കിളിമാനൂർ:പ്രകൃതിസംരക്ഷണത്തിനായി സീഡ് ബോംബും സീഡ് പേനയും നിർമ്മിച്ചു കിളിമാനൂർ ഗവ :എൽ. പി. എ. സി.ലെ ഹരിതസേനയിലെ കുട്ടികളുടെ പ്രവർത്തനം ഏറെ ശ്രദ്ധേയമായി. മണ്ണും ചകിരിചോറും ചാണകവും വിത്തും ചേർത്തുണ്ടാക്കുന്നതാണ് സീഡ്-ബോംബ്.കുഴച്ചെടുത്ത മണ്ണിൽ ചകിരിചോറും ചാണകവും വിത്തും ചേർത്ത് ചെറിയ ഉരുളകളായി രൂപപ്പെടുത്തി ഈർപ്പം വലിഞ്ഞതിനു ശേഷം കുട്ടികൾക്ക് വിതരണം ചെയ്യുന്നു .ഇത് കുട്ടികൾ അവരുടെ വീടുകളുടെ പരിസങ്ങളിൽ എറിയും. മഴ പെയ്യുമ്പോൾ ഇത് പൊട്ടി വിത്തുകൾ കിളിർത്ത് നാളെയുടെ തണൽ മരങ്ങൾ പിറക്കും.വൃക്ഷതൈ നല്കുമ്പോഴുള്ള പ്ലാസ്റ്റിക് കവറുകൾ ഒഴിവാക്കാനാണ് സീഡ് -ബോംബെന്ന ആശയവുമായി ഹരിതസേന പ്രവർത്തകർ എത്തുന്നത്.ചക്കക്കുരു, ഞാവൽ, ആഞ്ഞിലി, പുളിങ്കുരു, തണൽ മരങ്ങൾ തുടങ്ങി നിരവധി മരങ്ങളുടെ വിത്തുകൾ ആണ് സീഡ് -ബോംബിൽ നിറച്ചിരിക്കുന്നത്. സീഡ് ബോംബിന്റെ പ്രവർത്തങ്ങൾ നിരീക്ഷിച്ച് സയൻസ് ഡയറിയിൽ രേഖപ്പെടുത്താനായി കുട്ടികൾക്ക് വിത്ത് പേനയും തയ്യാറാക്കി നൽകി. വിതരണോദ്ഘാടനം അടൂർ പ്രകാശ് എം. പി. നിർവഹിച്ചു. വനവത്കരണത്തിനായി ജപ്പാൻ, ചൈന, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ വ്യാപകമായി പ്രചരിച്ച സീഡ് -ബോംബ് എന്ന ആശയം കിളിമാനൂർ ഗവ :എൽ. പി. എ. സിലെ കുരുന്നുകൾ പഠനപ്രവർത്തങ്ങളുടെ ഭാഗമാക്കി മാറ്റിയത് ഏറെ പ്രശംസനീയവും മാതൃകാപരവുമാണെന്ന് ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് അടൂർ പ്രകാശ് എ.പി അഭിപ്രായപ്പെട്ടു. സ്കൂളിലെ അദ്ധ്യപികയായ ഷംന ആണ് സീഡ് -ബോംബ് നിർമ്മാണത്തിന്റെ പരിശീലനം നൽകിയത്.സീഡ് പേന നിർമ്മാണത്തിന് നേതൃത്വം നൽകിയത് ആറ്റിങ്ങൽ ഡയറ്റിലെ അദ്ധ്യപക - വിദ്യാർത്ഥി സംഘങ്ങളും. കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജലക്ഷ്മി അമ്മാൾ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ സ്കൂൾ പ്രധാനാദ്ധ്യപിക ശാന്തകുമാരി അമ്മ. ടി. വി പ്രവർത്തന റിപ്പോർട്ടും, എസ്. എം സി ചെയർമാൻ രതീഷ് പോങ്ങനാട് സ്വാഗതവും, വാർഡ് മെമ്പർ ബീനവേണുഗോപാൽ, അദ്ധ്യപികമാരായ അബിലാഷ് എം.സി ഗീത, സിന്ധു, നിസ, മഞ്ജുഷ, നജീമ, ബിജിലി തുങ്ങിയവർ ആശംസകളും, പി. ടി. എ പ്രസിഡന്റ് രാജീവ് നന്ദിയും പറഞ്ഞു.