stream

പക​ലിന്റെ ആരംഭം കുറി​ച്ചു​കൊണ്ട് പൊന്തി​വ​രുന്ന സൂര്യന്റെ സ്വർണ​ക്ക​തി​രു​കൾ നയ​നാ​ന​ന്ദ​ക​ര​മാ​ണ്. കടുത്ത വിഷാ​ദ​ത്തിൽ അക​പ്പെ​ട്ടി​രി​ക്കു​ന്ന​വ​നു​പോലും ആശ്വാ​സ​ത്തിന്റെ നിശ്വാ​സ​മു​തിർക്കാൻ ഈ കാഴ്‌ച വഴി​യൊ​രു​ക്കും. കാരണം മംഗ​ള​ക​ര​മായ കാഴ്‌ചയി​ലൂ​ടെ ഒരു​വൻ പ്രകൃ​തി​യി​ലേക്കും പ്രകൃതി അവ​നി​ലേക്കും നിറയപ്പെ​ട​ണ​മെ​ന്ന​താണ് ഈശ്വ​രന്റെ ഇച്ഛ. അതു​പോലെ തന്നെ കാടും കാട്ടാ​റു​മു​ണ്ടാ​ക്കുന്ന സംഗീതം കാതിനും ആന​ന്ദ​ക​ര​മാ​ണ്. ശബ്‌ദങ്ങ​ളുടെ എത്ര വലിയ മുഴ​ക്ക​ങ്ങ​ളിൽ ​അകപ്പെ​ട്ടി​രു​ന്നാലും ഒരു കാട്ടാ​റിന്റെ പാദ​സര​ക്കി​ലുക്കം ഉണ്ടാ​ക്കുന്ന സംഗീ​ത​ത്തിന്റെ ഒഴുക്കിനെ കാത് വേഗം ഒപ്പി​യെ​ടുക്കും. ഇതിനു പിന്നി​ലു​ള്ളതും മംഗ​ള​ക​ര​മായ കേൾവി​യി​ലൂടെ പ്രകൃതി​യുടെ താള​ല​യ​ങ്ങൾ മനു​ഷ്യ​നി​ലേക്കും മനു​ഷ്യനെ പ്രകൃ​തി​യുടെ താള​ല​യ​ങ്ങ​ളി​ലേക്കും ഏകോ​പി​പ്പി​ക്ക​ണ​മെന്ന ഈശ്വ​രേ​ച്ഛ​യാണ്. ഇപ്ര​കാരം മഹാ​മോദം (കു​രു​ക്കു​ത്തി​മു​ല്ല) മുതൽ മഹാ​മേരു​ക്ക​ളിൽ നിന്നു​വരെ പുറ​പ്പെ​ടുന്ന സുഗ​ന്ധ​ത്തിന്റെ ഇളം​തെ​ന്ന​ലു​കൾ കൊണ്ട് മനു​ഷ്യന്റെ നാസി​കയും വൈവിദ്ധ്യമാർന്ന ഫല​മൂ​ലാ​ദി​ക​ളുടെ രുചി​ക്കൂ​ട്ടു​കൾ കൊണ്ട് നാവും ആ​ന​ന്ദ​മ​യ​ങ്ങ​ളാ​യി​രി​ക്കു​മ്പോൾ ത്വഗി​ന്ദ്രിയം ജീവിത​കാലം മുഴു​വനും പ്രകൃ​തി​യുടെ പരി​ലാ​ള​ന​മേറ്റ് ആന​ന്ദ​മ​നു​ഭ​വി​ക്കു​ന്നു. ഇതെല്ലാം ജന​ന​ത്തിനു മുൻപും ജന​ന​ത്തിനു ശേഷവും ജീവി​ത​ത്തിനു ശേഷം പോലും നമ്മെ കൈവി​ടാ​തി​രി​ക്കുന്ന നിലയിലാണ് പ്രകൃ​തിയെ ഈശ്വ​രൻ അണി​യി​ച്ചൊ​രുക്കി വച്ചി​രി​ക്കു​ന്നത്. എന്നാൽ പഞ്ചേ​ന്ദ്രി​യ​ങ്ങ​ളുടെ ഒരു കൂട്ടം വാതാ​യ​ന​ങ്ങൾ കൊണ്ട് മാത്രം പ്രകൃ​തി​യു​മായി മംഗ​ള​ക​ര​മായ വേഴ്‌ചയും വാഴ്‌ചയും മനു​ഷ്യനു സാദ്ധ്യമാവില്ലെന്ന് ഈശ്വ​ര​ന​റി​യാ​മാ​യി​രു​ന്നു. അതു​കൊ​ണ്ടാണ് ആ കുറവ് തീർത്ത് മനു​ഷ്യനെ പ്രകൃ​തി​യിൽ പൂർണ​ത​യാർന്ന സൃഷ്‌ടിയാക്കാൻ വേണ്ട മനും ബുദ്ധിയും ചിത്തവും തത്ത്വ​ജി​ജ്ഞാസയും അഹ​മെന്ന ഭാവവും ഈശ്വ​രൻ നൽകി​യ​ത്. ഇവിടെ ഒരു കാര്യം ശ്രദ്ധി​ക്കേ​ണ്ട​തു​ണ്ട്. ബാഹ്യ​പ്ര​കൃ​തി​യു​മാ​യി നിര​ന്തരം സമ​ര​സ​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നായി ഇന്ദ്രി​യ​ങ്ങൾ അഞ്ചി​നെയും പുറ​ത്തേ​ക്കാണ് ഈശ്വ​രൻ തുറ​ന്നു​ വ​ച്ചി​രി​ക്കു​ന്ന​തെ​ങ്കിൽ അവയെ അറിവും അനു​ഭ​വവുമാക്കി​ത്തീർക്കുന്ന മറ്റുള്ള അഞ്ചി​നെയും ആന്ത​രി​ക​പ്ര​കൃ​തി​യു​മായി നിര​ന്തരം സമ​ര​സ​പ്പെ​ടു​ന്ന​തി​നായി അക​ത്തേ​ക്കാണ് തുറ​ന്നു​ വെ​ച്ചി​രി​ക്കു​ന്ന​ത്. ഈ അക​പു​റ​ങ്ങളുടെ സമ്യ​ക്കായ ചേർച്ചയും ഉചി​തവും നിയു​ക്ത​വു​മായ പാര​സ്‌പര്യ​വും എപ്പോ​ഴൊ​ക്കെയാണോ അവി​കല​മായി വരു​ന്നത് അപ്പോ​ഴൊക്കെ മനു​ഷ്യൻ ആന​ന്ദാ​നു​ഭ​വ​ത്തിന് ഉട​മ​യാ​യി​ത്തീ​രും. ഈ ആന​ന്ദ​ല​ബ്‌ധിയെ പ്രാപി​ക്കാൻ ഈ പ്രപഞ്ച​ത്തിലെ അനേക​ജീ​വ​കോടിക​ളിൽ മനു​ഷ്യ​നു​ മാ​ത്രമേ സാധിക്കൂ. പക്ഷേ ഇത് സാദ്ധ്യമാ​ക​ണ​മെ​ങ്കിൽ മനു​ഷ്യൻ ആദ്യം അവ​നിൽ ഈശ്വ​രൻ നിറ​ച്ചുവച്ചി​രി​ക്കുന്ന അപൂർവ ഗുണ​ങ്ങളെ ക​ണ്ടെ​ത്തു​കയും തിരി​ച്ച​റി​യു​കയും വേണം. എന്നാൽ അതി​ന് ഉത​കേണ്ട വാസ​ന​കളെ മനു​ഷ്യൻ അവന്റെ നിത്യ​ജീ​വി​ത​ത്തിലെ വ്യവ​ഹാ​ര​ങ്ങളുടെ നിറവിനായി മാറ്റി ഉപ​യോ​ഗി​ക്കു​ക​യാണ് ചെയ്യുന്നത്. ഈ വ്യതി​ച​ല​ന​മാണ് ഇന്ദ്രി​യ​ധർമ്മ​ങ്ങ​ളെയും അന്ത​ക്കര​ണ​വൃ​ത്തി​ക​ളെയും അസ്ഥാ​ന​ങ്ങ​ളി​ലേക്ക് വഴി​മാറ്റി കൊണ്ടു​പോ​കാ​നുള്ള സാഹ​ച​ര്യ​ങ്ങളുണ്ടാ​ക്കു​ന്ന​ത്. എല്ലാ മനു​ഷ്യ​ശ​രീ​ര​ങ്ങ​ളിലും ഇന്ദ്രി​യ​ങ്ങൾക്കു​ള്ളത് ഒരേ​ സ്ഥാ​ന​മാണ്. അന്ത​ക്ക​ര​ണ​ങ്ങ​ളുടെ സ്ഥാനവും വ്യത്യ​സ്‌ത​മ​ല്ല. ഇങ്ങനെ സ്ഥാനം കൊണ്ടും സ്വരൂപം കൊണ്ടും ധർമ്മം കൊണ്ടും ഭേദാ​ദി​ക​ളി​ല്ലാ​ത്ത ഇന്ദ്രി​യ​ങ്ങളും അന്ത​ക്ക​ര​ണ​ങ്ങളും പിന്നെ എന്തു​കൊ​ണ്ടാണ് പല​വ​ഴിക്ക് പോയി മറ്റൊ​രു​വന് വിദ്വേഷം ഉണ്ടാ​ക്കും​വി​ധ​മുള്ള വൃത്തിയെ പ്രാപി​ക്കു​ന്ന​ത്. പ്രധാ​ന​മായും ഇന്ദ്രി​യ​ങ്ങ​ളു​ടെ അല​ഞ്ഞു​തിരിയലാണു ഇതിനു കാര​ണം. ഇന്ദ്രി​യ​ങ്ങൾ തങ്ങൾക്കി​രിക്കാനുള്ള ഒരി​ട​ത്തെ​ക്കു​റിച്ച് പ്രജാ​പ​തി​യായ ജഗ​ദീ​ശ്വ​ര​നോട് പറ​യുന്ന ഒരു ഭാഗം ഐത​രേ​യോ​പ​നി​ഷ​ത്തി​ലു​ണ്ട്. ആദ്യം പശു​വി​ന്റെയും കുതി​ര​യു​ടെയും രൂപ​ങ്ങളെ ഇന്ദ്രി​യ​ങ്ങൾക്ക് ഇരി​ക്കാ​നായി ജഗ​ദീ​ശ്വ​രൻ സൃഷ്‌ടി​ച്ചു​ കൊ​ടു​ത്തെങ്കിലും ഇന്ദ്രി​യ​ങ്ങൾക്ക് അവ​യൊന്നും തൃപ്‌തി​യാ​യി​ല്ല. പിന്നീട് മനു​ഷ്യ​രൂ​പത്തെ സൃഷ്‌ടിച്ചിട്ട് ആ ശരീ​ര​ത്തിൽ പ്രവേ​ശി​ച്ചു​കൊ​ള്ളാൻ ജഗ​ദീ​ശ്വ​രൻ ഇന്ദ്രി​യ​ങ്ങ​ളോട് പറ​ഞ്ഞു. അതിൽ തൃപ്‌തരായ ഇന്ദ്രി​യ​ങ്ങൾ അഞ്ചും സന്തോ​ഷ​ത്തോടെ മനു​ഷ്യ​ശ​രീ​ര​ത്തിൽ സ്ഥാന​ങ്ങ​ളു​റ​പ്പിച്ചത്രേ. ഇവിടെ ആദ്യം സൃഷ്‌ടിക്ക​പ്പെട്ട പശു​വി​ന്റെയും കുതി​ര​യു​ടെയും രൂപ​ങ്ങൾ സ്വീക​രി​ക്കാതെ ഇന്ദ്രി​യ​ങ്ങൾ എന്തു​കൊ​ണ്ടാണ് മനു​ഷ്യ​രൂ​പ​ത്തി​നായി കാത്തി​രു​ന്നത്? ഒന്നാ​മ​തായി ഇന്ദ്രി​യ​ങ്ങൾക്ക് അവ​യുടെ ധർമ്മ​ത്തിലും വിവേ​ക​ത്തിലും പൂർണത പ്രാപി​ക്കാ​നാ​കു​ന്നത് മനു​ഷ്യ​ശ​രീ​ര​ത്തിൽ ഇരി​ക്കു​മ്പോ​ഴാ​ണെ​ന്ന​താ​ണ്. രണ്ടാ​മ​തായി എല്ലാ ജന്തു​ക്കൾക്കും ഇന്ദ്രി​യ​ങ്ങളുണ്ടെ​ങ്കിലും ഇന്ദ്രി​യ​ങ്ങ​ളുടെ ചുറ്റി​ത്തി​രി​യ​ലിനും ലാള​നയ്‌ക്കും വേഗം വശ​പ്പെ​ടു​ന്ന​തും അവയെ വേണ്ടുംവിധം പ്രീണി​പ്പി​ക്കു​ന്നതും മനു​ഷ്യൻ മാത്ര​മാ​ണ്. മൂന്നാ​മ​തായി ഇന്ദ്രി​യ​ങ്ങ​ളുള്ള ജീവി​ക​ളി​ലെല്ലാം വെച്ച് ജഗ​ദീ​ശ്വ​രനെ ധ്യാനി​ക്കാനും സ്‌തുതി​ക്കാ​നു​മാ​കു​ന്നതു മനു​ഷ്യന് മാത്ര​മാണ്. ഇങ്ങ​നെ​യുള്ള സ്വകാ​മിക​ളായ ഇന്ദ്രി​യ​ങ്ങ​ളെ​യെല്ലാം അതാ​തിന്റെ വ​ഴിക്ക് വിടാ​തെയും സ്വധർമ്മ​ത്തിൽ നിന്നും വേർപ്പെ​ടു​ത്താ​തെയും ബാഹ്യമായും ആന്ത​രി​ക​മായും സംയോ​ജി​പ്പിച്ച് നിറുത്താൻ നമുക്ക് കഴി​യ​ണം. അപ്പോഴാണ് ജഗ​ദീ​ശ്വ​രൻ ഇന്ദ്രി​യ​ങ്ങൾക്കി​രി​ക്കാൻ ശരീ​ര​ത്തിൽ ഇടം നൽകി​യ​തു​പോലെ നമുക്ക് സ്വസ്ഥ​മാ​യി​രി​ക്കാൻ പ്രകൃ​തി​യിലും ഈശ്വ​രൻ ഇട​മു​ണ്ടാ​ക്കി​ത്ത​രു​ന്ന​ത്. ഈയൊരു ബോധ​ത്തിന്റെ ഉൾക്കാഴ്‌ച​യി​ലേക്കു നമ്മെ ഉണർത്തു​കയും ഉയർത്തു​കയും ചെയ്യുന്ന ഒരു ഗുരു​ദേ​വ​ര​ച​ന​യാണ് ഇന്ദ്രി​യ​വൈ​രാ​ഗ്യം. അയ്യോ! കിട​ന്ന​ല​യു​മി​പ്പു​ല​യർക്കു നീയെൻ -

മെയ്യോ കൊടുത്തു വില​യായ് വില​സുന്നു

മേലിൽ കയ്യൊന്നു തന്നു കര​യേ​റ്റ​ണ​മെ​ന്നെ​യി​ന്നീ-

പൊയ്യി​ങ്കൽനിന്നു പുതു​മേനി പുണർന്നി​ടാ​നാ​യ്.

യാതൊ​ന്നു​കൊണ്ടും തൃപ്‌തിവ​രാതെ അല​ഞ്ഞു​തി​രി​യുന്ന ഇന്ദ്രി​യ​ങ്ങൾക്ക് തന്റെ ശരീരം ഇരി​പ്പി​ട​മാ​യി​ക്കൊ​ടു​ത്തിട്ട് ഒന്നു​മ​റി​യാ​ത്ത​വ​നെ​പ്പോലെ കഴി​ഞ്ഞു​കൂ​ടുന്ന മനു​ഷ്യനു ഈ മായാ​വ​ല​യ​ത്തിൽ നിന്നും ആന​ന്ദ​സ്വ​രൂ​പ​മാ​യി​രി​ക്കുന്ന പര​മാ​ത്മ​ബോ​ധത്തെ പ്രാപി​ക്കാൻ ഇട​യാ​കണേ എന്നാണ് ഇവി​ടത്തെ പ്രാർത്ഥ​ന. മനു​ഷ്യ​ജ​ന്മ​ത്തിന്റെ ആത്യ​ന്തി​ക​ല​ക്ഷ്യ​മെ​ന്നത് ഈ പര​മാ​ത്മ​ബോധപ്രാപ്‌തിയാ​ണ്. ആ പുതു​മേ​നിയെ പുണർന്നി​ടു​വാ​നു​ള്ള​താണ് ഈ ജീവി​ത​മെന്ന ഓർമ്മയും ചിന്ത​യു​മു​ണ്ടാ​യാൽ ഇന്ദ്രി​യ​ങ്ങ​ളൊന്നും അമം​ഗ​ള​ക​ര​മായ വിഷ​യ​ങ്ങ​ളിൽ അല​ഞ്ഞു​തി​രിഞ്ഞു ലൗകി​ക​ജീ​വി​തത്തെ ദു​ഹ​മാ​ക്കു​ക​യി​ല്ല.