കാശ്മീരിന്റെ പേരിലുള്ള സംഘർഷം കേരളത്തിലെ സമുദ്രതീരത്തിനും ഭീഷണിയായിരിക്കുകയാണല്ലോ. ആ ഭീഷണിക്കെതിരെ കേരളത്തിനും കേന്ദ്ര സർക്കാരിന്റെ ജാഗ്രതാ നിർദ്ദേശം ലഭിച്ചിരിക്കുകയാണ്.പ്രത്യേകിച്ച് കടൽവഴിയുള്ള നുഴഞ്ഞുകയറ്റത്തിനെതിരെയുള്ള ജാഗ്രത പാലിക്കണമെന്ന നിർദ്ദേശം.
ഇൗ ജാഗ്രത നിഷ്കർഷമായി പാലിക്കപ്പെടേണ്ട സ്ഥലമാണ് കോവളം കടൽത്തീരം. വിഖ്യാതമായ ടൂറിസ്റ്റ് കേന്ദ്രമെന്നതുമാത്രമല്ല കോവളത്തിന്റെ പ്രാധാന്യം. അതിലുപരി ദേശീയവും സുരക്ഷാസംബന്ധവുമായ പ്രാധാന്യംകൂടി കോവളം കടൽത്തീരത്തിനുണ്ട്. രാജ്യത്തിന്റെ സുരക്ഷിതത്വം കണക്കിലെടുത്താൽ തന്ത്രപ്രധാനമായ കടൽത്തീരമാണ് കോവളം. അതിന് നിദാനം പലതാണ്. കോവളം കൊട്ടാരവും ടൂറിസ്റ്റ് കെട്ടിട സമുച്ചയവും സ്ഥിതിചെയ്യുന്ന സ്ഥലവും അതിനോട് ചേർന്നുള്ള ഭൂമിയും കടലിലേക്ക് തള്ളിനിൽക്കുന്ന വിശാലമായൊരു മുനമ്പാണ്. കേരളത്തിന്റെ തലസ്ഥാന നഗരിക്ക് വളരെ അകലെയല്ല കോവളം. അതിന്റെ വടക്കുഭാഗത്ത് അന്താരാഷ്ട്ര വിമാനത്താവളവും ബഹിരാകാശ ഗവേഷണ കേന്ദ്രവും. തെക്കുഭാഗത്ത് ലൈറ്റ് ഹൗസും വിഴിഞ്ഞം തുറമുഖവും. കോവളത്തെ ഹോട്ടൽ സമുച്ചയം സ്ഥിതിചെയ്യുന്നതും ഇൗ മുനമ്പിലാണ്. അവിടെ വന്ന് താമസിക്കുന്ന ടൂറിസ്റ്റുകളേറെയും വിവിധ താത്പര്യങ്ങളുള്ള വിദേശികളായിരിക്കും. ഇതെല്ലാം കോവളത്തിന് സുരക്ഷാപരമായ തന്ത്രപ്രാധാന്യമേകുന്ന ഘടകങ്ങളാണ്. എന്നാൽ ഇവയെക്കാളേറെ വിപൽക്കരമായ മറ്റൊരു ഘടകമുണ്ട്. വിശാലമായ മുനമ്പിന്റെ കടൽത്തീരം പ്രകൃതിദത്തമായ ഉറച്ച പാറകൾ നിറഞ്ഞതാകയാൽ ആ ഭാഗത്ത് സുഗമമായ സഞ്ചാരം പ്രായേണ ദുഷ്കരമാണ്. പകൽപോലും അവിടം ഏറക്കുറെ വിജനമായിരിക്കും. ആ ഭാഗത്ത് കടൽ പൊതുവേ ശാന്തമാണ്. അവിടെ ഏത് സമയത്തും പ്രത്യേകിച്ച് രാത്രിയിൽ രാജ്യത്തിന്റെ സുരക്ഷയ്ക്ക് വിനയാകുന്ന ഏതെങ്കിലും വിധ്വംസക പ്രവർത്തനം നടന്നാൽ പുറംലോകം പെട്ടെന്ന് അറിയുകയില്ല. രാവുകളിൽ വിധ്വംസക പ്രവർത്തകർക്കും ശത്രുക്കൾക്കും ആ കടൽഭാഗത്തുകൂടി മുനമ്പിലേക്ക് കടന്നുകയറാനാകുമെന്ന് വരും.
ഇക്കാരണങ്ങളാൽ കോവളം മുനമ്പ് നിരന്തരമായ നിരീക്ഷണത്തിലായിരിക്കേണ്ട തന്ത്രപ്രധാനമായ സ്ഥലമാണ്. ആ മുനമ്പിന് തെക്ക് വിഴിഞ്ഞം വരെയും വടക്ക് ശംഖുംമുഖംവരെയുമുള്ള കടൽ തീരത്തിനും ഇൗ പ്രാധാന്യം ഇല്ലാതില്ല. ആ നിരീക്ഷണത്തിനും ജാഗ്രതയ്ക്കും സുരക്ഷയ്ക്കും കോവളം കൊട്ടാരത്തിന്റെയും അനുബന്ധ ഭൂമിയുടെയും ഉടമാവകാശം സംസ്ഥാന സർക്കാരിൽ നിക്ഷിപ്തമാക്കിയതുകൊണ്ടു മാത്രമായില്ല. പ്രത്യേകിച്ച് പാകിസ്ഥാന്റെ ശത്രുത രൂക്ഷമായി നിഴലിച്ചുനിൽക്കുന്ന സാഹചര്യത്തിൽ. ദേശീയ സുരക്ഷാപരമായ പ്രാധാന്യം കണക്കിലെടുത്ത് കൊട്ടാരവും മുനമ്പും അവയുടെ സംരക്ഷണവും കേന്ദ്ര പ്രതിരോധവകുപ്പിന്റെ ചുമതലയിലാക്കണം. പ്രതിരോധവകുപ്പാകുമ്പോൾ കോവളം മുനമ്പും അതിനുചുറ്റും സൂക്ഷ്മമായ നിരീക്ഷണവും ജാഗ്രതയും പ്രതിരോധവും നിലനിറുത്താനാകും. സംസ്ഥാന സർക്കാരും സംസ്ഥാന രാഷ്ട്രീയ നേതൃത്വങ്ങളും കേന്ദ്രവും ആ വഴിക്ക് ചിന്തിക്കണം. അല്ലെങ്കിൽ മുമ്പ് പരാമർശിച്ചതുപോലെ സംഭവിക്കാവുന്ന വിപത്ത് കോവളത്തെ മാത്രമല്ല, രാജ്യത്തെത്തന്നെ ബാധിച്ചെന്നിരിക്കും. അതൊഴിവാക്കാൻ കോവളം കൊട്ടാരവും മുനമ്പും സ്വകാര്യ ഏജൻസികൾക്ക് തീറെഴുതിക്കൊടുക്കുകയല്ല വേണ്ടത്.