വിതുര:ഒാണവിപണി ലക്ഷ്യമിട്ട് മലയോര - വനമേഖലകൾ കേന്ദ്രീകരിച്ച് വ്യാജവാറ്റ് കൊഴുക്കുന്നു.
ആദിവാസി സമൂഹത്തെ ചൂഷണം നടത്തിയാണ് വനമേഖലകളിൽ നാടൻചാരായ നിർമ്മാണം നടക്കുന്നത്. ആദിവാസി ഉൗരുകളിൽ തമ്പടിച്ച് വ്യാവസായികാടിസ്ഥാനത്തിൽ ചാരായം നിർമ്മിച്ച് പുറത്തേക്ക് കടത്തുകയാണ്.പൊൻമുടി,ബോണക്കാട് മലയടിവാരം വ്യാജവാറ്റുലോബിയുടെ പിടിയിലമർന്നിട്ട് മാസങ്ങളായി.ചാരായം വാറ്റി കന്നാസുകളിലും പ്ലാസ്റ്റിക് കവറുകളിലും നിറച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് കടത്തുകയാണ്.
എക്സൈസും പൊലീസും റെയ്ഡുകൾ നടത്തി ഇടക്കിടെ ചിലരെ പിടികൂടാറുണ്ടെങ്കിലും വ്യാജവാറ്റുകാർ കളത്തിൽ സജീവമാണ്.ചെറുമീനുകളാണ് മിക്കപ്പോഴും റെയ്ഡിൽ പെടുന്നത്.
വമ്പൻ സ്രാവുകൾ കളത്തിൽ ഇപ്പോഴും സജീവമായി വിലസുകയാണ്. മലയോര മേഖലയിൽ അനവധി ബിവറേജസ് ഷോപ്പുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും വാറ്റു ചാരായത്തിന് ഇപ്പോഴും വൻ ഡിമാൻഡാണ്.ഈ ഡിമാൻഡാണ് ഓണവിപണി കൊഴുപ്പിക്കുന്നത്.
നാടൻ ചാരായവുമായി ബൈക്കുകളിൽ അമിത വേഗതയിലാണ് യുവ സംഘങ്ങൾ പായുന്നത്. കുറച്ച് സമയം കൂടുതൽ വരുമാനം ലഭിക്കുന്നതിനാൽ യുവാക്കൾ എളുപ്പത്തിൽ മദ്യമാഫിയയുടെ കെണിയിൽ വീഴും.ബിസിനസ് കൊഴുപ്പിക്കുന്നതിനായി സ്ത്രീകളെ വരെ കളത്തിലിറക്കിയിട്ടുണ്ടെന്നാണ് അരമന രഹസ്യം.
ടൂറിസം മേഖല ലക്ഷ്യം
പൊൻമുടി,ബോണക്കാട്,പേപ്പാറ,കല്ലാർ എന്നീ ടൂറിസം കേന്ദ്രങ്ങളിലും നാടൻ ചാരായം സുലഭമാണ്.ടൂറിസ്റ്റുകൾക്കിടയിൽ വൻ വിലക്കാണ് വിൽപ്പന നടത്തുന്നത്.കല്ലാർ മേഖലയിൽ ബൈക്കിൽ എത്തി നാടൻ ചാരായം വിൽക്കുന്നതിനിടയിൽ ഒരു യുവാവിനെ നേരത്തേ പൊലീസ് പിടികൂടിയിരുന്നു.കഴിഞ്ഞ വർഷവും ഒാണനാളുകളിൽ മലയോരമേഖലയിൽ വൻ തോതിൽ നാടൻ ചാരായം ഒഴുകിയിരുന്നു.
റെയ്ഡുകൾ വ്യാപകം
വ്യാജചാരായനിർമ്മാണവും,വില്പനയും തടയുന്നതിനായി എക്സൈസിന്റെയും,പൊലീസിന്റെയും നേതൃത്വത്തിൽ റെയ്ഡുകൾ ശക്തമാക്കി.ഇതിൻെറ ഭാഗമായി തൊളിക്കോട് പഞ്ചായത്തിൽ റെയ്ഡ് നടത്തി കോടയും,വാറ്റുപകരണങ്ങളും നശിപ്പിച്ചിരുന്നു.റെയ്ഡ് ഇപ്പോഴും തുടരുകയാണ്.
യുവാക്കൾ കെണിയിൽ
നാടൻചാരായം വാങ്ങാൻ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും അനവധി പേർ വിതുര,തൊളിക്കോട്,ആര്യനാട്,പെരിങ്ങമ്മല പഞ്ചായത്തുകളിൽ എത്താറുണ്ട്. നാടൻ ചാരായം കൂടിയ വിലയ്ക്കാണ് വിറ്റഴിക്കുന്നത്.വാറ്റുചാരായം വിൽക്കുന്നതിനായി അനവധി യുവസംഘങ്ങളെ നിയമിച്ചിട്ടുണ്ട്.ബൈക്കുകളിൽ എത്തിയാണ് പ്രധാന കേന്ദ്രങ്ങളിൽ വില്പന നടത്തുന്നത്.
വിതുര,തൊളിക്കോട്,പെരിങ്ങമ്മല,മേഖലകളിൽ വർദ്ധിച്ചുവരുന്ന വ്യാജവാറ്റിനും,വില്പനയ്ക്കും തടയിടണം.റെയ്ഡുകൾ നടക്കുന്നുണ്ടെങ്കിലും ഒന്നും പര്യാപ്തമല്ല.
മദ്യവിരുദ്ധസമിതി,വിതുര യൂണിറ്റ് ഭാരവാഹികൾ.
ഇവിടെ വ്യാജവാറ്റ് തകൃതി
വിതുര
തൊളിക്കോട്
ആര്യനാട്
പെരിങ്ങമ്മല