കാട്ടാക്കട:അമിത ഭാരം കയറ്റിവരുന്ന ലോറികൾ വഴി യാത്രകാർക്കും ചെറിയ വാഹനങ്ങൾക്കും ഭീഷണിയാകുന്നു.പട്ടണത്തിലൂടെ ഇരുമ്പു കമ്പികളും, തടിയും രാപകലില്ലാതെ ലോറികളിൽ കയറ്റി പോകുന്നത് പതിവ് കാഴ്ചയാണ്.അപകട മുന്നറിയിപ്പിനായുള്ള സംവിധാനങ്ങൾ ഒന്നും ഇല്ല.

നിയമാനുസൃതമായി പറഞ്ഞിരിക്കുന്ന ഭാരത്തിനും മൂന്നിരട്ടിയാണ് ഇവയിൽ കയറ്റുന്നത്.
അടുത്തസമയത്ത് പൂവച്ചൽ നിന്നും കാട്ടാക്കട ഭാഗത്തേക്ക് അമിത ഭാരവുമായി വന്ന ചെറിയ ലോറി നക്രാംചിറക്ക് സമീപം അപകടത്തിൽപ്പെട്ടിരുന്നു.ഇരുമ്പ് കമ്പികളുമായി സഞ്ചരിച്ച വാഹനത്തിന്റെ കമ്പി കെട്ടി വച്ചിരുന്ന പൈപ്പിന്റെ കെട്ട് പൊട്ടുകയും വാഹനം തെന്നി മാറുകയുമാണുണ്ടായത്.

അമിതഭാരവുമായി പോകുന്ന വാഹനങ്ങൾ മറ്റ് യാത്രക്കാരെ ഭയത്തിലാഴ്ത്തുകയാണ്.

ലോറികൾ വഴിയാത്രക്കാരെയെയുംചെറിയ വാഹനങ്ങളേയും തട്ടിയിടുന്നതായും പരാതിയുണ്ട്.വാഹനങ്ങൾ കടന്നു പോകുന്ന പൊലീസ് സ്റ്റേഷൻ പരിധിയിൽ വച്ച് വാഹനപരിശോധനയ്ക്ക് നിൽക്കുന്ന പൊലീസുകാരുടെ മുന്നിൽ പെട്ടാൽ നിസാര തുക പെറ്റിയടിക്കും എന്നത് മാത്രമാണ് നടപടി.

പിന്നെ അന്നത്തെ ദിവസം പിന്നെ മറ്റൊരു പെറ്റി കിട്ടില്ലന്ന ധൈര്യമാണ് അമിത ഭാരം കയറ്റി പോകാൻ ഇവരെ പ്രേരിപ്പിക്കുന്നത്.ചെക്ക്‌ പോസ്റ്റുകളിലും ഇവർക്ക് പച്ചക്കൊടിയാണ്. ഇത്തരം വാഹനങ്ങൾക്ക് എതിരെ കർശന നടപടി സ്വീകരിക്കാൻ അധികൃതർ തയാറാകണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.