നേമം: ഒരുകാലത്ത് നാളികേരം പോലെ പ്രാധാന്യം ലഭിച്ചിരുന്ന അടയ്ക്കയ്ക്ക് ഇന്നാ പ്രാധാന്യം തെല്ലുമില്ലെന്ന് തന്നെ പറയാം.ഗ്രാമീണ മേഖലകളിൽ അടയ്ക്കയുടെ വിപണന സാദ്ധ്യത വളരെ വലുതായിരുന്നു. എന്നാൽ ഇന്ന് വിപണി വളരെ ശുഷ്കമായിത്തീർന്നു.
അടയ്ക്കാ മരം (കമുക്) ദിനം തോറും അപ്രത്യക്ഷമാകുന്ന സ്ഥിതിവിശേഷമാണ് സംജാതമായിരിക്കുന്നത്.
മാർക്കറ്റുകളിൽ വൻ ഡിമാന്റുണ്ടായിരുന്ന പച്ച അടയ്ക്ക , പഴുത്ത അടയ്ക്ക , ഉണങ്ങിയ അടയ്ക്ക (കൊട്ടപാക്ക്) , കുതിർത്ത അടയ്ക്ക (വെളളത്തിൽ പാക്ക്) എന്നീ നിലകളിൽ ഇവ വിപണികളിൽ സ്ഥാനം പിടിച്ചിരുന്നു. പാകമാകുന്നതിനു മുമ്പുളള കായ്കളെയാണ് പച്ച അടയ്ക്ക എന്നു പറയുന്നത്. ഇത് കൂടുതലായും വയോജനങ്ങളുടെ വെറ്റില മുറുക്കിനാണ് ഉപയോഗിച്ചു വരുന്നത്. ഇവയ്ക്ക് വിപണികളിൽ വില കുറവാണെങ്കിലും ചില പ്രത്യേക ആയൂർവേദ ഔഷധ നിർമ്മാണങ്ങളിൽ വൻതോതിൽ ഉപയോഗിച്ചിരുന്നു.
താലൂക്കിൽ വ്യാപകമായി കമുക് കൃഷി ചെയ്തിരുന്നവരെല്ലാം ഇവ വെട്ടിമാറ്റി റബറും മറ്റ് വിളകളും കൃഷി ചെയ്തു.
താലൂക്കിലെ വെളളായണി , കാക്കാമൂല , പളളിച്ചൽ , പെരിങ്ങമ്മല , കമുകിൻകോട് , ചുരത്തൂർകോണം , ബാലരാമപുരം തുടങ്ങി നെയ്യാറ്റിൻകര താലൂക്കിലുടനീളമുള്ള കമുകിൻ തോട്ടങ്ങൾ വർഷങ്ങൾക്ക് മുമ്പ് തന്നെ കർഷകർ വെട്ടി മാറ്റിയിരുന്നു. ഇതോടെ അടയ്ക്കാ കൃഷി വിസ്മൃതിയിലാണ്ടുപോയി.
യാതൊരുവിധ പരിചരണവും കൂടാതെ വളരുന്ന കമുക് 80 അടിയോളം ഉയരത്തിൽ വളരാറുണ്ട്. വിളവ് ലഭ്യമല്ലാത്തതും വില കുറവും പൊതു മാർക്കറ്റിൽ ആവശ്യകത കുറഞ്ഞതും ഗ്രാമീണ കർഷകർ കൃഷി ഉപേക്ഷിക്കാൻ കാരണമായി.
തുടർന്ന് അടയ്ക്കാ മരങ്ങൾ വച്ചു പിടിപ്പിക്കാൻ പുതിയ തലമുറ തയാറാകാതെയായി. വാവലുകളും മറ്റ് പക്ഷികളും നിക്ഷേപിക്കുന്ന കായ്കൾ വീണ് പൊടിക്കുന്നത് ഒഴിച്ചാൽ അടയ്ക്കാ തോട്ടം എന്ന മാതൃകാ കൃഷി രീതി ഇന്ന് നമ്മുടെ നാട്ടിൽ വിരളമായി.
ഉണങ്ങിയതും പാകമായതുമായ അടയ്ക്കകൾ പെയിന്റ് നിർമ്മാണത്തിനും അനുബന്ധ ആവശ്യങ്ങൾക്കുമായി നമ്മുടെ നാട്ടിൽ നിന്നും വൻതോതിൽ കയറ്റി അയച്ചിരുന്നു. വെളളത്തിൽ ആഴ്ചകളോളം നിക്ഷേപിച്ച് കുതിർത്തെടുക്കുന്ന അടയ്ക്ക ചില പ്രത്യേക കമ്പനികളാണ് വാങ്ങികൊണ്ടു പോകുന്നത്. ഇവയ്ക്കും ആവശ്യക്കാർ ഏറെയുണ്ട്. വാസന പാക്ക് , മറ്റ് പുകയില നിർമ്മാണവുമായി ബന്ധപ്പെട്ട സാധനങ്ങളുടെ നിർമ്മാണത്തിനും ഉണങ്ങിയ അടയ്ക്കയും കുതിർത്ത അടയ്ക്കയും വ്യാപകമായി ഉപയോഗിച്ചു വരുന്നു. .
അടക്ക, ചടങ്ങുകളിൽ ദക്ഷിണ കൊടുക്കുന്നതിന് (വെറ്റിലയിൽ പാക്കും, നാണയത്തുട്ടും ചേർത്ത്) ഉപയോഗിക്കുന്നു. കമുകിന്റെ പാള, തൊട്ടി രൂപത്തിൽ കെട്ടി, കിണറിൽ നിന്നും വെള്ളം കോരുന്നതിനും ഭക്ഷണം കഴിക്കുന്നതിനുള്ള പാത്രമായും ഉപയോഗിച്ചിരുന്നു. പാള മുറിച്ച് വിശറിയായി ഉപയോഗിക്കാറുണ്ട്. ചാണകം മെഴുകുമ്പോൾ നിലം വടിക്കുന്നതിനും പാള ഉപയോഗിക്കാറുണ്ട്. ഇതിനു പുറമേ കുട്ടികളെ കുളിപ്പിക്കുന്നതിനും സാധങ്ങൾ ഉണക്കുന്നതിനും കമുകിന്റെ പാള ഉപയോഗിക്കുന്നു. പാളത്തൊപ്പി ഗ്രാമപ്രദേശങ്ങളിൽ ഇപ്പോൾ ഉപയോഗിക്കുന്നുണ്ട്.
കവുങ്ങിന്റെ തടി, താൽക്കാലിക കൊടിമരത്തിനും പന്തലുകൾ ഉണ്ടാക്കാനും ഉപയോഗിക്കാറുണ്ട്. കമുകിന്റെ ജന്മദേശം മലയായിലാണ്. ഭാരതത്തിൽ എല്ലായിടത്തും കൃഷിചെയ്യുന്നുണ്ടെങ്കിലും കൂടുതലായി കൃഷി ദക്ഷിണഭാരതത്തിലാണ്. കേരളത്തിലാണ് വ്യാപകമായി ഇതിന്റെ കൃഷിയുള്ളത്. എങ്കിലും ഭാരതത്തിലെമ്പാടും വളരെയധികം പാക്ക് ഉപയോഗിക്കുന്നുണ്ട്.പാക്കിനെ അടയ്ക്ക എന്നും പറയുന്നു. അതിനാൽ അടക്കയുണ്ടാകുന്ന മരത്തെ അടക്കാമരമെന്ന് വിളിക്കുന്നു. വെറ്റിലമുറുക്കിനാണ് പാക്ക് സാധാരണയായി ഉപയോഗിക്കുന്നത്. ഈ സസ്യം ഏകദേശം 40 മുതൽ 60 മീറ്റർ വരെ ഉയരത്തിൽ ഒറ്റത്തടിയായി വളരുന്നു.
( കമുകിന്റെ പി.എസ്.ഡി ഫയലിനോട് ചേർത്ത് നൽകണം )