ജനവിധി അംഗീകരിച്ച് എൽ.ഡി.എഫ് പ്രവർത്തകർ വിനയാന്വിതരായി പ്രവർത്തിക്കണം
എസ്.എൻ.ഡി.പി യോഗത്തിന്റെ പിന്തുണ മാണി സി. കാപ്പന് കിട്ടി
തിരുവനന്തപുരം: കേരള രാഷ്ട്രീയം എൽ.ഡി.എഫിന് അനുകൂലമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. പാലാ ഉപതിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകളിൽ എൽ.ഡി.എഫിന് ഊർജ്ജം നൽകുന്ന ജനവിധിയാണ് പാലായിലുണ്ടായത്. ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്തുണ്ടായിരുന്ന സാഹചര്യം മാറി. യു.ഡി.എഫിന്റെ അടിത്തറ തകർന്നു. ജനവിധി അംഗീകരിച്ച് എൽ.ഡി.എഫ് പ്രവർത്തകർ കൂടുതൽ വിനയാന്വിതരായി ജനങ്ങൾക്കിടയിൽ പ്രവർത്തിക്കണം. കൂടുതൽ ജനപിന്തുണ ആർജിക്കാനുള്ള അവസരമാണ് ഈ വിജയം നൽകിയിരിക്കുന്നത് .
മാണി സി. കാപ്പൻ നടത്തിവന്ന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരവും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മുന്നേറ്റവുമാണ് പാലായിലെ വിജയം.
മുൻകാല തിരഞ്ഞെടുപ്പുകളിൽ എൽ.ഡി.എഫിന് എതിരായി വോട്ടുചെയ്തവരും ഈ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫിന്റെ വൻതോക്കുകളായ എ.കെ. ആന്റണിയും ഉമ്മൻചാണ്ടിയും ദിവസങ്ങളോളം പാലാ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിട്ടും ബി.ജെ.പി വോട്ടുകൾ വിലയ്ക്ക് വാങ്ങിയിട്ടും യു.ഡി.എഫിന് ഗുണമുണ്ടായില്ല. എൻ.ഡി.എ സ്ഥാനാർത്ഥിയായി പി.സി. തോമസിനെയാണ് അവർ ആലോചിച്ചിരുന്നതെങ്കിലും കോൺഗ്രസിന്റെ താത്പര്യപ്രകാരമാണ് ഹരി സ്ഥാനാർത്ഥിയായത് . ബി.ജെ.പി സ്ഥാനാർത്ഥി തന്നെ വോട്ട് മറിച്ചുവെന്ന് ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ആരോപിച്ചിരുന്നു. ബി.ഡി.ജെ.എസിന്റെ പിന്തുണ എൻ.ഡി.എയ്ക്കായിരുന്നെങ്കിലും എസ്.എൻ.ഡി.പി യോഗത്തിന്റെ പിന്തുണ മാണി സി. കാപ്പനായിരുന്നു. വെള്ളാപ്പള്ളി പരസ്യമായി എൽ.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
എക്സിറ്റ്‌പോൾ ഫലങ്ങൾക്ക് വിപരീതമായാണ് ജനവിധിയെന്നും വോട്ടർമാർ പ്രവചനങ്ങൾക്ക് പിന്നാലെ പോകുന്നവരല്ലെന്നും കോടിയേരി പറഞ്ഞു. ശബരിമല പ്രഭാവം തണുത്തു. ഇനിയുള്ള ഉപതിരഞ്ഞെടുപ്പുകളിൽ ശബരിമല ചർച്ചയാകില്ല. പാലാരിവട്ടം പാലം ഉൾപ്പെടെയുള്ള വിഷയങ്ങൾ ജനങ്ങൾ ഇപ്പോഴാണ് മനസിലാക്കിയതെന്നും അദ്ദേഹം പറഞ്ഞു.