മഹത്തായ ഒട്ടേറെ ആശയങ്ങളും അതിൽനിന്നും ഉരുത്തിരിഞ്ഞുണ്ടായ കർമ്മനിരതമായ പ്രവർത്തനങ്ങളുമാണ് നമ്മുടെ നാടിനെ സാമൂഹ്യസാംസ്കാരിക രംഗത്ത് മുന്നിലെത്തിച്ചത്. കേരളത്തിൽ നവോത്ഥാനത്തിന് തുടക്കം കുറിച്ച സാമൂഹ്യ സാംസ്കാരിക നായകർ വഹിച്ചിട്ടുള്ള പങ്ക് വളരെ വലുതാണ്. ഹിന്ദുമതത്തിന്റെ മാതൃകാപരമായ സന്ദേശങ്ങൾ നമുക്ക് വെളിച്ചം പകർന്നതിന് പുറമേ കാലാകാലങ്ങളിൽ ഇവിടെയെത്തിയ ക്രിസ്തുമതവും ഇസ്ളാംമതവും നമുക്ക് പകർന്നു തന്നെ സദ്ചിന്തകളും മറക്കരുത്.
കേരളം മുന്നേറ്റം വരിച്ച മേഖലകളെ ഒരിക്കലും നമുക്ക് വിലകുറച്ച് കാണാനാവില്ല. മികച്ച വിദ്യാഭ്യാസ സമ്പ്രദായവും ആതുരസേവന രംഗത്തെ നേട്ടങ്ങളും നമ്മുടെ അഭിമാനം വർദ്ധിപ്പിക്കുന്നു. എന്നാൽ സമീപകാലത്തുണ്ടായ ചില അധമ പ്രവൃത്തികളെക്കുറിച്ചുള്ള വാർത്തകൾ ഉള്ളുലയ്ക്കുന്നവയാണ്. സാംസ്കാരിക കേരളത്തിന്റെ അന്തസിന് മേൽ മാലിന്യം പുരട്ടുന്ന തരത്തിലുള്ള പ്രവണതകളും പെൺകുട്ടികൾക്ക് നേരെ ഉണ്ടാകുന്ന ആക്രമണങ്ങളും അതിക്രമങ്ങളും നമ്മെ ഞെട്ടിക്കുന്നു. മൂന്ന് വയസുള്ള കുഞ്ഞ് മുതൽ 80 വയസുള്ള വൃദ്ധ വരെ പീഡിപ്പിക്കപ്പെടുന്നു എന്നറിയുമ്പോഴാണ് സമൂഹത്തിന് സംഭവിച്ച അപചയം നാമറിയേണ്ടത്.
അറിവു പകരേണ്ട അദ്ധ്യാപകരും ആത്മീയ ദർശനം പകർന്നുനൽകേണ്ട പുരോഹിതവർഗവും ജനങ്ങളെ നയിക്കേണ്ട ജനപ്രതിനിധികളും പ്രതിസ്ഥാനത്ത് ഉണ്ടെന്നത് ലജ്ജിപ്പിക്കുന്നതും സംസ്കാരത്തിന് കളങ്കം വരുത്തുന്നതുമാണ്. മദ്യത്തിനും മയക്കുമരുന്നിനും സാമൂഹ്യ തിന്മകൾക്കുമെതിരെ നമ്മുടെ പൂർവികർ നടത്തിയിട്ടുള്ള സമര പരമ്പരകൾ നാം ഒാർക്കണം. സാമൂഹ്യ വിപത്തുകളിൽ നിന്ന് അകന്ന് സഞ്ചരിക്കാൻ നമ്മെ പ്രേരിപ്പിച്ചതും അവരുടെ നല്ല വാക്കുകളും മാതൃകാപരമായ പ്രവൃത്തികളുമാണ്.
ഇന്റർനെറ്റിന്റെ സ്വാധീനവും കുറ്റകൃത്യങ്ങൾക്ക് ഒരു പരിധി വരെ പ്രേരണയാകുന്നുണ്ട്. മാത്രമല്ല, ആളുകളെ വ്യക്തിഹത്യ നടത്തുന്നതിനും ആത്മഹത്യയിലേക്ക് പോലും നയിക്കുന്നതിനും പര്യാപ്തമായ സൈബർ ആക്രമണങ്ങൾ കേരളത്തിൽ സർവസാധാരണമായിക്കഴിഞ്ഞു. ഒരാൾ പടച്ചു വിടുന്ന സന്ദേശങ്ങളും വീഡിയോയും മറ്റും ആൾക്കൂട്ടം ഏറ്റെടുക്കുകയാണ്. ആരും ഒരു വാർത്തയുടെയും സത്യാവസ്ഥ അന്വേഷിക്കുന്നില്ല. അപകട സ്ഥലങ്ങളിൽ രക്ഷാപ്രവർത്തനത്തിന് മുതിരുന്നതിന് പകരം സംഭവത്തിന്റെ വീഡിയോ പ്രചരിപ്പിച്ച് ചൊടി നനയ്ക്കുന്നവരുമുണ്ട്. ആളുകളെ ആവേശിച്ചിരിക്കുന്ന 'വൈറൽ ഭ്രാന്ത് " കേരളത്തിന് കളങ്കമാണ്. അതിനാൽ തെറ്റായ സന്ദേശങ്ങൾ നൽകുന്ന ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും സംപ്രേഷണം ചെയ്യുകയും ചെയ്യുന്ന വെബ്സൈറ്റുകൾക്കും ദൃശ്യമാദ്ധ്യമങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തണം. സമൂഹത്തിന് പ്രയോജനവും പ്രചോദനവും നൽകുന്ന തരത്തിലാകട്ടെ നമ്മുടെ ഇന്റർനെറ്റ് ഉപയോഗം. രണ്ടു വർഷമായി കേരളത്തെ പിടികൂടിയ പ്രളയ ദുരന്തങ്ങളിൽ സോഷ്യൽ മീഡിയ ഉപയോഗിച്ച് സന്നദ്ധ പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടി കാരുണ്യം കാട്ടിയ വലിയൊരു സമൂഹത്തെ കാണാതെയല്ല ഈ പ്രസ്താവന. ആ മാതൃക പിന്തുടരാൻ എന്നും മുഴുവൻ കേരളത്തിനും കഴിയട്ടെ.
ഭാവിതലമുറ നമ്മെ നയിക്കേണ്ടവരാണ്. അവർക്ക് ആത്മീയതയും സന്മാർഗീകവുമായ ദർശനവും പകർന്നു നൽകിയാലേ നല്ല പൗരന്മാരായി വളരൂ. അതിനായുള്ള നല്ല സന്ദേശങ്ങൾ നൽകുന്ന വീഡിയോകളും പ്രസിദ്ധീകരണങ്ങളും വ്യാപകമായി പ്രചരിക്കപ്പെടട്ടെ. അപ്പോൾ ഡൽഹി പെൺകുട്ടിക്കും ഉന്നാവോ പെൺകുട്ടിക്കും നേരെയുണ്ടായ ക്രൂരതകൾ ആവർത്തിക്കുകയില്ല. അതിന് വേണം നമുക്ക് നിയമങ്ങൾ, നിയന്ത്രണങ്ങളും.