വർക്കല: പാപനാശത്ത് ഡ്യൂട്ടിയിലുള്ള പൊലീസുകാർക്കും ലൈഫ്ഗാർഡുകൾക്കും വേണ്ട അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് ആക്ഷേപം. ഇവർക്ക് വിശ്രമിക്കാനോ പ്രാഥമികാവശ്യങ്ങൾ നിറവേറ്റാനോ മതിയായ സൗകര്യങ്ങളില്ല. ആധുനിക രീതിയിലുള്ള ടോയ്ലെറ്റ് സംവിധാനം, വിശ്രമമുറി എന്നിവ സജ്ജീകരിക്കുമെന്ന അധികൃതരുടെ പ്രഖ്യാപനങ്ങൾ ഇപ്പോഴും കടലാസിൽ ഒതുങ്ങുകയാണ്. ഓണക്കാലമായതോടെ വിനോദസഞ്ചാരികളുടെ തിരക്ക് വർദ്ധിച്ചിട്ടുണ്ട്. ഇവരുടെ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നതിന് മതിയായ ടൂറിസം പൊലീസിന്റെ അഭാവം കാരണം സഞ്ചാരികൾ ഏറെ ബുദ്ധിമുട്ടുകയാണ്. ടൂറിസ്റ്റുകളുടെ സുരക്ഷയ്ക്ക് പൊലീസ് എയിഡ്പോസ്റ്റ് കാര്യക്ഷമമാക്കുമെന്നും പ്രത്യേക പരിശീലനം നേടിയ ടൂറിസം പൊലീസിന്റെ സേവനം ഉറപ്പാക്കുമെന്നും പാപനാശം ബലിമണ്ഡപം ഉദ്ഘാടന വേളയിൽ പ്രഖ്യാപിച്ചെങ്കിലും നാളിതുവരെ നടപ്പായില്ല. ലോക്കൽ പൊലീസുകാർ തന്നെയാണ് ഇപ്പോഴും ഡ്യൂട്ടിക്കുള്ളത്. രാത്രി ഒരാളേ ഉണ്ടാകാറുള്ളൂ. വിനോദസഞ്ചാരികളുടെ എണ്ണം ഓരോ സീസണിലും വർദ്ധിച്ചു വരികയാണ്. ഇവരുടെ വിലപിടിപ്പുള്ള സാധനങ്ങൾ മോഷണം പോകുന്നതും ഇവരെ ആക്രമിക്കുന്നതും ഇവിടെ സാധാരണയാണ്. സാമൂഹ്യവിരുദ്ധരുടെ ശല്യവും വർദ്ധിക്കുകയാണ്. വിനോദസഞ്ചാരികൾ കൂട്ടമായെത്തുന്നത് പാപനാശത്തെ പ്രധാന ബീച്ചിലാണ്. കൂടാതെ തിരുവമ്പാടി, ഹെലിപ്പാട്, മലപ്പുറം എന്നിവിടങ്ങളിലും സഞ്ചാരികൾ തമ്പടിക്കാറുണ്ട്. ഇത്രയും നീണ്ട തീരപ്രദേശത്ത് സുരക്ഷയൊരുക്കാനായി നാമമാത്രമായ പൊലീസുകാരുടെ അദ്ധ്വാനം എങ്ങുമെത്തുന്നുമില്ല. കൂടാതെ ഗതാഗതക്കുരുക്കും മതിയായ പാർക്കിംഗ് സൗകര്യമില്ലാത്തതും സഞ്ചാരികളെയും വല്ലാതെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.

പോംവഴി

പാപനാശത്ത് ലൈഫ്ഗാർഡുകൾക്കും പൊലീസുകാർക്കും വേണ്ടി കെട്ടിടം നിർമ്മിക്കുന്നതിന് നഗരസഭയുടെ അധീനതയിലുളള സ്ഥലം ഉപയോഗപ്പെടുത്താനാകും. എന്നാൽ അധികൃതർ ഇതിനുവേണ്ട നടപടികൾ സ്വീകരിക്കുന്നില്ല. ടൂറിസം വകുപ്പിനും ഇക്കാര്യത്തിൽ നടപടികൾ സ്വീകരിക്കാവുന്നതാണ്.

പകൽ നേരത്തും രാത്രികാലങ്ങളിലും മദ്യപാനികളുടെ ശല്യവും വർദ്ധിച്ച് വരുന്നതായി പരാതിയുണ്ട്. കൂടാതെ കുടുംബവുമായി തീരത്തെത്തുന്ന സ്ത്രീകളുടെ ഫോട്ടോ മൊബൈലിൽ പകർത്തുന്ന സംഘവും സജീവമാണ്. അവധി ദിവസങ്ങളിൽ പാപനാശത്ത് എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം 1500 ൽ അധികമാണ്. കൂടാതെ 100 കണക്കിന് വാഹനങ്ങളാണ് നിത്യേന ഇവിടെ വന്ന് പോകുന്നത്.

നിലവിലുള്ളത് (ഷിഫ്റ്റ് അടിസ്ഥാനത്തൽ)

 6 ടൂറിസം പൊലീസ്

2 സൂപ്പർവൈസർ ഉൾപ്പെടെ 20 ലൈഫ് ഗാർഡുകൾ

മുൻപ് ഉണ്ടായിരുന്നത് 12 പൊലീസുകാർ

വർഷങ്ങൾക്ക് മുമ്പ് തീരത്ത് കെട്ടി ഉയർത്തിയ ഓല ഷെഡ് മാത്രമാണ് ഇവിടെയുള്ളത്

 ഈ ഷെഡിൽ യാതൊരു സൗകര്യവുമില്ല

പൊലീസുകാർ ഈ ഷെഡ് ഇപ്പോൾ ഉപേക്ഷിച്ചിരിക്കുകയാണ്

എന്നാൽ ലൈഫ് ഗാർഡുകളുടെ ഏക ആശ്രയകേന്ദ്രം ഇപ്പോൾ ഇതാണ്

ബലിമണ്ഡപത്തിലെ ചെറിയ ഒരു മുറിയിലാണ് പൊലീസുകാർ വിശ്രമിക്കുന്നത്

പ്രതികരണം:

പാപനാശത്തെ ടൂറിസം പൊലീസിന്റെയും ലൈഫ് ഗാർഡുകളുടെയും എണ്ണം വർദ്ധിപ്പിക്കുന്നതിനും ഇവർക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കും. പാപനാശം ബ്യൂട്ടിഫിക്കേഷൻ പദ്ധതിയുടെ ഭാഗമായി ഇക്കാര്യം കൂടി പരിഗണിക്കും.

-വി. ജോയി എം.എൽ.എ