1978ന് മുമ്പ് ഒരു സാദാ സമ്പദ്വ്യവസ്ഥ മാത്രമായിരുന്ന ചൈന, ആ വർഷം തൊട്ട് മുതലാളിത്ത വികസനപാത സ്വീകരിക്കുകയും, അതിലൂടെ അതിവേഗം മുന്നേറി ലോകത്തെ രണ്ടാം സാമ്പത്തികശക്തിയായി മാറിയെങ്കിലും, തങ്ങൾ പിന്തുടർന്നു വന്നത് മുതലാളിത്ത വളർച്ചാരീതിയാണെന്ന് തുറന്നുപറയാൻ അവിടത്തെ ഭരണാധികാരികളും, രാഷ്ട്രീയ പാർട്ടിയും തയാറായിട്ടില്ല. അവർക്കതിന്, അവരുടേതായ രാഷ്ട്രീയ കാരണങ്ങളുണ്ടാകാം. ഏതാണ്ട് സമാനമാണ് ഇന്ത്യയുടെ സ്ഥിതിയും.
1991-ൽ മൻമോഹൻസിംഗ് കൊണ്ടുവന്നതും, പിന്നീട് വന്നവർ പിന്തുടരുകയും ചെയ്ത സാമ്പത്തിക വളർച്ചാരീതി, അടിസ്ഥാനപരമായി, മുതലാളിത്തത്തിന്റേതായിരുന്നു. എങ്കിലും, ഇക്കാര്യം തുറന്നു സമ്മതിക്കാൻ ഭരണം നടത്തിയവരോ, ബന്ധപ്പെട്ട രാഷ്ട്രീയ കക്ഷികളോ ധൈര്യം കാട്ടിയില്ല. പൊതുവിൽ, മുതലാളിത്ത പാതയിലൂടെയായിരുന്നു സഞ്ചാരമെങ്കിലും, ഇടയ്ക്കിടയ്ക്ക് സമ്പത്ത് നേടുന്നവർക്കെതിരായ നടപടികളുമായി അധികാരികൾ പ്രത്യക്ഷപ്പെടാറുമുണ്ടായിരുന്നു. പക്ഷേ ഇത്തരം വൈരുദ്ധ്യാത്മക നിലപാടുകൾ ഗുണത്തേക്കാളേറെ ദോഷമാണ് വരുത്തിവച്ചത്. അടുത്തിടെ അനുഭവപ്പെട്ട മാന്ദ്യം, രൂക്ഷമായതിന്റെ കാരണവും മറ്റൊന്നല്ല.
യഥാർത്ഥത്തിൽ, 1991 മുതൽ, മുതലാളിത്ത രീതികളിലൂടെ ഇന്ത്യ നടത്തിയ മുന്നേറ്റങ്ങൾ അത്ര മോശപ്പെട്ട അനുഭവമല്ലായിരുന്നു. ചില ദോഷഫലങ്ങളുണ്ടായെങ്കിലും, വലിയ നേട്ടങ്ങൾക്കും പുത്തൻനയങ്ങൾ കാരണമായി. മുമ്പെങ്ങുമുണ്ടായിട്ടില്ലാത്ത തോതിൽ സാമ്പത്തിക വളർച്ചയുണ്ടായി. സമ്പദ് വ്യവസ്ഥയുടെ വലിപ്പം പത്ത് മടങ്ങോളവും, പ്രതിശീർഷ വരുമാനം ആറു മടങ്ങോളവും ഉയർന്നുപൊങ്ങി. വളർച്ചയുടെ നല്ലൊരു പങ്ക് സമ്പന്നർക്ക് പോയെങ്കിലും, താഴേത്തട്ടിലുള്ളവർക്കും അതിന്റെ ഗുണഫലം കിനിഞ്ഞിറങ്ങി. 1991ന് മുമ്പുള്ള 45 വർഷത്തിനിടയിൽ ദാരിദ്ര്യ ദുഃഖത്തിൽ നിന്ന് രക്ഷിക്കാനായവരേക്കാൾ കൂടുതൽ പേരെ, അതിന് ശേഷമുള്ള 25 വർഷത്തിനുള്ളിൽ, കൊടിയ ഇല്ലായ്മകളിൽ നിന്ന് മോചിപ്പിക്കാനായി. സംഘടിത മേഖലയിൽ തൊഴിലവസരങ്ങൾ വൻതോതിൽ ഉയർന്നില്ലെങ്കിലും, അസംഘടിത രംഗത്ത് ഗണ്യമായി തൊഴിൽ വർദ്ധനയുണ്ടായി. ഏതെങ്കിലുമൊക്കെ പണി ലഭിക്കുന്ന സാഹചര്യമുണ്ടായി. ജനത്തിന്റെ ജീവിതസൗഖ്യം പൊതുവിലുയർന്നു. സ്വകാര്യവത്കരണത്തിൻ കീഴിൽ ചില മേഖലകളിലുണ്ടായത് മാന്ത്രിക മാറ്റങ്ങളായിരുന്നു; ടെലികമ്മ്യൂണിക്കേഷനും, വ്യോമഗതാഗതവും ജനത്തിന് സമ്മാനിച്ച സൗകര്യങ്ങൾ ഉത്തമ ഉദാഹരണങ്ങൾ.
ഇപ്രകാരമുള്ള സദ്ഫലങ്ങൾ ഉയർത്തിക്കാട്ടിക്കൊണ്ട് അധികാരികൾക്കും പാർട്ടിക്കാർക്കും തങ്ങൾ പ്രാവർത്തികമാക്കിയ വളർച്ചാ മാർഗത്തെക്കുറിച്ചുള്ള ഏറ്റുപറച്ചിലിനും ന്യായീകരണത്തിനും മുതിരാമായിരുന്നു. എന്നാൽ, സാധാരണക്കാരുടെ അനിഷ്ടം ഭയന്നാകണം, അവരാരും മുതലാളിത്തമാണ് പാതയെന്ന് പറഞ്ഞില്ല. ഈ ഭയം കൊണ്ടുതന്നെയാകണം മുതലാളിത്ത വളർച്ചാരീതി പിന്തുടരുമ്പോഴും ഇടയ്ക്കിടക്ക്, സമ്പത്ത് ഉണ്ടാക്കുന്നവർക്കെതിരായ നടപടികളുമായി അധികാരികൾ പ്രത്യക്ഷപ്പെടുന്നതും. 2016-ലെ നോട്ടുനിരോധനം സമ്പന്നർക്കെതിരായുള്ള നീക്കമായാണ് അവതരിപ്പിക്കപ്പെട്ടത്. പക്ഷേ ധനികരെ ലക്ഷ്യമാക്കി വച്ച വെടി, യഥാർത്ഥത്തിൽ ചെന്ന് തറച്ചത് വേഗത്തിലോടിക്കൊണ്ടിരുന്ന സമ്പദ് വ്യവസ്ഥയെന്ന വാഹനത്തിന്റെ ടയറിലായിരുന്നു; ശേഷം ചിന്ത്യം.
നിർമ്മലാ സീതാരാമന്റെ കന്നി ബഡ്ജറ്റിലും ഈ ഗണത്തിൽപ്പെട്ട നിർദ്ദേശങ്ങളുണ്ടായിരുന്നു. സാമ്പത്തിക വളർച്ചയുടെ തോത് കാര്യമായി താഴ്ന്ന് വന്ന സാഹചര്യത്തിൽ അവതരിപ്പിച്ച ബഡ്ജറ്റായതുകൊണ്ട്, ഇടിവിന്റെ കാരണങ്ങൾ കണ്ടെത്തി, അതിനുള്ള പരിഹാരക്രിയകൾ ബഡ്ജറ്റിൽ ഉണ്ടാകേണ്ടതായിരുന്നു. താഴ്ന്നിറങ്ങിയ സ്വകാര്യ നിക്ഷേപം, കുറച്ചുനാളായി മുരടിച്ചു കൂടി നിന്നതാണ് സാമ്പത്തിക വളർച്ചയെ പിന്നോട്ടടിച്ച പ്രധാന ഘടകം. സ്വകാര്യ നിക്ഷേപത്തിന്റെ തോത്, അതിന്റെ ഉച്ചസ്ഥായിയിൽ എത്തിയ 2003 - 2008 കാലഘട്ടത്തിലാണ് നമ്മുടെ രാജ്യം, ചരിത്രത്തിലെ ഏറ്റവും ഉയർന്ന സാമ്പത്തിക വളർച്ചാ നിരക്ക് കൈവരിച്ചത്. ആ സമയത്ത് ആഭ്യന്തര ഉത്പാദനത്തിന്റെ 36 ശതമാനം നിക്ഷേപത്തിനായി വിനിയോഗിച്ചിരുന്നപ്പോൾ, അടുത്ത കാലത്തായി അത് 29 ശതമാനത്തിനടുത്ത് കിടന്നു കറങ്ങുകയാണ്.
അതുകൊണ്ടുതന്നെ ഉത്പാദനം ഉയർത്താനും, അതുവഴി സർക്കാരിനും ജനങ്ങൾക്കും ചെലവഴിക്കാൻ കൂടുതൽ കാശ് ലഭിക്കാനും, അതിലൂടെ വളർച്ചയുണ്ടാക്കാനും, ഇടയാക്കുമായിരുന്ന സ്വകാര്യ നിക്ഷേപം ഉയർത്താനുള്ള നടപടികൾ ബഡ്ജറ്റിൽ ഇടം പിടിക്കണമായിരുന്നു. എന്നാൽ, നിക്ഷേപകരെ നിരുത്സാഹപ്പെടുത്തുന്ന നിർദ്ദേശങ്ങളുമായാണ് ബഡ്ജറ്റ് വന്നത് - ഉയർന്ന വരുമാനക്കാരുടെ ആദായനികുതി നിരക്ക് ഉയർത്തി, സ്വദേശ - വിദേശ നിക്ഷേപകർക്ക് ഓഹരിക്കമ്പോളത്തിലുണ്ടാകുന്ന നേട്ടങ്ങൾക്ക് നികുതി ഏർപ്പെടുത്തി; ഇതേ ജനുസിൽപ്പെട്ട മറ്റ് നിർദ്ദേശങ്ങളുമുണ്ടായി. ബഡ്ജറ്റിന് പുറത്തും, നിക്ഷേപകരെ പീഡിപ്പിക്കുന്ന തരത്തിലുള്ള നടപടികളുണ്ടായി. ചരക്ക് - സേവന നികുതിയുമായി ബന്ധപ്പെട്ട കേസുകളിൽ എഫ്.ഐ.ആർ കൂടാതെ തന്നെ അറസ്റ്റിനുള്ള അനുമതി നൽകി. ആദായ നികുതി ഉദ്യോഗസ്ഥർക്ക് കാരണമൊന്നും ബോധിപ്പിക്കാതെ തന്നെ, യഥേഷ്ടം, റെയ്ഡ് നടത്താനുള്ള സ്വാതന്ത്ര്യം നൽകി. ബഡ്ജറ്റിനകത്തും പുറത്തുമുണ്ടായ ഇത്തരം നടപടികൾ നിക്ഷേപകരുടെ മനോവീര്യം ഇടിച്ചുതാഴ്ത്തുകയും, അതുവഴി മാന്ദ്യത്തിന് കാഠിന്യമേറുകയും ചെയ്തു. ചുരുക്കത്തിൽ, മുതലാളിത്ത വളർച്ചാ മാർഗത്തിലൂടെ മുന്നോട്ട് പോകുന്നതിനിടയിൽ, അതിന് വിരുദ്ധമായ നടപടികൾ ഇടയ്ക്കിടയ്ക്ക് കൈക്കൊള്ളുകയും ചെയ്യുന്നത് ഒട്ടും ചേതോഹരമായ അവസ്ഥയല്ല.
ഇതിന് മാറ്റം വരുത്തേണ്ടിയിരിക്കുന്നു. അഭികാമ്യമായുള്ളത്, 'നന്മയിലൂന്നിയുള്ള മുതലാളിത്ത വ്യവസ്ഥയുടെ നടത്തിപ്പുകാരാണ് തങ്ങളെന്ന് തുറന്നുപറയാനും, അതിന് വേണ്ടി യത്നിക്കാനുമുള്ള ആർജ്ജവവുമാണ് ഭരണക്കാരുടെയും ഭാഗത്തുനിന്ന് ഉണ്ടാകേണ്ടത്. 'ഉദാത്തമായ മുതലാളിത്ത ക്രമത്തിൽ ഭരണകൂടം, പ്രജകൾക്കുള്ള സാധാരണ അവകാശങ്ങൾ ഉറപ്പാക്കുന്നതിനോടൊപ്പം, അമേരിക്കയിലെ പ്രസിഡന്റായിരുന്ന റൂസ് വെൽറ്റ് കോറിയിട്ട, രണ്ടാമതൊരു സെറ്റ് അവകാശങ്ങളും സാക്ഷാത്കരിക്കേണ്ടതുണ്ട്. അദ്ദേഹത്തിന്റെ വിഖ്യാതമായ 1944-ലെ പ്രസംഗത്തിലാണ് രണ്ടാംനിര അവകാശങ്ങളെക്കുറിച്ചുള്ള വിവരണമുള്ളത്. തൃപ്തികരമായ ആരോഗ്യപരിപാലനവും, മേന്മയുള്ള വിദ്യാഭ്യാസവും ലഭിക്കാനുള്ള അവകാശമാണ് ആദ്യത്തേത്. വാർദ്ധക്യം, അപകടങ്ങൾ, തൊഴിൽ രാഹിത്യം എന്നീ ഭയപ്പാടുകളിൽ നിന്ന് സംരക്ഷണം ലഭിക്കാനുള്ള അവകാശമാണ് മറ്റൊന്ന്. കുത്തകകളുടെ മേധാവിത്വത്തിൽ നിന്ന് സ്വാതന്ത്ര്യം ലഭിക്കാനുള്ള അവകാശവും പട്ടികയിൽ ഉൾപ്പെടുന്നു. റൂസ്വെൽറ്റ് നിഷ്കർഷിച്ച സംരക്ഷണങ്ങളുടെ കവചം തീർക്കാൻ ഭരണകൂടത്തിനാകുമെങ്കിൽ, മുതലാളിത്തത്തെ ആർക്കാണ് പേടിയെന്ന അവസ്ഥ സംജാതമാക്കാനാകും; അതുവഴി എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ ഉറപ്പാക്കാനുമാകും.