തൃശൂർ : കാലവർഷം പിന്നിട്ട് തുലാവർഷത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായുള്ള ഇടിമിന്നൽ ഇത്തവണ ശക്തമാകുമെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. തുലാവർഷത്തിന്റെ കാലക്രമം ഇന്ന് ആരംഭിക്കുമെങ്കിലും തുലാമഴ ലഭിക്കാൻ ഇരുപത് ദിവസമെങ്കിലും പിടിക്കുമെന്നാണ് കാലാവസ്ഥാ അധികൃതർ നൽകുന്ന സൂചന. ഇന്നലെ കാലവർഷ കാലയളവ് അവസാനിച്ചു. അത് കൊണ്ട് ഇന്ന് മുതൽ പെയ്യുന്ന മഴ തുലാവർഷ കണക്കിൽ തന്നെയാണ് ഉൾപ്പെടുത്തുക. കേരളത്തിൽ ഇപ്പോൾ ലഭിക്കുന്ന മഴയോടനുബന്ധിച്ച് ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 10 മണിവരെയുള്ള സമയത്ത് ശക്തമായ ഇടിമിന്നലിനുള്ള സാദ്ധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്. ഇത്തരം ഇടിമിന്നൽ അപകടകാരികളെന്നും അവ മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും നാശനഷ്ടം ഉണ്ടാക്കുമെന്നും അറിയിച്ചിട്ടുണ്ട്. മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ ദൃശ്യമല്ല എന്നതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുത്.
കുട്ടികളുടെ ശ്രദ്ധയ്ക്ക്
ഉച്ചയ്ക്ക് 2 മണി മുതൽ വൈകിട്ട് 10 മണിവരെയുള്ള സമയത്ത് തുറസായ സ്ഥലത്തും, ടെറസിലും കളിക്കുന്നത് ഒഴിവാക്കുക.
പൊതു നിർദ്ദേശം
ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിലേക്ക് മാറുക
മഴക്കാർ കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തേക്കോ ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 10 മണി വരെയുള്ള സമയത്ത് പോകരുത്
ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുക.
ജനലും വാതിലും അടച്ചിടുക
ലോഹ വസ്തുക്കളുടെ സ്പർശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യം ഒഴിവാക്കുക
ഫോൺ ഉപയോഗിക്കരുത്
ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക
ഇടിമിന്നലുള്ള സമയത്ത് ടെറസിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കരുത്
വാഹനത്തിനുള്ളിൽ ആണെങ്കിൽ തുറസായ സ്ഥലത്ത് നിറുത്തി, ലോഹ ഭാഗങ്ങളിൽ സ്പർശിക്കാതെ ഇരിക്കണം.
ഇടിമിന്നലുള്ള സമയം പുറത്ത് അയയിൽ കിടക്കുന്ന നനഞ്ഞ വസ്ത്രങ്ങൾ എടുക്കാതിരിക്കുക.
മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ച്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതമോ സംഭവിക്കാം.