japthy

പാറശാല: വായ്പാ തിരിച്ചടവ് മുടങ്ങിയതോടെ ബാങ്ക് അധികൃതർ വീട് ജപ്തി ചെയ്തതിനെതിരെ വീടിന്റെ രണ്ടാം നിലയിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ വിധവയായ വീട്ടമ്മയെ എം. എൽ.എയും മറ്റും ഇടപെട്ട് പിന്തിരിപ്പിച്ചു. കാരോട് ഗ്രാമപഞ്ചായത്തിലെ അയിര പിറയൻ കോട്ടുവിള ആർ.എസ് ഭവനിൽ പരേതനായ സി. രാജൻ വൈദ്യരുടെ ഭാര്യ സെൽവി (50) ആണ് ആത്മഹത്യാഭീഷണി മുഴക്കിയത്.

ജപ്‌തി ചെയ്ത വീടിനു പുറത്തെ സ്റ്റെയർകേസ് വഴിയാണ് ഇവർ രണ്ടാം നിലയിൽ എത്തിയത്. വായ്പ തുക അടയ്ക്കാൻ ഇനി തനിക്ക് കഴിയില്ലെന്നും വീട്ടിൽ താമസിക്കാൻ അനുവദിച്ചില്ലെങ്കിൽ ചാടി ആത്മഹത്യ ചെയ്യുമെന്നുമായിരുന്നു സെൽവിയുടെ നിലപാട്. വിവരമറിഞ്ഞ് എത്തിയ പൊഴിയൂർ പൊലീസും പാറശാല ഫയർ ഫോഴ്‌സും സെൽവിയെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഇവർ സ്ഥലത്ത് കാത്തു നിന്നു. വിവരമറിഞ്ഞ് കെ. ആൻസലൻ എം.എൽ.എ, വി.എസ്.ഡി.പി നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരൻ, നെയ്യാറ്റിൻകര തഹസീൽദാർ മോഹൻകുമാർ, കാരോട് പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ ഉദയൻ എന്നിവരും സ്ഥലത്തെത്തി. എം.എൽ.എയുടെ നേതൃത്വത്തിൽ സെൽവിയെ താഴേക്ക് വിളിച്ചിറക്കുകയായിരുന്നു. അധികൃതരുമായി ചർച്ച ചെയ്ത് പ്രശ്നങ്ങൾ പരിഹരിക്കാമെന്ന ഉറപ്പിൽ സെൽവി കൃത്യത്തിൽ നിന്ന് പിന്തിരിഞ്ഞു. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ വീടിന്റെ പിൻവാതിലിന്റെ പൂട്ട് തകർത്ത് സെൽവിയെ വീട്ടിൽ പ്രവേശിക്കുകയായിരുന്നു. എം.എൽ.എയുടെ നേതൃത്വത്തിൽ ചർച്ചയ്ക്കായി ബാങ്ക് അധികൃതരെ ബന്ധപ്പെട്ടെങ്കിലും അവർ പ്രതികരിച്ചില്ല.

2014 ലാണ് സെൽവിയുടെ ഭർത്താവ് വിജയ ബാങ്കിന്റെ വെള്ളറട ശാഖയിൽ നിന്ന് അഞ്ച് ലക്ഷം രൂപ വായ്പ എടുത്തത്. ഭർത്താവിന്റെ മരണ ശേഷം സെൽവി ആറര ലക്ഷം രൂപ അടച്ചിട്ടുണ്ട്. കുടിശികയുള്ള നാല് ലക്ഷം കൂടി അടയ്ക്കാത്തതിനാണ് ജപ്‌തി. ഭർത്താവ് മരിച്ചതോടെ സെൽവിയും മകൾ ആനിയും മകൻ ആൽബിനുമാണ് വീട്ടിൽ താമസിച്ചിരുന്നത്. മകൾക്ക് രണ്ട് മാസം മുൻപ് കൊച്ചിയിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ലഭിച്ചു. ജപ്തിയെ തുടർന്ന് മകൻ ആറയൂരിലെ ഒരു ബന്ധു വീട്ടിലേക്കും പോയി. ഒറ്റയ്ക്കായ സെൽവിയെ കഴിഞ്ഞ ദിവസം പൊലീസ് കുടുംബവീട്ടിൽ എത്തിച്ചിരുന്നു.

ലോൺ അനുവദിക്കുമ്പോൾ തന്നെ ഭർത്താവിന്റെ പേരിൽ പന്ത്രണ്ടര ലക്ഷം രൂപയുടെ ഇൻഷ്വറൻസ് ഉറപ്പാക്കിയിരുന്നതായും ഈ തുകയ്ക്കായി നടപടികൾ സ്വീകരിക്കാതെയാണ് ബാങ്ക് ജപ്തി നടപടികൾ സ്വീകരിച്ചതെന്നും ആരോപണമുണ്ട്.