വിതുര: വെള്ളനാട്-ചെറ്റച്ചൽ സ്പെഷ്യൽപാക്കേജ് റോഡിൽ ചാരുപാറ മുതൽ ചായം വരെയുള്ള മേഖലയിൽ അപകടങ്ങൾ പതിവായിട്ടും അധികൃതർ മുഖം തിരിക്കുന്നതായി ആക്ഷേപം. അമിതവേഗവും അശ്രദ്ധയും റോഡിന്റെ വീതിക്കുറവുമാണ് അപകടങ്ങൾ വർദ്ധിക്കാൻ കാരണമായത്. ടിപ്പർ ലോറികൾ മുതൽ ബൈക്കുകൾ വരെ ഇതുവഴി അമിതവേഗതയിലാണ് പായുന്നത്. റോഡരികിലൂടെ സൂക്ഷിച്ചു നടന്നില്ലെങ്കിൽ അപകടം ഉറപ്പാണ്. വിതുര, തൊളിക്കോട്, ആനപ്പെട്ടി, ചായം, ചെറ്റച്ചൽ, നെടുമങ്ങാട്, ആര്യനാട് എന്നിവടങ്ങളിലുള്ള സ്കൂളുകളിലെ നൂറുകണക്കിന് വിദ്യാർത്ഥികൾ ദിനംപ്രതി കടന്നുപോകുന്ന പ്രധാന റോഡുകൂടിയാണിത്. മാത്രമല്ല പാലോട് ഭാഗത്തേക്കും നിരവധി വാഹനങ്ങൾ കടന്നുപോകുന്നുണ്ട്. അടുത്തിടെ ചായം ശ്രീഭദ്രകാളിക്ഷേത്ര ജംഗ്ഷന് സമീപത്തുവച്ച് സ്കൂട്ടർ അപകടത്തിൽ ഒരു വിദ്യാർത്ഥിനി മരിച്ചത്. കൂടാതെ എം.ജി.എം പൊൻമുടി വാലി സ്കൂളിന് സമീപം ഒാട്ടോറിക്ഷ കുഴിയിൽ വീണ് നാലു പേർക്ക് പരുക്കേറ്റിരുന്നു. നിരവധി ബൈക്ക് അപകടങ്ങളും ഇവിടെ നടന്നിട്ടുണ്ട്. എന്നിട്ടും അപകടങ്ങൾ ഒഴിവാക്കാൻ അധികൃതരുടെ ഭാഗത്തുനിന്നും നടപടിയുണ്ടാകുന്നില്ലെന്നാണ് ആക്ഷേപം. വെള്ളനാട്-ചെറ്റച്ചൽ സ്പെഷ്യൽ പാക്കേജ് റോഡിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് അടുത്തിടെ റോഡ് അത്യാധുനിക രീതിയിൽ നവീകരിച്ചിരുന്നു. റോഡിന്റെ നിലവാരം ഉയർന്നതോടെ വാഹനങ്ങൾ ചീറിപ്പായുകയും അപകടം പതിവായി മാറുകയുമാണ്. റോഡിൽ ഹംപുകൾ നിർമ്മിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
ബൈക്കുകളുടെ മരണപ്പാച്ചിലിനിടെ ടിപ്പറുകളും ചീറിപ്പായുകയാണ്. ഇവയുടെ അമിത വേഗതകാരണം മറ്റ് വാഹനങ്ങളും കാൽനടയാത്രക്കാരും ജീവൻ കൈയ്യിൽപ്പിടിച്ചാണ് നടക്കുന്നത്. സ്കൂളുകൾക്ക് മുന്നിൽപോലും ഇവരുടെ വേഗത കുറയാറില്ല. അധികൃതർക്ക് പലതവണ പരാതി നൽകിയിട്ടും യാതോരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.
ഇവിടെ പുറമ്പോക്ക് ഭൂമി കൈയേറുന്നത് വ്യാപകമാണെന്നാണ് പരാതി. അനധികൃത നിർമ്മാണം വരെ നടന്നിട്ടും യാതോരു നടപടിയും സ്വീകരക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. ചെറ്റച്ചൽ -വെള്ളനാട് സ്പെഷ്യൽ പാക്കേജ് റോഡിനായി ചില മേഖലകളിൽ പുറം പോക്ക് ഭൂമി ഇടിച്ചെങ്കിലും ഇനിയും ബാക്കിയുണ്ട്.
അപകടങ്ങൾ സ്ഥിരം നടക്കുന്ന ഈ വളവുകളിൽ വേണ്ടത്ര വീതി ഇല്ലാത്തതിനാൽ അപകടങ്ങൾ പതിവാണ്. റോഡിന് വീതികൂട്ടി അപകട സാദ്ധ്യതകൾ ഒഴിവാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് കാലങ്ങളുടെ പഴക്കമുണ്ട്.