thodu-udkadanam

ചിറയിൻകീഴ്: കർഷകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് നവീകരിച്ച മേൽകടയ്ക്കാവൂർ - പഴഞ്ചിറ ഏലാ തോട് യാഥാർത്ഥ്യമായി. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പി.എം.കെ.എസ്.വൈ ഫണ്ടിൽ നിന്നും 22,77,700 രൂപ ചെലവഴിച്ചാണ് പഴഞ്ചിറ പാടശേഖരത്തിൽ ജലസേചന സൗകര്യത്തിനായി തോട് യാഥാർത്ഥ്യമാക്കിയത്. മൂന്ന് മാസം കൊണ്ടാണ് ഉപയോഗശൂന്യമായി കിടന്ന ഒന്നര കിലോമീറ്റർ നീളമുള്ള തോടിന്റെ പുനർനിർമ്മാണം പൂർത്തീകരിച്ചത്. രാജഭരണകാലം മുതൽക്കെയുള്ള പഴഞ്ചിറ പാടശേഖരം നാശോന്മുഖമായ അവസ്ഥയിലായിരുന്നു. ജലസേചന സൗകര്യമില്ലാതെ കർഷകർ വലഞ്ഞപ്പോഴാണ് ബ്ലോക്ക് പഞ്ചായത്ത് മുൻകൈയെടുത്ത് തോട് പുനർനിർമാണം നടത്തിയത്. നേരത്തെ ഇവിടെ മേൽകടയ്ക്കാവൂർ ക്ഷീര വ്യവസായ സഹകരണ സംഘവും (മിൽകോ) ചിറയിൻകീഴ് സർവീസ് സഹകരണ ബാങ്കും ചിറയിൻകീഴ് ഗ്രാമപഞ്ചായത്തും സ്വകാര്യ വ്യക്തികളും സംയുക്തമായി പത്ത് ഹെക്ടറിൽ കൃഷിയിറക്കി നൂറുമേനി വിളവ് കൊയ്തിരുന്നു. അടുത്തതായി ഇരുപത് ഹെക്ടറോളം വരുന്ന സ്ഥലത്താണ് കൃഷിയിറക്കാൻ തീരുമാനിച്ചിരിക്കുന്നത്.

നവീകരിച്ച മേൽകടയ്ക്കാവൂർ - പഴഞ്ചിറ ഏലാ തോട് ഉദ്ഘാടനം ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുഭാഷ് നിർവഹിച്ചു. ചിറയിൻകീഴ് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഡീനയുടെ അദ്ധ്യക്ഷതയിൽ ഗ്രാമവികസന വകുപ്പ് എ.ഡി.ഡി.സി വി.എസ്. സന്തോഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പി.എം.കെ.എസ്.വൈ പ്രോജക്ട് ചാർജ് ഓഫീസർ ബി.എസ്. ശിബികുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടർ ജെ.എ. അനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.എസ്. ഫിറോസ് ലാൽ, ബ്ലോക്ക് പഞ്ചായത്തംഗം ഗീതാ സുരേഷ്, ആറ്റിങ്ങൽ എ.ഡി.എ എ. നൗഷാദ്, ചിറയിൻകീഴ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജി. ചന്ദ്രശേഖരൻ നായർ, പഞ്ചായത്തംഗങ്ങളായ എസ്. ശ്രീലത, ജി. ജയൻ, തെക്കുംഭാഗം നീർത്തടം വി.ഇ.ഒ എസ്.എസ് സിനി എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി. രമാഭായി അമ്മ സ്വാഗതവും വാർഡ് മെമ്പർ പഞ്ചമം സുരേഷ് നന്ദിയും പറഞ്ഞു.