കല്ലമ്പലം: നാവായിക്കുളത്തെ ജനവാസ മേഖലകളിൽ അനധികൃതമായി അറവുമാലിന്യങ്ങൾ ഉൾപ്പെടെ തള്ളുന്നതുമൂലം തെരുവുനായ പെരുകുകയും പേപ്പട്ടിയുടെ ശല്യം വർധിക്കുകയും ചെയ്ത സാഹചര്യം കണക്കിലെടുത്ത് പഞ്ചായത്തിൽ തെരുവുനായ വന്ധ്യംകരണത്തിന് രണ്ട് ലക്ഷത്തിന്റെ പദ്ധതി. കുടുംബശ്രീ പ്രവർത്തകർ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. തെരുവുനായ്ക്കളെ പിടികൂടി ഇലകമൺ പഞ്ചായത്തിലുള്ള മൃഗാശുപത്രിയിൽ എത്തിക്കുകയും അവിടെ വന്ധ്യംകരണം നടത്തിയ ശേഷം എവിടെ നിന്ന് പിടിച്ചോ അവിടെ തിരികെ എത്തിക്കുകയും ചെയ്യുന്നതാണ് പദ്ധതി. നിലവിൽ ഇലകമൺ പഞ്ചായത്തിലാണ് ഇതിനുള്ള സൗകര്യമുള്ളത്. രണ്ട് ദിവസം മുൻപ് ഡീസന്റ് മുക്കിൽ പേപ്പട്ടിയിറങ്ങി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ഏഴുപേരെ കടിക്കുകയും ചെയ്തിരുന്നു. വളർത്തു മൃഗങ്ങളെയും തെരുവുനായ്ക്കളെയും പേപ്പട്ടി ആക്രമിച്ചത് നാട്ടുകാരിൽ ഭീതിയുണ്ടാക്കിയിരിക്കുകയാണ്. വന്ധ്യംകരണം വരുന്നതോടെ ഒരു പരിധിവരെ തെരുവുനായ്ക്കളുടെ ശല്യം കുറയ്ക്കാനാകുമെന്നും വലിയ പ്രശ്നങ്ങൾ ഒഴിവാക്കാനാകുമെന്നുമാണ് അധികൃതർ കരുതുന്നത്. മാലിന്യം തള്ളൽ തടയാൻ പഞ്ചായത്ത് നിയമപാലകരുടെ സഹായം തേടിയിട്ടുണ്ട്. പഞ്ചായത്ത് പരിധിയിലെ വീടുകളിലും സ്ഥാപനങ്ങളിലും കുന്നുകൂടുന്ന മാലിന്യം ശേഖരിക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. ഇവ കിളിമാനൂർ ബ്ലോക്കിൽ എത്തിച്ച് ജൈവവളമാക്കുന്നതാണ് പദ്ധതി.