പകലിന്റെ ആരംഭം കുറിച്ചുകൊണ്ട് പൊന്തിവരുന്ന സൂര്യന്റെ സ്വർണക്കതിരുകൾ നയനാനന്ദകരമാണ്. കടുത്ത വിഷാദത്തിൽ അകപ്പെട്ടിരിക്കുന്നവനുപോലും ആശ്വാസത്തിന്റെ നിശ്വാസമുതിർക്കാൻ ഈ കാഴ്ച വഴിയൊരുക്കും. കാരണം മംഗളകരമായ കാഴ്ചയിലൂടെ ഒരുവൻ പ്രകൃതിയിലേക്കും പ്രകൃതി അവനിലേക്കും നിറയപ്പെടണമെന്നതാണ് ഈശ്വരന്റെ ഇച്ഛ.
അതുപോലെ തന്നെ കാടും കാട്ടാറുമുണ്ടാക്കുന്ന സംഗീതം കാതിനും ആനന്ദകരമാണ്. ശബ്ദങ്ങളുടെ എത്ര വലിയ മുഴക്കങ്ങളിൽ അകപ്പെട്ടിരുന്നാലും ഒരു കാട്ടാറിന്റെ പാദസരക്കിലുക്കം ഉണ്ടാക്കുന്ന സംഗീതത്തിന്റെ ഒഴുക്കിനെ കാത് വേഗം ഒപ്പിയെടുക്കും. ഇതിനു പിന്നിലുള്ളതും മംഗളകരമായ കേൾവിയിലൂടെ പ്രകൃതിയുടെ താളലയങ്ങൾ മനുഷ്യനിലേക്കും മനുഷ്യനെ പ്രകൃതിയുടെ താളലയങ്ങളിലേക്കും ഏകോപിപ്പിക്കണമെന്ന ഈശ്വരേച്ഛയാണ്. ഇപ്രകാരം മഹാമോദം (കുരുക്കുത്തിമുല്ല) മുതൽ മഹാമേരുക്കളിൽ നിന്നുവരെ പുറപ്പെടുന്ന സുഗന്ധത്തിന്റെ ഇളംതെന്നലുകൾ കൊണ്ട് മനുഷ്യന്റെ നാസികയും വൈവിദ്ധ്യമാർന്ന ഫലമൂലാദികളുടെ രുചിക്കൂട്ടുകൾ കൊണ്ട് നാവും ആനന്ദമയങ്ങളായിരിക്കുമ്പോൾ ത്വഗിന്ദ്രിയം ജീവിതകാലം മുഴുവനും പ്രകൃതിയുടെ പരിലാളനമേറ്റ് ആനന്ദമനുഭവിക്കുന്നു. ഇതെല്ലാം ജനനത്തിനു മുൻപും ജനനത്തിനു ശേഷവും ജീവിതത്തിനു ശേഷം പോലും നമ്മെ കൈവിടാതിരിക്കുന്ന നിലയിലാണ് പ്രകൃതിയെ ഈശ്വരൻ അണിയിച്ചൊരുക്കി വച്ചിരിക്കുന്നത്.
എന്നാൽ പഞ്ചേന്ദ്രിയങ്ങളുടെ ഒരു കൂട്ടം വാതായനങ്ങൾ കൊണ്ട് മാത്രം പ്രകൃതിയുമായി മംഗളകരമായ വേഴ്ചയും വാഴ്ചയും മനുഷ്യനു സാദ്ധ്യമാവില്ലെന്ന് ഈശ്വരനറിയാമായിരുന്നു. അതുകൊണ്ടാണ് ആ കുറവ് തീർത്ത് മനുഷ്യനെ പ്രകൃതിയിൽ പൂർണതയാർന്ന സൃഷ്ടിയാക്കാൻ വേണ്ട മനും ബുദ്ധിയും ചിത്തവും തത്ത്വജിജ്ഞാസയും അഹമെന്ന ഭാവവും ഈശ്വരൻ നൽകിയത്. ഇവിടെ ഒരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. ബാഹ്യപ്രകൃതിയുമായി നിരന്തരം സമരസപ്പെട്ടുകൊണ്ടിരിക്കുന്നതിനായി ഇന്ദ്രിയങ്ങൾ അഞ്ചിനെയും പുറത്തേക്കാണ് ഈശ്വരൻ തുറന്നു വച്ചിരിക്കുന്നതെങ്കിൽ അവയെ അറിവും അനുഭവവുമാക്കിത്തീർക്കുന്ന മറ്റുള്ള അഞ്ചിനെയും ആന്തരികപ്രകൃതിയുമായി നിരന്തരം സമരസപ്പെടുന്നതിനായി അകത്തേക്കാണ് തുറന്നു വെച്ചിരിക്കുന്നത്. ഈ അകപുറങ്ങളുടെ സമ്യക്കായ ചേർച്ചയും ഉചിതവും നിയുക്തവുമായ പാരസ്പര്യവും എപ്പോഴൊക്കെയാണോ അവികലമായി വരുന്നത് അപ്പോഴൊക്കെ മനുഷ്യൻ ആനന്ദാനുഭവത്തിന് ഉടമയായിത്തീരും. ഈ ആനന്ദലബ്ധിയെ പ്രാപിക്കാൻ ഈ പ്രപഞ്ചത്തിലെ അനേകജീവകോടികളിൽ മനുഷ്യനു മാത്രമേ സാധിക്കൂ. പക്ഷേ ഇത് സാദ്ധ്യമാകണമെങ്കിൽ മനുഷ്യൻ ആദ്യം അവനിൽ ഈശ്വരൻ നിറച്ചുവച്ചിരിക്കുന്ന അപൂർവ ഗുണങ്ങളെ കണ്ടെത്തുകയും തിരിച്ചറിയുകയും വേണം. എന്നാൽ അതിന് ഉതകേണ്ട വാസനകളെ മനുഷ്യൻ അവന്റെ നിത്യജീവിതത്തിലെ വ്യവഹാരങ്ങളുടെ നിറവിനായി മാറ്റി ഉപയോഗിക്കുകയാണ് ചെയ്യുന്നത്. ഈ വ്യതിചലനമാണ് ഇന്ദ്രിയധർമ്മങ്ങളെയും അന്തക്കരണവൃത്തികളെയും അസ്ഥാനങ്ങളിലേക്ക് വഴിമാറ്റി കൊണ്ടുപോകാനുള്ള സാഹചര്യങ്ങളുണ്ടാക്കുന്നത്. എല്ലാ മനുഷ്യശരീരങ്ങളിലും ഇന്ദ്രിയങ്ങൾക്കുള്ളത് ഒരേ സ്ഥാനമാണ്. അന്തക്കരണങ്ങളുടെ സ്ഥാനവും വ്യത്യസ്തമല്ല. ഇങ്ങനെ സ്ഥാനം കൊണ്ടും സ്വരൂപം കൊണ്ടും ധർമ്മം കൊണ്ടും ഭേദാദികളില്ലാത്ത ഇന്ദ്രിയങ്ങളും അന്തക്കരണങ്ങളും പിന്നെ എന്തുകൊണ്ടാണ് പലവഴിക്ക് പോയി മറ്റൊരുവന് വിദ്വേഷം ഉണ്ടാക്കുംവിധമുള്ള വൃത്തിയെ പ്രാപിക്കുന്നത്. പ്രധാനമായും ഇന്ദ്രിയങ്ങളുടെ അലഞ്ഞുതിരിയലാണു ഇതിനു കാരണം. ഇന്ദ്രിയങ്ങൾ തങ്ങൾക്കിരിക്കാനുള്ള ഒരിടത്തെക്കുറിച്ച് പ്രജാപതിയായ ജഗദീശ്വരനോട് പറയുന്ന ഒരു ഭാഗം ഐതരേയോപനിഷത്തിലുണ്ട്. ആദ്യം പശുവിന്റെയും കുതിരയുടെയും രൂപങ്ങളെ ഇന്ദ്രിയങ്ങൾക്ക് ഇരിക്കാനായി ജഗദീശ്വരൻ സൃഷ്ടിച്ചു കൊടുത്തെങ്കിലും ഇന്ദ്രിയങ്ങൾക്ക് അവയൊന്നും തൃപ്തിയായില്ല. പിന്നീട് മനുഷ്യരൂപത്തെ സൃഷ്ടിച്ചിട്ട് ആ ശരീരത്തിൽ പ്രവേശിച്ചുകൊള്ളാൻ ജഗദീശ്വരൻ ഇന്ദ്രിയങ്ങളോട് പറഞ്ഞു. അതിൽ തൃപ്തരായ ഇന്ദ്രിയങ്ങൾ അഞ്ചും സന്തോഷത്തോടെ മനുഷ്യശരീരത്തിൽ സ്ഥാനങ്ങളുറപ്പിച്ചത്രേ. ഇവിടെ ആദ്യം സൃഷ്ടിക്കപ്പെട്ട പശുവിന്റെയും കുതിരയുടെയും രൂപങ്ങൾ സ്വീകരിക്കാതെ ഇന്ദ്രിയങ്ങൾ എന്തുകൊണ്ടാണ് മനുഷ്യരൂപത്തിനായി കാത്തിരുന്നത്? ഒന്നാമതായി ഇന്ദ്രിയങ്ങൾക്ക് അവയുടെ ധർമ്മത്തിലും വിവേകത്തിലും പൂർണത പ്രാപിക്കാനാകുന്നത് മനുഷ്യശരീരത്തിൽ ഇരിക്കുമ്പോഴാണെന്നതാണ്. രണ്ടാമതായി എല്ലാ ജന്തുക്കൾക്കും ഇന്ദ്രിയങ്ങളുണ്ടെങ്കിലും ഇന്ദ്രിയങ്ങളുടെ ചുറ്റിത്തിരിയലിനും ലാളനയ്ക്കും വേഗം വശപ്പെടുന്നതും അവയെ വേണ്ടുംവിധം പ്രീണിപ്പിക്കുന്നതും മനുഷ്യൻ മാത്രമാണ്. മൂന്നാമതായി ഇന്ദ്രിയങ്ങളുള്ള ജീവികളിലെല്ലാം വെച്ച് ജഗദീശ്വരനെ ധ്യാനിക്കാനും സ്തുതിക്കാനുമാകുന്നതു മനുഷ്യന് മാത്രമാണ്. ഇങ്ങനെയുള്ള സ്വകാമികളായ ഇന്ദ്രിയങ്ങളെയെല്ലാം അതാതിന്റെ വഴിക്ക് വിടാതെയും സ്വധർമ്മത്തിൽ നിന്നും വേർപ്പെടുത്താതെയും ബാഹ്യമായും ആന്തരികമായും സംയോജിപ്പിച്ച് നിറുത്താൻ നമുക്ക് കഴിയണം. അപ്പോഴാണ് ജഗദീശ്വരൻ ഇന്ദ്രിയങ്ങൾക്കിരിക്കാൻ ശരീരത്തിൽ ഇടം നൽകിയതുപോലെ നമുക്ക് സ്വസ്ഥമായിരിക്കാൻ പ്രകൃതിയിലും ഈശ്വരൻ ഇടമുണ്ടാക്കിത്തരുന്നത്. ഈയൊരു ബോധത്തിന്റെ ഉൾക്കാഴ്ചയിലേക്കു നമ്മെ ഉണർത്തുകയും ഉയർത്തുകയും ചെയ്യുന്ന ഒരു ഗുരുദേവരചനയാണ് ഇന്ദ്രിയവൈരാഗ്യം.
അയ്യോ! കിടന്നലയുമിപ്പുലയർക്കു നീയെൻ -
മെയ്യോ കൊടുത്തു വിലയായ് വിലസുന്നു
മേലിൽ കയ്യൊന്നു തന്നു കരയേറ്റണമെന്നെയിന്നീ-
പൊയ്യിങ്കൽനിന്നു പുതുമേനി പുണർന്നിടാനായ്.
യാതൊന്നുകൊണ്ടും തൃപ്തിവരാതെ അലഞ്ഞുതിരിയുന്ന ഇന്ദ്രിയങ്ങൾക്ക് തന്റെ ശരീരം ഇരിപ്പിടമായിക്കൊടുത്തിട്ട് ഒന്നുമറിയാത്തവനെപ്പോലെ കഴിഞ്ഞുകൂടുന്ന മനുഷ്യനു ഈ മായാവലയത്തിൽ നിന്നും ആനന്ദസ്വരൂപമായിരിക്കുന്ന പരമാത്മബോധത്തെ പ്രാപിക്കാൻ ഇടയാകണേ എന്നാണ് ഇവിടത്തെ പ്രാർത്ഥന. മനുഷ്യജന്മത്തിന്റെ ആത്യന്തികലക്ഷ്യമെന്നത് ഈ പരമാത്മബോധപ്രാപ്തിയാണ്. ആ പുതുമേനിയെ പുണർന്നിടുവാനുള്ളതാണ് ഈ ജീവിതമെന്ന ഓർമ്മയും ചിന്തയുമുണ്ടായാൽ ഇന്ദ്രിയങ്ങളൊന്നും അമംഗളകരമായ വിഷയങ്ങളിൽ അലഞ്ഞുതിരിഞ്ഞു ലൗകികജീവിതത്തെ ദുഹമാക്കുകയില്ല.