തിരുവനന്തപുരം: പരിസ്ഥിതി സൗഹൃദം പേരിലൊതുങ്ങിയതോടെ ഈറ്റ ഉത്പന്നങ്ങൾ കണി കാണാനില്ലാതായി. പ്രതിവർഷം പരമ്പരാഗത ഈറ്റത്തൊഴിലാളികളുടെ എണ്ണത്തിൽ കുറവുണ്ടെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.ഇതോടെ പരമ്പരാഗത തൊഴിലാളികൾക്കാണ് ഈറ്റ വ്യവസായത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടി വന്നത്.

ഈറ്റ വെട്ടാൻ തൊഴിലാളികളെ കിട്ടാത്തതും, ഈറ്റയുടെ കുറവും തൊഴിലാളികളെ വ്യവസായത്തിൽ നിന്നകറ്റി. കഷ്ടപ്പെട്ട് കാടുകയറി ഈറ്റയെടുത്ത്,വട്ടിയും കുട്ടയും മുറങ്ങളും ചൂരൽ കസേരകളും ഉണ്ടാക്കിയിട്ടും കാര്യമില്ല. വിറ്റഴിക്കാനാവുന്നില്ല. ഇതിനിടയിൽ ഇടനിലക്കാരുടെ ചൂഷണവും ചേർന്നതോടെ ഈറ്റ വ്യവസായം നാശത്തിന്റെ വക്കിലായി.തൊഴിലാളികളിൽ നിന്നും കുറഞ്ഞ വിലയ്ക്ക് വാങ്ങുന്ന ഈറ്റ ഉത്പന്നങ്ങൾ വൻവിലയ്ക്കാണ് വിപണിയിലെത്തുന്നത്. ബാംബൂ കോർപ്പറേഷന്റെ സഹായം തേടാതെ സ്വന്തമായി ഈറ്റ വ്യവസായത്തിലേർപ്പെടുന്നവരുടെ കാര്യം ഇതിലും കഷ്ടമാണ്.

ഇടത്തരക്കാർ ലാഭം കൊയ്യുന്നു എന്നല്ലാതെ തൊഴിലാളികൾക്ക് കാര്യമായൊന്നും ലഭിക്കുന്നില്ല. ഇതോടെ ഈറ്റത്തൊഴിലാളികൾ പരമ്പരാഗത തൊഴിൽ ഉപേക്ഷിക്കാൻ നിർബന്ധിതരായി.
വനം വകുപ്പിന്റെ ജനദ്രോഹ നടപടികളും ഈ വ്യവസായത്തെ മൂടോടെ പിഴുതെറിയാനിടയാക്കുന്നു.

ഈറ്റയുടെ പ്രധാന കമ്പോളങ്ങൾ

കാട്ടാക്കട

നെടുമങ്ങാട്

ചാല മാർക്കറ്റ്

ഈറ്റവില: 15 കോൽ ( 5മുട്ടുകളുള്ള ഈറ്റയാണ് 1 കോൽ): 54 രൂപ

വെട്ട് കൂലി വർദ്ധനവ്

ഒരുകെട്ട് ഈറ്റ വെട്ടുന്നതിന് കൂലി... 275 രൂപ

കൂടിയ വില (കോൽ അടിസ്ഥാനമാക്കി): 90 മുൽ 110 വരെ

ഈറ്റ വ്യവസായത്തിന്റെ ഈറ്റില്ലം

പാലോട്

വിതുര

 പൊന്നാം ചുണ്ട്

പൊടിയക്കാല

വരയാട്മൊട്ട

 കോട്ടൂർ മേഖലകൾ

ഉയർന്ന നിലവാരമുള്ള ഈറ്റ

വളരുന്നത്: വിതുര ജഴ്സി ഫാമിൽ

7 വർഷത്തെ വളർച്ചയുള്ളവയാണിവ

ഈറ്റ കിട്ടാനില്ല

ആവശ്യത്തിന് ഈറ്റ ലഭിക്കാത്തതാണ് പ്രധാന ദുരിതം. തൊഴിൽ മേഖലയിൽ പണിയെടുക്കുന്ന ഒരോ കുടുംബത്തിനും ഈറ്റ ശേഖരിക്കാൻ വനത്തിൽ പ്രവേശിക്കുന്നതിനും നിശ്ചിത അളവിൽ ഈറ്റ ശേഖരിക്കുന്നതിനും വനം വകുപ്പ് പാസ് നൽകിയിട്ടുണ്ട്. അനധികൃതമായി വനത്തിൽ പ്രവേശിച്ചാൽ നിയമനടപടി നേരിടേണ്ടി വരും.

ഈറ്റ ശേഖരിക്കാൻ വനത്തിൽ പോകുമ്പോൾ വന്യമൃഗങ്ങളുടെ ആക്രമണം പതിവാണ്. ജീവൻ പണയംവച്ച് ശേഖരിക്കുന്ന ഈറ്റയ്ക്ക് ജീവിതം കരകയറ്റാനാകുന്നില്ലെന്നതാണ് തൊഴിലാളികളുടെ ദു:ഖം.

കഴിഞ്ഞുപോയ സുവർണകാലം

വർഷങ്ങൾക്ക് മുമ്പ് വരെ ഇതായിരുന്നില്ല സ്ഥിതി. ബാംബൂ കോർപ്പറേഷന്റെ ജില്ലാതല ഡിപ്പോ, സബ് ഡിപ്പോകൾ വഴി ആവശ്യത്തിന് ഈറ്റ ജില്ലയിലെ പരമ്പാഗത നെയ്ത്ത് തൊഴിലാളികൾക്ക് ലഭ്യമാക്കിയിരുന്നു. ഈറ്റ നെയ്ത്ത് മാത്രം ഉപജീവന മാർഗമാക്കിയ നിരവധി കുടുംബങ്ങളുമുണ്ടായിരുന്നു. എന്നാൽ മതിയായ വേതനവും ആനുകൂല്യങ്ങളും ലഭിക്കാതായതോടെ ഈറ്റ വെട്ടുതൊഴിലാളികളുടെ എണ്ണം കുറഞ്ഞു. ഒപ്പം ഈറ്റയുടെ വരവും നിലച്ചു.

ഈറ്റ

നേരെ വളരുന്ന പ്രകൃതമുള്ള ഈറ്റ കൂട്ടമായി വളരുന്ന ഒരു സസ്യമാണ്. പുൽ വർഗ്ഗത്തിൽ ഉൾപ്പെടുന്ന ഇത് ഏകദേശം 1 മീറ്റർ മുതൽ രണ്ട് മീറ്റർ വരെ ഉയരത്തിൽ വളരുന്നു. ചാരനിറത്തിൽ അകം പൊള്ളയായ കാണ്ഡത്തിൽ നിന്നും വശങ്ങളിലേയ്ക്ക് ശാഖകൾ ഉണ്ടാകുന്നു. രോമാവൃതമായി പ്രാരംഭദിശയിൽ കാണപ്പെടുന്ന ഈ ശാഖകൾ പിന്നീട് കറുപ്പു നിറത്തിലോ തവിട്ടു നിറത്തിലോ കാണപ്പെടുന്നു. ഏകദേശം 10 മുതൽ 30 സെന്റീമീറ്റർ വരെ നീളമുള്ള ഇലകളുടെ അഗ്രഭാഗം കൂർത്തതാണ്.

 ബാംബൂ കോർപ്പറേഷന്റെ സഹായം

ഈറ്റ, മുള എന്നീ ഉത്പന്നങ്ങളുടെ വ്യവസായം വികസിപ്പിക്കുന്നതിനുവേണ്ടി കേരളഗവൺമെന്റിന്റെ ഉടമസ്ഥതയിൽ 1971ൽ സ്ഥാപിച്ചിട്ടുള്ള പൊതുമേഖലാസ്ഥാപനം. പരമ്പരാഗത ഈറ്റത്തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് അസംസ്‌കൃതപദാർഥങ്ങൾ ലഭ്യമാക്കുകയും അവരിൽനിന്നു ലഭിക്കുന്ന സംസ്‌കൃതപദാർഥങ്ങൾ ശേഖരിച്ചു വില്ക്കുന്നു.

ബാംബൂ കോർപ്പറേഷൻ പ്രതിവർഷം ശേഖരിക്കുന്നത്:

29,000 മെട്രിക് ടൺ ഈറ

ഇപ്പോഴത്തെ തലമുറ ഈറ്റ വെട്ടുന്നതിൽ നിന്നും വിട്ടു നിൽക്കുന്നതും പരമ്പരാഗതമായി ഈറ്റവെട്ടാൻ പോയിരുന്നവർ മറ്റ് ജോലിയിലേക്കും മാറിപ്പോയതും ഈറ്റവ്യവസായത്തെ തളർത്തി.

-- കണാരൻ കാണി,ഈറ്റത്തൊഴിലാളി,പാലോട്