h

ചിറയിൻകീഴ്: ചിറയിൻകീഴിൽ കൂടുതൽ എക്സ്‌പ്രസ് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിപ്പിക്കുന്നതിന് എം.പിയും റെയിൽവേ മന്ത്രാലയവും അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് പ്രഭാകരൻ ഫൗണ്ടേഷൻ സംസ്ഥാന സമിതി യോഗം ആവശ്യപ്പെട്ടു. പരശുറാം, ഇന്റർസിറ്റി, ചെന്നൈ മെയിൽ, അമൃത, ഏറനാട്, കേരള മാവേലി തുടങ്ങിയ എക്സ്‌പ്രസ് ട്രെയിനുകൾക്ക് അടിയന്തരമായി ചിറയിൻകീഴിൽ സ്റ്റോപ്പ് അനുവദിക്കണം. തിരുവനന്തപുരത്തിനും കൊല്ലത്തിനുമിടയിൽ ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന സ്റ്റേഷനുകളിലൊന്നാണ് ചിറയിൻകീഴ്. ചിറയിൻകീഴ് കേന്ദ്രീകരിച്ച് താലൂക്ക് ഉണ്ടെങ്കിൽ പോലും ചിറയിൻകീഴിന് യാതൊരു പ്രസക്തിയും റെയിൽവേ അധികൃതർ ഇതുവരെ നൽകിയിട്ടില്ല. രണ്ടാമത്തെ പ്ലാറ്റ്ഫോമിൽ കൂടുതൽ നീളത്തിൽ മേൽക്കൂര അത്യാവശ്യമാണ്. ഇതും അടിയന്തരമായി പരിഗണിക്കണം. കോരാണി, മുടപുരം, പെരുങ്ങുഴി, ആറ്റിങ്ങൽ, തെക്കുംഭാഗം, അഞ്ചുതെങ്ങ്, മുതലപ്പൊഴി, പെരുമാതുറ, അഴൂർ തുടങ്ങി വിവിധ സ്ഥലങ്ങളിൽ നിന്നും സർക്കാർ ജീവനക്കാരും വിദ്യാർത്ഥികളും മറ്റ് ഇതര മേഖലകളിൽ പണിയെടുക്കുന്നവരും ഈ റെയിൽവേ സ്റ്റേഷനെയാണ് നിത്യേന ആശ്രയിക്കുന്നത്. കഴിഞ്ഞ 15 വർഷത്തിനുള്ളിൽ പുതുതായി ഒരൊറ്റ എക്സ്‌പ്രസ് ട്രെയിനിനുപോലും ഈ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചിട്ടില്ല. ഈ റെയിൽവേ സ്റ്റേഷൻ വഴി യാത്രചെയ്യുന്നവരുടെ എണ്ണം വൻ തോതിൽ വ‌ർദ്ധിച്ചിട്ടും നിരവധി നിവേദനങ്ങൾ ബന്ധപ്പെട്ടവർക്ക് നൽകിയിട്ടും ട്രെയിനുകളുടെ സ്റ്റോപ്പ് അനുവദിക്കാൻ യാതൊരു നടപടികളും ഇതുവരെയും റെയിൽവേ മന്ത്രാലയം എടുത്തിട്ടില്ലെന്നും സമിതി അഭിപ്രായപ്പെട്ടു. സംസ്ഥാന സമിതി രക്ഷാധികാരി അഡ്വ. എസ്. ഫിറോസ് ലാൽ (ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ) യോഗം ഉദ്ഘാടനം ചെയ്തു. വക്കം മനോജ്, ഡോ. അശോക് കുമാർ, അഡ്വ. മണികണ്ഠദാസ്, പി.എം.എ ഷിബു തുടങ്ങിയവർ സംസാരിച്ചു.