ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ അടുത്ത ആറ് മാസത്തേക്കുള്ള മേൽശാന്തിയായി പഴയത്ത് സുമേഷ് നമ്പൂതിരി (41) ചുമതലയേറ്റു. ഇന്നലെ രാത്രി അത്താഴപ്പൂജയ്ക്കും തൃപ്പുകയ്ക്കും ശേഷം ഒമ്പതോടെയാണ് സ്ഥാനമേൽക്കൽ ചടങ്ങ് നടന്നത്. നിലവിലുള്ള മേൽശാന്തി പൊട്ടക്കുഴി കൃഷ്ണൻ നമ്പൂതിരി സ്ഥാനചിഹ്നമായ താക്കോൽക്കൂട്ടം വെള്ളിക്കുടത്തിലാക്കി ശ്രീകോവിലിന് മുന്നിലെ നമസ്‌കാര മണ്ഡപത്തിൽ സമർപ്പിച്ച് തൊഴുത് നമസ്‌കരിച്ച് സ്ഥാനമൊഴിഞ്ഞു. തുടർന്ന് ക്ഷേത്രം ഊരാളനിൽ നിന്നും സ്ഥാനചിഹ്നമായ താക്കോൽക്കൂട്ടം ഏറ്റുവാങ്ങി പുതിയ മേൽശാന്തി സുമേഷ് നമ്പൂതിരി ശ്രീലകത്ത് പ്രവേശിച്ച് ഗുരുവായൂരപ്പനെ വണങ്ങി മുഖമണ്ഡപത്തിൽ നമസ്‌കരിച്ച് പുറത്തുകടന്ന് ശ്രീലക വാതിലടച്ചു. മേൽശാന്തിമാറ്റ ചടങ്ങുകളുള്ളതിനാൽ ഇന്നലെ രാത്രി ക്ഷേത്രത്തിൽ ചുറ്റുവിളക്ക് ഉണ്ടായില്ല. അടുത്ത ആറ് മാസമാണ് പുതിയ മേൽശാന്തിയുടെ കാലാവധി. ഇത് മൂന്നാം തവണയാണ് സുമേഷ് നമ്പൂതിരി ക്ഷേത്രം മേൽശാന്തിയാകുന്നത്. പുറപ്പെടാ ശാന്തിയായതിനാൽ കാലാവധി കഴിയുന്ന മാർച്ച് 31 വരെ സുമേഷ് നമ്പൂതിരി ക്ഷേത്രത്തിനകത്ത് താമസിക്കും...