേഹം പുതപ്പിൽ പൊതിഞ്ഞ് ആളൊഴിഞ്ഞ പറമ്പിൽ തള്ളിയവരെ കണ്ടെത്താൻ പൊലീസ് സംഘം ഒറീസയിലേക്ക് തിരിച്ചതായി വിവരം. മതിലകം എസ്.ഐ സൂരജിന്റെ നേതൃത്വത്തിൽ സ്‌ക്വാഡ് അംഗങ്ങളുൾപ്പെടെയുള്ള സംഘമാണ് ഒറീസയിലേക്ക് പോയി. പി. വെമ്പല്ലൂർ ചന്ദനയ്ക്ക് സമീപം താമസിക്കുന്ന മനയത്ത് ബൈജുവിന്റെ മകൻ അപ്പു എന്ന് വിളിക്കുന്ന വിജിത്തിന്റെ (27) കൊലപാതകവുമായി ബന്ധപ്പെട്ടാണ് പൊലീസ് സംഘം ഒറീസയിലെത്തിയത്.
മൃതദേഹം കണ്ടെത്തിയ സ്ഥലത്തിനടുത്ത് വാടക കെട്ടിടത്തിൽ താമസിച്ചിരുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്കൊപ്പം കൂടിയിരുന്നുവെന്നും അന്ന് രാത്രിയിലാകാം കൊലപാതകം നടന്നിരിക്കുക എന്നുമാണ് പൊലീസിന്റെ അനുമാനം. അന്യ സംസ്ഥാന തൊഴിലാളികളായ നാല് പേർ വെള്ളിയാഴ്ച രാവിലെ ആറരയോടെ ഇവിടെ നിന്നും സ്ഥലം വിട്ടിട്ടുണ്ട്. ഇവരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് അനുമാനം. ഇവർ നാല് പേരും ഒറീസയിൽ നിന്നുള്ളവരാണ്. ഇവരിലൊരാളുടെ കൃത്യമായ വിവരം പൊലീസിന്റെ പക്കലുണ്ട്. നാലംഗ സംഘത്തിലുള്ളവരുടെ വീടുകളെ കുറിച്ച് ധാരണയുള്ള ഒരാളെക്കൂടി കണ്ടെത്താൻ കഴിഞ്ഞ പൊലീസ് സംഘം അന്യ സംസ്ഥാന തൊഴിലാളികളെ കരാറടിസ്ഥാനത്തിൽ ഇവിടെ എത്തിക്കുന്ന ആളെയും ഒപ്പം കൂട്ടിയിട്ടുണ്ടെന്നാണ് വിവരം. വിജിത്തിന്റെ ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കിയതിന് പിറകെ ശനിയാഴ്ച രാത്രിയോടെ ഒറീസയിലേക്ക് തിരിച്ച പൊലീസ് സംഘം ഇന്നലെ രാത്രിയോടെ അവിടെ എത്തിയിട്ടുണ്ടെന്നാണ് സൂചന.

പ്രദേശത്തുള്ള ഇതര സംസ്ഥാന തൊഴിലാളികളിൽ ചിലരെ പൊലീസ് നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. പൊലീസിന്റെ നീക്കം കൊലപാതകികളിലേക്ക് എത്താതിരിക്കാൻ കൂടി ലക്ഷ്യമിട്ടാണ് ഈ നീക്കം.