തിരുവനന്തപുരം: ''അമ്മയെ പയ്യെ ആട്ടിവിട്ടാൽ മതി'',- ആദിവാസി സംഘത്തിലുണ്ടായിരുന്ന അരുവിക്കാണി ഇങ്ങനെ പറഞ്ഞപ്പോൾ ''സാരമില്ല,​ പിടിവിട്ടോളൂ'' എന്നായിരുന്നു പൂയം തിരുനാൾ ഗൗരി പാർവതി ഭായിയുടെ മറുപടി. പിന്നാലെ,​ 'മാവേലി നാടുവാണീടും കാലം' എന്ന പാട്ടുപാടി അശ്വതി തിരുനാൾ ഗൗരി ലക്ഷ്‌മിഭായിയും ഊഞ്ഞാലിലിരുന്നു. ആസ്വദിച്ചാടിയ ശേഷം ഊഞ്ഞാലിൽ നിന്നിറങ്ങി ആദിവാസികളുടെ മുന്നിൽ ഇരുവരും കൈകൂപ്പി സന്തോഷമറിയിച്ചു. കോട്ടൂർ കാണി സെറ്റിൽമെന്റിൽ നിന്നുള്ള കാണിക്കാർ ഓണക്കാഴ്ച സമർപ്പിക്കാനെത്തിയപ്പോഴാണ് തമ്പുരാട്ടിമാർ ഊഞ്ഞാലാടാൻ മുതിർന്നത്. കാണിക്കാർ 30 വർഷമായി തുടരുന്ന ആചാരമാണിത്. ഇന്നലെ രാവിലെ 11.10 ഓടെയാണ് പാറ്റാംപറ,​ ചോനാംപാറ,​ കമലകം,​ പ്ളാവിള,​ ചെറുമാങ്കൽ,​ ആമോട്,​ മുക്കോത്തിവയൽ,​ ആമല പട്ടാണിപ്പാറ,​ അണകാൽ,​ പൊത്തോട് എന്നിവിടങ്ങളിൽ നിന്നുള്ള അറുപതംഗ സംഘം കവടിയാർ കൊട്ടാരത്തിലെത്തിയത്. ശ്രീചിത്തിര തിരുനാളിന്റെ അന്ത്യവിശ്രമസ്ഥലമായ പഞ്ചവടിയിൽ പുഷ്പാർച്ചന നടത്തിയ ശേഷം ഓണക്കാഴ്ചകളുമായി കൊട്ടാരത്തിലെത്തി. നിരവധി കാട്ടുവിഭവങ്ങൾ കാഴ്‌ചവസ്തുക്കളുടെ കൂട്ടത്തിലുണ്ടായിരുന്നു. 11.30 ആയപ്പോഴേക്കും തമ്പുരാട്ടിമാർ സ്വീകരണമുറിയിലെത്തി. ആദിവാസിസംഘത്തിലെ ഏറ്റവും തലമുതിർന്നയാളായ 90 വയസുള്ള മല്ലൻകാണിയും ഭാര്യ നീലമ്മയും തമ്പുരാട്ടിമാരുടെ കാൽതൊട്ടു വണങ്ങി. ഇതൊന്നും പാടില്ലെന്നും അനുഗ്രഹം മാത്രം മതിയെന്നും പറഞ്ഞ് അവർ മൂപ്പനെ പിന്തിരിപ്പിച്ചു. മുമ്പൊരിക്കൽ കോട്ടൂരിൽ പോയതിന്റെ ഓർമ്മകളും പൂയം തിരുനാൾ പങ്കുവച്ചു. മഴ ബുദ്ധിമുട്ടുണ്ടാക്കിയോ എന്ന ചോദ്യത്തിന് മലദൈവങ്ങൾ സഹായിച്ച് വിഷമങ്ങളൊന്നും തന്നെ ഉണ്ടായില്ലെന്ന് ആദിവാസികൾ മറുപടി നൽകി. തുടർന്ന് ആദിവാസികൾ തങ്ങളുടെ ആശങ്കകളുടെ കെട്ടഴിച്ചു. ഭൂമിദേവിയെ ചവിട്ടി മെതിക്കുകയാണെന്നു കാറ്റും മഴയും കൊടുങ്കാറ്റും അതിന്റെ ഫലമാണെന്നും അവർ പറഞ്ഞു. കഴിക്കുന്ന ഭക്ഷണം പോലും വിഷമയമായിരിക്കുന്നു. അതിനാൽ കാട്ടുമരുന്നുകളൊന്നും ഫലിക്കുന്നില്ലെന്നും ഇംഗ്ളീഷ് മരുന്നുകളെ ആശ്രയിക്കേണ്ടി വരുന്നതായും അവർ പരിതപിച്ചു. ​എല്ലാത്തിനും കാരണം മനുഷ്യന്റെ അത്യാർത്തിയാണെന്നാണ് തമ്പുരാട്ടിമാർ പ്രതികരിച്ചത്. തങ്ങളുടെ പരമ്പരാഗത പാട്ടും പാടിയ ശേഷമാണ് ആദിവാസികൾ മടങ്ങിയത്. മടങ്ങാൻ നേരം കൊട്ടാരം ദക്ഷിണയും പുതുവസ്ത്രങ്ങളും നൽകി.

എല്ലാത്തിനും കാരണം മനുഷ്യന്റെ ദുഷ്ചെയ്തികൾ


മനുഷ്യന്റെ ദുഷ്‌ചെയ്തികളുടെ ഫലമാണ് വെള്ളപ്പൊക്കമായും മറ്റും ഇപ്പോൾ അനുഭവിക്കുന്നതെന്ന് മാതക്കാണി പറഞ്ഞു. ശബരിമലയിൽ യുവതികളെ കയറ്റരുതെന്ന് തൊഴുത് പറഞ്ഞിട്ടും ആ കൈ തട്ടി മാറ്റിയാണ് അവർ കയറിയത്. അതിന്റെ ഫലമാണ് ഇപ്പോൾ അനുഭവിക്കുന്നത് - നിറകണ്ണുകളോടെ മാതക്കാണി ഇതുപറയുമ്പോൾ തമ്പുരാട്ടിമാരുടെയും അവിട്ടം തിരുനാൾ ആദിത്യവർമ്മയുടെയും മുഖത്ത് നിരാശ പടർന്നു. ശബരിമല വിഷയത്തിൽ ആദിവാസികളുടെ നിലപാടിനോട് തമ്പുരാട്ടിമാർ തലകുലുക്കി യോജിച്ചു. തങ്ങളുടെ കൃഷിസ്ഥലങ്ങൾ പലരും കവർന്നെന്നും കോടതിയിലൂടെ തിരിച്ചുവാങ്ങിത്തരണമെന്നും ആദിവാസികൾ പറഞ്ഞപ്പോൾ കോടതി വിധികൾ ചില സാഹചര്യത്തിലേ നടക്കൂവെന്ന പരോക്ഷ മറുപടിയാണ് തമ്പുരാട്ടിമാരിൽ നിന്നുണ്ടായത്.