വിനായക ചതുർത്ഥി. ജ്ഞാനത്തിന്റെ ആദിമദ്ധ്യാന്ത സ്വരൂപകമായ ശ്രീവിനായകന്റെ അവതാരദിനം. ജീവിതസമന്വയത്തിന്റെ പ്രതീകമായ ഉത്സവം. ചിങ്ങമാസത്തിലെ വെളുത്തപക്ഷ ചതുർത്ഥി ദിവസമായ 'വിനായക ചതുർത്ഥി" ഏറെ പ്രസിദ്ധവും ഭക്തിപ്രഹർഷ സംപൂർണവുമാണ്.
ശുക്ളപക്ഷ ചതുർത്ഥിയുമായി ബന്ധപ്പെട്ട വ്രതങ്ങളേറെയും മഹാഗണപതിയുമായി ബന്ധപ്പെട്ടതാണ്. മകരമാസത്തിലെ ചതുർത്ഥീവ്രതം അനുഷ്‌ഠിച്ചാൽ സർവാഭീഷ്‌ടസിദ്ധിയും കന്നിമാസത്തിലെ വ്രതം ശിവലോക പ്രാപ്‌തിക്കും പ്രാപ്‌തവുമെന്നാണ്. മീനമാസത്തിൽ ചതുർത്ഥി ആചരിച്ചാൽ വിഘ്‌നങ്ങൾ സകലതും അകലുമെന്നും മേടമാസത്തിൽ വ്രതമനുഷ്‌ഠിച്ചാൽ ഭാഗ്യാനുസമ്പദ് സൗഖ്യാദികൾ ലഭിക്കുമെന്നുമാണ്.
ഗുണദോഷങ്ങളാകുന്ന ദ്വന്ദ്വങ്ങളെ പ്രതിനിധാനം ചെയ്യുന്ന കൊമ്പും ഏതു വിഘ്‌നങ്ങളെയും തടഞ്ഞുനീക്കുന്ന തുമ്പിക്കരവും കൊണ്ട് ഭക്തരെ അനുഗ്രഹിക്കുന്ന സകലസിദ്ധികളുടെയും അധിപനായ, ഓംകാര സ്വരൂപനായ ഭഗവാൻ എങ്ങും എക്കാലത്തും പ്രകീർത്തിതനാണ്. മഹാവിഷ്‌ണു പോലും ഗണേശോപാസന അനുഷ്‌ഠിച്ചിട്ടുണ്ട്. ഭഗവാന്റെ വലിയ കുമ്പയിൽ അണ്ഡകടാഹങ്ങൾ അടങ്ങിയിരിക്കുന്നു. ശ്രീപരമശിവന്റെ അകാര അംശമാണ് ശ്രീ മഹാഗണപതി. ഏതാണ്ട് ഇരുപത്തിയെട്ടിലധികം രൂപഭേദങ്ങളിൽ ശ്രീഗണേശനെ പൂജിച്ചു വരുന്നു.
ശിവക്ഷേത്രങ്ങളുടെ തെക്കുപടിഞ്ഞാറേ കോണുകളിലും മറ്റു ക്ഷേത്രങ്ങളുടെ ശ്രീകോവിലുകളുടെ തെക്കുകിഴക്കു ഭാഗങ്ങളിലുമാണ് ഭഗവദ് പ്രതിഷ്ഠയുടെ സ്ഥാനം.
ഗ്രാമസൗഭഗങ്ങളുടെ കവാടങ്ങളിലും കോട്ടകളുടെ പ്രവേശനവാടങ്ങളിലും ആൽത്തറകളിലുമെല്ലാം വിഘ്‌നങ്ങൾക്കു വിഘാതമെന്നോണം ശ്രീഗണപതിയെ പ്രതിഷ്‌ഠിച്ചിരിക്കുന്നു. സദാസന്തോഷ സംദായകനായ 'നർത്തന ഗണപതി"യെന്ന് പ്രകീർത്തിക്കപ്പെടുന്നു. വേദവ്യാസ വിരചിതമായ ഗണേശഗീത വിനായകന്റെ പ്രഭാവത്തിനു തെളിവാണ് . ഇതിൽ, ശ്രീഗണപതിയുടെ ജ്ഞാനോപദേശങ്ങൾക്കനുസരണമായി കർമ്മം ചെയ്യുന്ന ജ്ഞാനികൾക്ക് മോക്ഷപദം പ്രാപിക്കാമെന്ന് വിവക്ഷിക്കുന്നു. നായകനില്ലാത്തവനാണ് 'വിനായകൻ."
ക്ഷേത്രസന്നിധികളുടെ കന്നിമൂലയിലെന്നപോലെ മുഖ്യക്ഷേത്രത്തോടു ചേർന്ന് പൂർവാഭിമുഖമായും ഗണപതിയെ പ്രതിഷ്‌ഠിക്കാറുണ്ട്. ലളിതാസഹസ്രനാമത്തിൽ മൂലഗണപതിയെ പരാമർശിക്കുന്നത് കാണാം. ഗണപതി പ്രതിഷ്‌ഠകളില്ലാത്ത ക്ഷേത്രങ്ങളിൽ തെക്കേ ഘനദ്വാരഭാഗത്ത് ബലിതൂകുന്നത് ഗണപതിക്കു പതിവാണ്. പ്രതിബന്ധങ്ങളെ തടുക്കുന്നവനും ദുഷ്‌ടരെ നിഗ്രഹിക്കുന്നവനും വിനകളെ വേർപെടുത്തുന്നവനുമായിട്ടുള്ള, ദുരിതഗണങ്ങളെ ദൂരത്താക്കാൻ ചതുരനായ മൂർത്തിയായി ഗണപതിയെ കാണുമ്പോൾ മോദകവും അപ്പവും അടയും ഇഷ്‌ടഭോജ്യങ്ങളും ഒരു നാളികേരം കൊണ്ടും ആയിരത്തെട്ട് നാളികേരങ്ങൾ കൊണ്ടും നടത്തുന്ന ഗണപതിഹോമവും വിശിഷ്‌ട പൂജകളാണ്. ദക്ഷിണ ഭാരതത്തിൽ രണ്ടുദിവസത്തെ ആചരണമുണ്ടെങ്കിലും മഹാരാഷ്ട്ര, ഗോവ, കർണാടകങ്ങളിൽ ദശദിനാഘോഷ ഉത്സവങ്ങളാണ്.
ദക്ഷന്റെ പുത്രിയായ സതി ശിവപത്നിയായി. ആ സന്ദർഭത്തിലാണ് ദക്ഷൻ യാഗം നടത്താൻ തീരുമാനിച്ചത്. എല്ലാ ദേവന്മാരെയും മുനിമാരെയും ക്ഷണിച്ചു. എന്നാൽ മഹാദേവനെ മാത്രം ക്ഷണിച്ചില്ല. യാഗത്തിനു പോകാൻ തയാറെടുത്ത സതി, ശിവന്റെ അനുമതി തേടി. 'ദക്ഷൻ എന്നെ അധിക്ഷേപിക്കാൻ ഇടവരരുത്" എന്ന നിർദ്ദേശത്തോടെ അദ്ദേഹം അനുമതി നൽകി. 'അച്‌ഛൻ അങ്ങയെ അധിക്ഷേപിച്ചാൽ താൻ തിരിച്ചുവരില്ലെന്ന്" സതി ഉറപ്പു നൽകി.
എന്നാൽ, ദക്ഷനാകട്ടെ ശിവനെയും സതിയെയും അധിക്ഷേപിക്കുകയുണ്ടായി. തൽക്ഷണം യാഗാഗ്നിയിൽ സതി ആഹുതി ചെയ്‌തു. ആ, സതിയത്രെ ഹിമവാന്റെ മകളായി ജനിച്ച പാർവതി.
പാർവതീദേവി വിവാഹാനുരൂപയായപ്പോൾ തനിക്ക് പതിയായി ശ്രീപരമേശ്വരൻ മതിയെന്ന് തീരുമാനിച്ചു. മകളുടെ ആഗ്രഹമറിഞ്ഞ പിതാവ് സ്നേഹപൂർവം ഉപദേശിച്ചു: ''പുത്രീ, എല്ലാ ചതുർത്ഥിയിലും ഉപവാസ വ്രതമെടുക്കൂ. ചിങ്ങമാസത്തിലെ ചതുർത്ഥി ദിവസം വിശേഷോപാസന ചെയ്യുക. എല്ലാ ആഗ്രഹവും സഫലീകൃതമാകും."
പാർവതി അപ്രകാരം ആചരിക്കുകയും ശ്രീപരമശിവനെ ഭർത്താവായി ലഭിക്കുകയും ചെയ്‌തുവത്രേ . ഇതിന്റെ സ്‌മരണയിലാണ് ഭാരതമാകെ ശ്രീവിനായക ചതുർത്ഥി വിഘ്‌നവിനായക മഹോത്സവമായി കൊണ്ടാടുന്നതെന്നും വിഖ്യാതമായൊരു കഥയുണ്ട്.
എല്ലാ കർമ്മങ്ങളുടെയും ശ്രേഷ്ഠമായ ഫലസിദ്ധിക്ക് നിദാനം ഗണപതിപ്രീതിയാണ്. പ്രഥമ പൂജിതനും ശനിയുടെ ദോഷങ്ങൾക്കും പരിഹാരകാരണനുമായ വിഘ്നേശ്വരൻ, യോഗശാസ്ത്രത്തിൽ സൂചിപ്പിക്കുന്ന മൂലാധാരം, സ്വാധിഷ്‌ഠാനം, മണിപൂരകം, അനുഗതം, വിശുദ്ധി, ആജ്ഞ എന്നീ ഷഡാധാരങ്ങളിൽ മൂലാധാരത്തിന്റെ അധിപനാണ്.
സകലവിദ്യകളുടെയും അധിഷ്‌ഠാന ദേവതയും സർവവിഘ്‌നങ്ങളുടെയും നാശകനും ശിവഗണങ്ങളുടെ അധിപനായ നേരംബനും പ്രണവസ്വരൂപനുമെല്ലാമാണ് ഭഗവാൻ. ഗണപതിക്കിടുക, ഗണപതിയടയൊരുക്കുക, ഗണപതിക്ക് കുറിക്കുക, ഗണപതിക്ക് വയ്‌ക്കുക, ഗണപതിയെ കൊണ്ടു നേരം വെളുപ്പിക്കുക എന്നെല്ലാം ഗണനാഥനെ ചേർത്ത് മൊഴികളുണ്ട്.
ഗണേശസന്നിധിയിൽ നാളികേരമുടച്ച് തൊഴുക പ്രധാനമാണ്. നാളികേരത്തിന്റെ പുറമേയുള്ള ചിരട്ട ഉടയ്‌ക്കുന്നത് മായയെ അകറ്റുന്നതിനും ഉള്ളിലെ നാളികേരം ഇൗശ്വരനെന്നു കാണുന്നതും അതിനുള്ളിലെ ജലമാകരം ഇൗശ്വരാനുഗ്രഹശക്തിയായ പരമാനന്ദമായ അമൃതമാണെന്നുമാണ് വിശ്വാസം. ഇഷ്‌ടാനുലബ്‌ധിക്ക് തേങ്ങ, ശർക്കര, തേൻ, കരിമ്പ്, അപ്പം, അട, എള്ള്, പഴം എന്നിവ ചേർന്ന അഷ്‌ടദ്രവ്യഗണപതിഹോമം വിനായക ചതുർത്ഥിക്ക് അതിവിശേഷമത്രെ!
മോക്ഷപ്രദനും മോദകപ്രിയനുമായ ഗണപതി ആത്മസാക്ഷാത്‌കാര സ്വരൂപനാണ്. മോദകമാകട്ടെ ദുഃഖവർജ്ജിതമായ മാധുര്യത്തിന്റെ ആനന്ദാതിരേകത്തിന്റെ പ്രതീകമാണ്. ഭഗവാൻ അഹന്ത ഒരിക്കലും സഹിക്കുകയില്ല. താൻപോരുമ ഉള്ളിൽക്കരുതിയാൽ മതി കുബേരനു സംഭവിച്ചപോലാകാം - ഗണപതിപ്രാതലിന്റെ അവസ്ഥയാകും!
ഒാംകാരനാമ സ്വരൂപനായ ഗണനാഥന് ലോകത്തിന്റെ അധിപതിക്ക് -ഗണപതിക്ക് , ബാലഗണപതി, തരുണഗണപതി, ഭക്തിഗണപതി, വീരഗണപതി, ശക്തിഗണപതി, ദ്വിജഗണപതി, സിദ്ധിഗണപതി, ഉച്ഛിഷ്ട ഗണപതി, വിഘ്നഗണപതി, ക്ഷിപ്രഗണപതി, ലക്ഷ്‌മീഗണപതി, മഹാഗണപതി, ഏകാക്ഷരഗണപതി, വരദഗണപതി, ഉൗർധ്വഗണപതി, ത്യക്ഷരഗണപതി, ക്ഷിപ്രഗണപതി, ഹാരിദ്രഗണപതി, ഏകദന്തഗണപതി, സൃഷ്‌ടിഗണപതി, ഉദ്ദണ്ഡഗണപതി, ത്രിമുഖഗണപതി, ദന്തിഗണപതി, ദ്വിമുഖഗണപതി, ദുർഗാഗണപതി തുടങ്ങി പ്രപഞ്ചത്തിന്റെ അധിപതി നാനാ നാമരൂപഭാവങ്ങളിൽ പ്രകീർത്തിക്കപ്പെടുന്നു; വക്രതുണ്ഡൻ, ഏകദന്തൻ, മനോദരൻ, ഗജാനനൻ, ലംബോദരൻ, വികടൻ, വിഘ്‌നരാജൻ, ധൂമ്രവർണൻ എന്നിങ്ങനെ ഗണപതിയുടെ എട്ട് അവതാരങ്ങൾ മുദ്ഗലപുരാണത്തിലും ഗണേശപുരാണത്തിലും കാണാം.
പ്രസിദ്ധങ്ങളായ അഷ്‌ടവിനായക ക്ഷേത്രങ്ങളാണ് പൂനെയ്‌ക്കടുത്തുള്ള മയൂരേശ്വർ ക്ഷേത്രം, തേയൂരിലെ ചിന്താമണി, രഞ്ജൻ ഗാവോണിലെ മഹാഗണപതി, സിദ്ധടേകിലെ സിദ്ധിവിനായകൻ, ഒാസാറിലെ വിഘ്‌നേശ്വരൻ, ലണ്യാദിയിലെ ഗിരിജാത്മജ, പാലിയിലെ ബലാലേശ്വരം, മാഹാഡിലെ വരദവിനായകക്ഷേത്രം എന്നിവ.
ശിവരാത്രി കാലത്തെ ശിവാലയഒാട്ടം പോലെ ഭക്തസഹസ്രങ്ങൾ വ്രതനിഷ്ഠരായി പൂർണമനസോടെ മഹാരാഷ്ട്രയിലെ ഇൗ അഷ്‌ടവിനായക ക്ഷേത്രങ്ങൾ-മയൂരേശ്വറിൽ തുടങ്ങി വരദവിനായക ക്ഷേത്രംവരെ ക്രമാനുഗതമായി ദർശനപുണ്യം നടത്തുന്നത് കാണേണ്ട കാഴ്ചതന്നെയാണ്.
'വിനായകോ വിഘ്‌നരാജ
ദ്വൈമാതുര ഗണാധിപാഃ
അപ്യേക ദന്തഹേരംബ
ലംബോധര ഗജാനനാഃ'
എന്ന ഗണേശ്വരന്റെ എട്ടുനാമങ്ങൾ അമരകോശത്തിൽ പ്രകീർത്തിക്കപ്പെടുന്നു. ബോർണിയോയിൽ മഹാബിനി എന്ന പേരിൽ ശ്രീഗണപതി സ്‌തുതിക്കപ്പെടുന്നു. മംഗോളിയയിൽ തോത്‌കർ എന്ന് പ്രകീർത്തിക്കുമ്പോൾ കംബോഡിയയിലാകട്ടെ ബ്രഹ്‌ഗണേശ് പ്രിയദൈവമാണ്. വിനായാക്ഷ എന്ന് ജപ്പാനിലും ക്വാൻസിദ്ധിയിക്, എന്ന് ചൈനയിലും വാഴ്‌ത്തി സ്‌തുതിക്കുന്നു. ജാവയിൽ 'ഗണേശ"നെയാണ് ആരാധിക്കുന്നത്.
കേരളത്തിലുടനീളം വിശ്വനായകനായ വിനായകന്റെ ഒട്ടനവധി ക്ഷേത്രങ്ങളുണ്ട്. ഒരു കൈയിൽ ശിവലിംഗവും മറുകൈ പൂണൂലിലുമായി ധ്യാനനിരതനായി നിലകൊള്ളുന്നു. തമിഴ്നാട്ടിലെ പിള്ളയാർപെട്ടി കർപ്പവിനായകൻ അവരുടെ സുകൃതസ്വരൂപനാണ്, ഏറെ വിഖ്യാതവുമാണ്.
പ്രണവമന്ത്രത്തിനുശേഷം 'ഹരി: ശ്രീ: ഗണപതയേ നമ:" എന്നുകുറിക്കാതെ അറിവിന്റെ ലോകത്തേക്ക് കടക്കാറില്ല. അറിവിന്റെ അഭിവൃദ്ധിയുടെയും എന്നല്ല, മനോവാക് വൃത്തികളുടെ സമൃദ്ധിക്കും അഭംഗുരതയ്ക്കും എന്നും എങ്ങും പ്രകീർത്തിക്കപ്പെടുന്ന-ആരാധിക്കപ്പെടുന്ന-അഖിലനാഥനായ ഗണേശ്വരനെ എ.ഡി ആറാം നൂറ്റാണ്ടു മുതൽക്കേ ലോകമെങ്ങും പൂജിച്ചുവരുന്നു. ദേവഗണങ്ങൾക്കും ദേവനായി വിരാജിക്കുന്ന ഗണപതി 'പ്രഥമപൂജിതൻ" എന്ന് പ്രശംസിക്കുന്നു.
ഭാദ്രപദമാസത്തിലെ വെളുത്തപക്ഷത്തിലെ ചതുർത്ഥിതിഥി ഗണേശ ചതുർത്ഥിയായി കൊണ്ടാടുമ്പോൾ, ഗണപതി മയൂരേശ്വരനായി അവതരിച്ച 'സിന്ധു" എന്ന അസുരനെ വധിച്ച ദിനമാണ് വിനായക ചതുർത്ഥി എന്നതും സ്‌മരണീയ കഥയായി നിൽക്കുന്നു.
എന്തുകൊണ്ടും വിനകളെ ഒഴിവാക്കാൻ വിനായക ചതുർത്ഥി ആഘോഷം പ്രയോജകീഭവിക്കട്ടെ!