നാല് വർഷം മുൻപ് ബി.ടെക് ഇലക്ട്രോണിക്സും എം.ടെക് ഫാഷൻ ടെക്നോളജിയും കഴിഞ്ഞ് ജോലിയായി ഡൽഹിയിൽ താമസിക്കുന്ന കാലത്താണ് ആര്യ ജയരാജൻ ആദ്യമായി ഹാൻഡ് മെയ്ഡ് സോപ്പ് കാണുന്നത്. ഡൽഹിയിലെ കാലാവസ്ഥ ത്വക്കിൽ പ്രശ്നങ്ങളുണ്ടാക്കി തുടങ്ങിയിരുന്നു. കാലാവസ്ഥയ്ക്കൊപ്പം ചർമവും വരണ്ടുതുടങ്ങിയപ്പോൾ പ്രശ്നപരിഹാരമായി ഒരു സുഹൃത്താണ് ഹാൻഡ് മെയ്ഡ് സോപ്പ് നിർദ്ദേശിച്ചത്. കുറച്ച് ദിവസം ഉപയോഗിച്ചപ്പോൾത്തന്നെ നല്ല മാറ്റം ! എന്താണ് ഹാൻഡ് മേയ്ഡ് സോപ്പെന്ന് അന്വേഷിച്ച് തുടങ്ങിയത് അപ്പോഴാണ്. തുടർന്ന് അവ സ്വയം നിർമ്മിക്കണമെന്ന ആഗ്രഹം തോന്നിയപ്പോഴാണ് നിർമാണം പഠിച്ചത്. പിന്നീട് തനിക്കാവശ്യമായ സോപ്പുകൾ തനിയെ ഉണ്ടാക്കി.
ഹാൻഡ് മെയ്ഡ് സോപ്പിനെക്കുറിച്ചറിഞ്ഞ് സുഹൃത്തുക്കളെത്തിയപ്പോൾ ഓരോരുത്തരുടെയും ചർമ്മ ചേരുന്നത് ഉണ്ടാക്കിക്കൊടുത്തു. അതോടെ ആവശ്യക്കാരേറി. എന്ത് വന്നാലും തന്റെ ഉത്പന്നങ്ങളിൽ രാസവസ്തുക്കൾ ഉപയോഗിക്കില്ലെന്ന നിർബന്ധം ആര്യയ്ക്കുണ്ടായിരുന്നു. അതൊരു പുതിയ ചുവടു വയ്പായിരുന്നു. സ്നാന എന്ന ബ്രാൻഡിന്റെ പിറവി.
മൂന്ന് വർഷങ്ങളായി 'സ്നാന" എന്ന ബ്രാൻഡിൽ ആര്യ പ്രകൃതിദത്ത സൗന്ദര്യവർദ്ധിത ഉത്പന്നങ്ങൾ നിർമിക്കുന്നു. സോപ്പ് നിർമ്മാണത്തിൽ തുടങ്ങിയ സംരംഭം ഇന്ന് പലതരം സോപ്പ്, ലിപ് ബാം, മോയ്സ്ചറൈസർ, അലോവേര ജെൽ, ഹെയർ ഓയിൽ, സൗന്ദര്യവർദ്ധിത പൊടിക്കൂട്ടുകൾ, സ്ക്രബർ, ടോണർ എന്നിവയെല്ലാം സ്നാന എന്ന ബ്രാൻഡിന് കീഴിലുണ്ട്.
പലയിടങ്ങളിലായി നടക്കുന്ന എക്സിബിഷനിലൂടെയാണ് വില്പന. ഉത്പന്നങ്ങൾ ആവശ്യപ്പെട്ട് വീണ്ടും വീണ്ടും ആളുകൾ എത്തുന്നതു കൊണ്ട് മാർക്കറ്റിംഗിനെക്കുറിച്ചും ആര്യയ്ക്ക് നോ ടെൻഷൻ. അല്ലെങ്കിലും വലിയ അളവിൽ ഉത്പ്പന്നങ്ങൾ നിർമിക്കാൻ ആര്യ താത്പര്യപ്പെടുന്നില്ല. കുഞ്ഞുങ്ങൾക്കുകൂടി ഉപയോഗപ്പെടുത്താവുന്ന സാധനങ്ങളാണ് നിർമിക്കുന്നത്. അപ്പോൾ അവ അത്രയും ശുദ്ധമായിരിക്കണം. അതുകൊണ്ട് തന്നെ പൊതുവിപണിയിൽ കിട്ടുന്നവയെക്കാൾ വില കൂടുതലാണ് സ്നാന ഉത്പന്നങ്ങൾക്ക്.
നിർമ്മാണത്തിനാവശ്യമായ വസ്തുക്കൾ നേരിട്ടാണ് ശേഖരിക്കുന്നത്. പച്ചമരുന്നുകളും ഔഷധക്കൂട്ടുകളും നാട്ടിൽ നിന്ന് തന്നെ നേരിട്ടോ ഫാമുകളിൽ നിന്നോ ശേഖരിക്കും. ഇൻസ്റ്രന്റായി കിട്ടുന്ന പൊടികൾ ഉപയോഗിക്കില്ല. ആയുർവേദ ഡോക്ടറായ അമ്മാവൻ പറഞ്ഞുകൊടുത്ത പരമ്പരാഗത രീതിയിലാണ് ഹെയർ ഓയിൽ നിർമാണം. മോയിസ്ചറൈസറിന് മാങ്ങയണ്ടി, സ്ക്രബർ നിർമാണത്തിനായി പഞ്ചസാര, കാപ്പി എന്നിവയാണ് ആര്യയുടെ കൈയിലെ അദ്ഭുത വസ്തുക്കൾ. വൈകാതെ തന്റെ ഉത്പന്നങ്ങൾ ഓൺലൈനായി ആളുകളിലേക്കെത്തിക്കാൻ തയാറെടുക്കുകയാണ് ആര്യ.