dog

തിരുവനന്തപുരം: ജർമ്മൻ ഷെപ്പേർഡ് മുതൽ പോമറേനിയൻ വരെ,​ ആൽപ്സ് പർവതപ്രദേശങ്ങളിൽ കാണുന്നതും മലയിടിച്ചിൽ പോലുള്ള ദുരന്തങ്ങളിൽ രക്ഷകരുമാകുന്ന സെന്റ് ബർണാഡ് നായ്ക്കൾ,​ പൊലീസ് ഡിപ്പാർട്ട്മെന്റിലെ ശ്വാന വീരൻമാർ എന്നിങ്ങനെ വിദേശികളും സ്വദേശികളുമായ നായ്ക്കളാണ് ഇന്നലെ തൈക്കാട് പൊലീസ് ഗ്രൗണ്ടിൽ കെന്നൽക്ലബിന്റെ ഡോഗ്ഷോയിൽ അണിനിരന്നത്. പൊലീസ് ഡോഗ് സ്ക്വാഡിലെ 6 നായ്ക്കളുടെ വിവിധ അഭ്യാസ പ്രകടനങ്ങളായിരുന്നു മേളയുടെ മുഖ്യആകർഷണം. വാഹനത്തിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുന്ന കള്ളനെ മണംപിടിച്ച് തിരിച്ചറിഞ്ഞ് വാഹനം തടഞ്ഞ് പിടികൂടുന്നതും തീയിലൂടെ ചാടുന്നതുമടക്കം നായപ്രേമികളല്ലാത്തവരെയും ആവേശം കൊള്ളിക്കുന്ന പ്രകടനമാണ് അവ കാഴ്ചവച്ചത്. ട്രിവാൻഡ്രം കെന്നൽക്ലബ് സംഘടിപ്പിച്ച ഡോഗ് ഷോ ഡി.ജി.പി ലോക്‌നാഥ് ബെഹ്റ ഉദ്ഘാടനം ചെയ്തു. രാവിലെ 10 മുതൽ വൈകിട്ട് 6 വരെ നടന്ന മേളയിൽ 40ഓളം ഇനങ്ങളിൽ നിന്നായി 250 നായ്ക്കൾ പങ്കെടുത്തു. സംസ്ഥാനത്തിന്റെ മിക്ക ജില്ലകളിൽ നിന്നും ഗുജറാത്ത്,​ ജാർഖണ്ഡ്,​ ഈറോഡ്,​ ഊട്ടി,​ ഡൽഹി,​ ബാംഗ്ലൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും നായ്ക്കളെത്തിയിരുന്നു. പത്ത് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. ഇന്തോനേഷ്യയിൽ നിന്നുള്ള ഡേവിഡ്,​ ഡൽഹിയിൽ നിന്നെത്തിയ അഞ്ജലി വെയ്ഡ് എന്നിവരായിരുന്നു മത്സരങ്ങളുടെ വിധികർത്താക്കൾ. മേളയിൽ നിന്ന് ലഭിക്കുന്ന തുകയുടെ ഒരുഭാഗം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും തെരുവ് നായ്ക്കളുടെ പുനരധിവാസത്തിനുമായി ചെലവഴിക്കാനാണ് സംഘാടകരുടെ തീരുമാനം. ട്രിവാൻ‌ഡ്രം കെന്നൽ ക്ലബ് സംഘടിപ്പിക്കുന്ന 38-ാമത് ഷോയാണ് ഇന്നലെ നടന്നത്. നിരവധി കാഴ്ചക്കാരും മേളയ്ക്കെത്തി. 50 രൂപയായിരുന്നു പ്രവേശനഫീസ്.