കൊടുങ്ങല്ലൂർ: നിയന്ത്രണം വിട്ട ബുള്ളറ്റ് പാതയോരത്തെ മതിലിലിടിച്ച് യാത്രികൻ മരിച്ചു. പുത്തൻവേലിക്കര തിരുത്തുർ കൈതത്തറ ജോസിന്റെ മകൻ നിർമ്മൽ (35) ആണ് മരിച്ചത്.

ഇന്നലെ പുലർച്ചെ തൃശൂർ എലൈറ്റ് ആശുപത്രിയിലാണ് മരണം. ഇന്നലെ പുലർച്ചെ ഒരു മണിയോടെ കൊടുങ്ങല്ലൂർ കാവിൽകടവിൽ വെച്ചാണ് അപകടം ഉണ്ടായത്. ബൈക്ക് മതിലിലിടിച്ച് തെറിച്ചുവീണ് അബോധാവസ്ഥയിലായ ഇയാളെ അടുത്ത വീട്ടുകാർ ആദ്യം കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തലക്കും നെഞ്ചിനും മാരക മുറിവേറ്റ ഇയാളെ പിന്നീട് വിദഗ്ധ ചികിത്സക്കായി തൃശൂർ എലൈറ്റ് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും പുലർച്ചെ രണ്ടരയോടെ മരിച്ചു. ഇയാളുടെ പക്കലുണ്ടായിരുന്ന ഡ്രൈവിങ്ങ് ലൈസൻസിൽ നിന്നാണു് ആളെ തിരിച്ചറിയാൻ കഴിഞ്ഞത്. കൊടുങ്ങല്ലൂർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.