വെഞ്ഞാറമൂട്: വ്യാജരേഖ ചമച്ച് ലൈസൻസ് നേടിയ സംഭവത്തെ തുടർന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഷാജി ബോൺസിലെ നെല്ലനാട് ഗ്രാമപഞ്ചായത്ത് സന്ദർശിച്ചു. ജീവനക്കാരെ ചോദ്യം ചെയ്തു. ഫയലുകൾ പരിശോധിച്ചു.പ്രാഥമിക പരിശോധനയിൽ തന്നെ സീലുകളും, ഒപ്പും വ്യാജമെന്ന് ബോധ്യപ്പെട്ടതായാണ് സൂചന. ലൈസൻസിനായി നൽകിയ അപേക്ഷ ഫോമും വ്യാജമെന്ന് കണ്ടെത്തിയിട്ടുണ്ട്. നെല്ലനാട് ഗ്രാമപഞ്ചായത്ത് പരിധിയിൽ പ്രവർത്തിച്ചു വരുന്ന ഒരു ഗ്യാസ് ഏജൻസിയുടെ ഓഫീസിനും, ഗോഡൗണിനും വേണ്ടിയാണ് വ്യാജരേഖ ചമച്ച് ലൈസൻസ് പുതുക്കിവാങ്ങിയത്.പ്രശ്നം രണ്ടു ദിവസം മുൻപാണ് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്.ഗോഡൗൺ സംബന്ധിച്ച് ഒരു പരാതിക്കാരൻ പഞ്ചായത്തിന് നൽകിയ അപേക്ഷയിൽ ലൈസൻസി വ്യാജമെന്ന് ചൂണ്ടിക്കാണിച്ചിരുന്നു.എന്നാൽ പഞ്ചായത്തിൽ നിന്നും അങ്ങനെ ഒരു ലൈസൻസ് നൽകിയിട്ടില്ലന്ന നിലപാടിൽ അധികൃതർ ഉറച്ചു നിന്നു. തുടർന്ന് പരാതിക്കാരൻ ബന്ധപ്പെട്ട ഓയിൽ കോർപ്പറേഷനിൽ ഗോഡൗൺ സംബന്ധിച്ചുള്ള വിവരാവകാശ രേഖകൾ ആവശ്യപ്പെട്ട് അപേക്ഷ നൽകി. അവിടെ നിന്നും ലഭിച്ച പഞ്ചായത്ത് ലൈസൻസിന്റെ പകർപ്പ് പഞ്ചായത്ത് ഓഫീസിൽ ഹാജരാക്കിയപ്പോഴാണ് വ്യാജമാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞത്. വിശദമായ പരിശോധനയിൽ മുൻ സെക്രട്ടറി ചന്ദ്രബാബുവിന്റെ പേരിലുള്ള ഒപ്പും സീലും വ്യാജമാണെന്ന് കണ്ടെത്തി. സെക്രട്ടറിയുടെ ഇനീഷ്യലിലും അപേക്ഷയുടെ നമ്പരിലും പിശകുണ്ടെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് സുജിത് എസ്.കുറുപ്പ് പഞ്ചായത്ത് ഡയറക്ടർക്കും പൊലീസിനും പരാതി നൽകിയിരുന്നു. പൊലീസ് ഏജൻസി ഉടമയ്ക്കെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. ഇതിന്റ പശ്ചാത്തലത്തിലാണ് അന്വേഷണവുമായി ഡെപ്യൂട്ടി ഡയറക്ടർ പഞ്ചായത്തിൽ എത്തിയത്‌. ഇത് കൂടാതെ മുമ്പ് നൽകിയിട്ടുള്ള പെർമിറ്റ്, ലൈസൻസ്, സർട്ടിഫിക്കേറ്റുകൾ എന്നിവയിൽ സംശയാസ്പദമായവ പുന പരിശോധിക്കുന്നതിനും അദ്ദേഹം നിർദ്ദേശം നൽകിയതായാണ് സൂചന.