നെയ്യാറ്റിൻകര : ചിങ്ങം പിറന്നതോടെ നെയ്യാറ്റിൻകര ഓണക്കച്ചവടത്തിന് സജീവമായി. പ്രളയക്കെടുതിയിൽ കഴിഞ്ഞവർഷത്തെ ഓണം കൊഴിപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് ഇവിടുത്തുകാർ. ഓണസദ്യയ്ക്ക് വിളമ്പാനുള്ള പച്ചക്കറികളും അത്തമിടാനുള്ള പൂക്കളും മാർക്കറ്റിൽ റെഡിയായിക്കഴിഞ്ഞു. ഓണത്തിന് മുന്നോടിയായുള്ള തിരക്ക് മാത്രമാണ് ഇനി ബാക്കി. എന്നാൽ അല്പമെങ്കിലും വെല്ലുവിളിയാകുന്നത് വിട്ടുവിട്ടുപെയ്യുന്ന മഴയാണ്. ഇത്തവണയും മഴ ചതിക്കുമെന്ന പേടിയിലാണ് വ്യാപാരികൾ. കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനത്തിൽ ആശങ്കയിലാണ് എല്ലാവരും. എന്നാൽ ഓണച്ചന്ത പൊടിപൊടിക്കാനൊരുങ്ങുകയാണ് വ്യാപാരികൾ. ഓണ വിപണി ലക്ഷ്യമിട്ട് സാധനങ്ങൾ ഇറക്കി കാത്തിരിക്കുന്ന വ്യാപാരികളാണ് ആശങ്കയുമായി കാത്തിരിക്കുന്നത്. വസ്ത്ര-വാഹന വ്യാപാര സ്ഥപനങ്ങളും മൊബൈൽ ഷോപ്പും വീട്ടുപകരണങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളുമൊക്കെ മെഗാഓഫറുമായാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.

എന്നാൽ തിരക്കേറിയ ജീവിതത്തിൽ ഇപ്പോൾ ഓണസദ്യയും ഓഫറിൽ കിട്ടും. അതിന് റെഡിയായി നിൽക്കുകയാണ് സ്വിഗ്ഗിയും യൂബറീറ്റും എല്ലാം. മൊബൈൽവഴി ഓഡർ ചെയ്താൽ ഓഫറുകളോടെ ഓണസദ്യ നാം പറയുന്ന സ്ഥലത്ത് എത്തിക്കുമെന്നതിനാൽ ഇപ്പോൾ ഇവരാണ് താരം.

ചിങ്ങമാസത്തിലെ കല്യാണം,​ ക്ഷേത്രച്ചടങ്ങുകൾ ഒപ്പം ഓണവും വന്നതോടെ പൂവിന് ആവശ്യക്കാർ ഏറെയാണ്. ഇപ്പോൾ പൂവിന് വിലയും കൂടുതലാണ്. എന്നാൽ ആവശ്യത്തിനുള്ള ഉത്പാദനം കുറവാണ്. അതിർത്ഥി സംസ്ഥാനങ്ങളിലെ പ്രളയവും പൂക്കളുടെ ഉത്പാദനത്തെ ഗണ്യമായി ബാധിച്ചതാണ് നിലവിലെ ക്ഷാമത്തിന് കാരണം.

വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിൽ അടുത്തിടെ സുപ്രീം കോടതി നിയന്ത്രണം കൊണ്ടു വന്നതോടെ വഴിവാണിഭക്കാരുടെ റോഡരുകിലെ സാന്നിദ്ധ്യം ഒണമെത്തിയതോടെ വർദ്ധിച്ചു. ഗുണമേന്മ കുറവാണെങ്കിലും കുറഞ്ഞ വിലക്ക് ഓണ വസ്ത്രങ്ങൾ വഴിയോരത്തു നിന്നും വില 'പേശി' വാങ്ങാം. കുട്ടികളുടെ വസ്ത്രങ്ങൾക്കും റെഡിമെയ്ഡ് വസ്ത്രങ്ങൾക്കുമാണ് ഇവിടെ കൂടുതൽ

വിറ്റഴിഞ്ഞു പോകുന്നത്.

ഓണത്തിന് ഏറെ ആവശ്യം പച്ചക്കറിക്കിറ്റിനാണ്. എല്ലാ പച്ചക്കറികളും കിട്ടും എന്നതിനാൽ ഇതിന് ആവശ്യക്കാർ ഏറെയാണ്. 100 രൂപ മുതൽ. ആരംഭിക്കുന്ന ഈ കിറ്റുകൾക്ക് ആവശ്യം അനുസരിച്ച് വിലയിൽ വ്യത്യാസപ്പെടും. ഓണത്തിന് ഏറെയും വിറ്റുപോകുന്നത് ഈ പച്ചക്കറിക്കിറ്റുകളാണ്.

കഴിഞ്ഞവർഷം പ്രളയം തകളർത്തിയ മനസുമായി ഇത്തവണ ഓണം ആഘോഷിക്കാനൊരുങ്ങുകയാണ് പ്രദേശത്തെ ചെറുകിട കർഷകർ. എന്നാൽ ഇപ്പോഴത്തെ മഴയിൽ കൃഷിനാശം ഉണ്ടായെങ്കിലും ആവശേഷിച്ചവയ്ക്ക് വിലകിട്ടുമെന്ന പ്രതീക്ഷയിലാണ് ഓരോ കർഷകരും. തങ്ങളുടെ തോട്ടത്തിൽ പാകമായ പാവലും പടവലവും പയറും എല്ലാം ഓണച്ചന്തയിൽ എത്തിക്കുള്ള തിരക്കിലാണ് ഇവർ.