അമേരിക്കയുടെ ശാസ്ത്ര സാമ്പത്തിക വളർച്ചയുടെ പ്രധാന കാരണം വിദേശവംശജരായ അമേരിക്കൻ ശാസ്ത്രജ്ഞരുടെ ഗവേഷണ സംഭാവനയാണ്. പ്രത്യേകിച്ചും പേറ്റന്റിന്റെയും, അന്തർദേശീയ ശാസ്ത്ര പ്രസിദ്ധീകരണങ്ങളുടെ എണ്ണത്തിലും അമേരിക്കയിലെ ചൈനീസ് ശാസ്ത്രജ്ഞരുടെ സംഭാവന വളരെ ശ്രദ്ധേയമാണ്. പക്ഷേ, 2019ൽ അമേരിക്ക അവരുടെ ശാസ്ത്ര സാങ്കേതിക പോളിസി തിരുത്തിയെഴുതാൻ പോകുന്നു. കാരണം അവരുടെ മികച്ച ശാസ്ത്ര കണ്ടുപിടിത്തങ്ങളുടെ രഹസ്യസ്വഭാവം ഇല്ലാതാകുന്നതും, അവ പുറംരാജ്യങ്ങളിലേക്ക് ചോർന്ന് പോകുന്നതും അമേരിക്കയെ അസ്വസ്ഥമാക്കുന്നു. അതിൽ ചൈനീസ് ശാസ്ത്രജ്ഞരുടെ പങ്ക്, അമേരിക്ക അതീവ ജാഗ്രതയോടെയാണ് വീക്ഷിക്കുന്നത്. ഈ സന്ദർഭത്തിലാണ് അമേരിക്കക്കാരനും പ്രോമിത്ത്യൂസ് കമ്പനിയുടെ തലവനും രസതന്ത്ര എൻജിനിയറുമായ ഡോ. റോബ് മക്ഗിന്നിസിന്റെ പുതിയ കണ്ടുപിടിത്തമായ 'അന്തരീക്ഷ ഇന്ധനം" ലോകശ്രദ്ധ നേടുന്നത്. പുതിയ 'തീ"യുടെ ഉത്പാദനത്തിന് ഡോ. റോബ് തിരഞ്ഞെടുത്തത് വെള്ളവും, വായുവും ആണെന്നുള്ളതാണ് ഈ കണ്ടുപിടിത്തത്തിന്റെ രസകരവും കൗതുകകരവുമായ വസ്തുത.
പൗരാണിക സങ്കല്പത്തിലെ പഞ്ചഭൂതങ്ങളായ വായുവും വെള്ളവും ചേർത്ത് അഗ്നിയുണ്ടാക്കി എന്ന ദർശനത്തിനപ്പുറം ഇവ ചേരുമ്പോൾ തന്മാത്രതലത്തിൽ സംഭവിക്കുന്ന രസതന്ത്രമാറ്റത്തെ ഡോ. റോബ് കണ്ടെത്തി. ആ തിരിച്ചറിവാണ് ഡോ. റോബിന്റെ പഠനം ഗ്യാസോളിനിൽ (പെട്രോൾ) ചെന്ന് നിൽക്കുന്നത്. അതിന് രസതന്ത്രത്തിന്റെ കൂടെ നാനോ ടെക്നോളജിയും ഡോ. റോബ് സമർത്ഥമായി ഉപയോഗിച്ചു. അങ്ങനെ അന്തരീക്ഷത്തിൽ നിന്ന് ഇന്ധനം ഉണ്ടാക്കാനുള്ള ശാസ്ത്ര സാങ്കേതികവിദ്യ യാഥാർത്ഥ്യമായി മാറി. ഇന്ധന ഉത്പാദനത്തിന്റെ പകർപ്പവകാശം സ്വന്തമാക്കി എന്ന് അഹങ്കരിക്കുന്ന കുത്തക എണ്ണക്കമ്പനികൾക്ക് വലിയ ഒരു താക്കീതാണ് ഡോ. റോബ് മക്ഗിന്നസിന്റെ ഈ കണ്ടുപിടിത്തം.
റോബ് മക്ഗിന്നസിന്റെ കണ്ടുപിടിത്തം
രസതന്ത്രത്തിന്റെയും നാനോ സാങ്കേതിക വിദ്യയുടെയും കൂട്ടായ്മയാണ് റോബിന്റെ പരീക്ഷണം. കൽക്കരിയിൽ പെട്രോൾ ഉത്പാദിപ്പിക്കുന്ന സാങ്കേതിക വിദ്യ 20-ാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ തന്നെ ജർമ്മൻ ശാസ്ത്രജ്ഞർ വികസിപ്പിച്ചിരുന്നു. പക്ഷേ, റോബിന്റെ സാങ്കേതികവിദ്യയിൽ, ചൂടും മർദ്ദവും കൽക്കരിയും, ഒന്നും വേണ്ട. അന്തരീക്ഷത്തിലെ കാർബൺഡയോക്സൈഡും , വെള്ളവും , വൈദ്യുതിയും (അത് സോളാറിൽ നിന്നോ കാറ്റിൽ നിന്നോ ആകാം) ഉപയോഗിച്ചാണ് ഡോ. റോബ് ഇന്ധനം ഉത്പാദിപ്പിച്ചത്. നിലവിലുള്ള ഇന്ധനോത്പാദന ചെലവിനെക്കാൾ ചുരുങ്ങിയ ചെലവിലാണ്, റോബ് തന്റെ സാങ്കേതിവിദ്യ വികസിപ്പിച്ചെടുത്തത്. ഈ സാങ്കേതിവിദ്യയെ അടിസ്ഥാനമാക്കി ഡോ. റോബ് മക്ഗിന്നിസ് ഒരു ഇന്ധന നിർമ്മാണ യന്ത്രത്തിന് രൂപകല്പന നൽകി നിർമ്മിക്കുകയും അത് കാലിഫോർണിയയിൽ സിലിക്കോൺ വാലി സംഘടിപ്പിച്ച ലോക സയൻസ് മേളയിൽ കാണികളുടെ മുമ്പിൽ പ്രവർത്തിപ്പിച്ച് കാണിക്കുകയും ചെയ്തു. യന്ത്രത്തിന്റെ പ്രവർത്തനവും അതുവഴി പുറത്തുവന്ന പുതിയ 'തീ"യും കണ്ട് ആശ്ചര്യപ്പെട്ട കാണികളോട് ഡോ. റോബ് പറഞ്ഞു ''ഇതു കാണുമ്പോൾ നിങ്ങൾക്ക് അവിശ്വസനീയമായി തോന്നാം. പക്ഷേ, ഇത് രസതന്ത്രത്തിന്റെയും, നാനോ സയൻസിന്റെയും മാജിക്ക് ആണ്."
ഡോ. റോബിന്റെ ഇന്ധനോത്പാദന പ്രക്രിയയിൽ അഞ്ച് പ്രധാന ഘട്ടങ്ങളാണ് ഉള്ളത്. അന്തരീക്ഷത്തിന്റെ കാർബൺഡയോക്സൈഡിനെ വെള്ളവുമായി കടത്തി ഒരു ചെമ്പിന്റെ പ്രതലത്തിൽ കാർബോണിക് ആസിഡ് ഉണ്ടാക്കുന്നു. വൈദ്യുതിയുടെ സഹായത്തോടെ കാർബോണിക് ആസിഡിനെ, കാർബൺ മോണോക്സൈഡ് ആക്കി മാറ്റുന്നു. കാർബൺ മോണോക്സൈഡിനെ വീണ്ടും വെള്ളവുമായി ചേർത്ത് രാസപ്രക്രിയയിലൂടെ ചാരായമാക്കി മാറ്റുന്നു. ഈ ചാരായത്തെ സിയോളൈറ്റ് എന്ന പ്രേരകവസ്തു ഉപയോഗിച്ച് ഗ്യാസോളിൻ അഥവാ പെട്രോൾ ആക്കി മാറ്റുന്നു. വെള്ളവുമായി ചേർന്നുവരുന്ന ഗ്യാസോളിനെ അതിസൂക്ഷ്മ കാർബൺ അരിപ്പകൾ വഴി, വായു പ്രവേശിക്കാതെ കടത്തിവിടുമ്പോൾ ശുദ്ധീകരിച്ച, ഈർപ്പമില്ലാത്ത പെട്രോൾ കിട്ടുന്നു. ഇന്ധനോത്പാദന പ്രക്രിയയുടെ ഈ രാസഘട്ടങ്ങളെല്ലാം ഏകോപിപ്പിച്ചാണ്, ഡോ. റോബ് മക്ഗിന്നിസ് തന്റെ ഇന്ധനോത്പാദന യന്ത്രം രൂപപ്പെടുത്തിയത്. 21-ാം നൂറ്റാണ്ടിലെ ഏറ്റവും ശ്രദ്ധേയമായ സാങ്കേതിക വിദ്യയായി ഈ കണ്ടുപിടിത്തത്തെ വിശേഷിപ്പിക്കാം. ഈ സാങ്കേതിക വിദ്യയുടെ മറ്റൊരു പ്രത്യേകത പഞ്ചസാരയിൽ നിന്ന് ഉണ്ടാക്കുന്ന ചാരായത്തെ പെട്രോൾ ആക്കി മാറ്റാനും സാധിക്കും എന്നതാണ്. എങ്ങുമെത്താതെ നില്ക്കുന്ന ഇന്ത്യയിലെ ജൈവഇന്ധന ഗവേഷണത്തിന് ഡോ. റോബ് മക്ഗിന്നിസിന്റെ ഈ പുതിയ സാങ്കേതികവിദ്യ ഒരു പുത്തനുണർവേകും, തീർച്ച.
( ലേഖകൻ എസ്.സി.എം.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ബയോടെക്നോളജി ഡയറക്ടറാണ്
ഫോൺ: 9847065069)